വീല്‍ചെയര്‍ കിട്ടിയില്ല; മുംബൈ വിമാനത്താവളത്തില്‍ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു
വീല്‍ചെയര്‍ കിട്ടാത്തതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വയോധികനും ഭാര്യയും വീല്‍ചെയറിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഭാര്യക്ക് മാത്രമാണ് വീല്‍ ചെയര്‍ അനുവദിച്ചുകിട്ടിയത്. തുടര്‍ന്ന് വിമാനമിറങ്ങി എമിഗ്രേഷന്‍ കൗണ്ടര്‍ വരെ ഒന്നര കിലോമീറ്റര്‍ ഇദ്ദേഹത്തിന് നടക്കേണ്ടിവന്നു. പ്രായമായ ഭാര്യ വീല്‍ചെയറില്‍ ഇരിക്കുകയും വയോധികന് നടക്കേണ്ടിവരികയും ചെയ്തു. കൗണ്ടര്‍ വരെ നടന്നെത്തിയ ഇയാള്‍ കൗണ്ടര്‍ എത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു.
വീല്‍ചെയറുകള്‍ക്ക് വിമാനത്താവളത്തില്‍ ക്ഷാമമുണ്ടായിരുന്നെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ വിശദീകരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള വിമാനം എത്തുന്ന സമയം ആവശ്യത്തിന് വീല്‍ചെയറുകള്‍ ഉണ്ടായിരുന്നില്ലെന്നും യാത്രക്കാരോട് അല്‍പസമയം കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 80കാരനായ യാത്രക്കാരന്‍ അതിന് തയ്യാറാകാതെ ഭാര്യക്കൊപ്പം കൗണ്ടര്‍ വരെ നടക്കുകയായിരുന്നുന്നെന്നും എയര്‍ ഇന്ത്യ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കുഴഞ്ഞുവീണ ഉടനെ വയോധികന് എയര്‍പോര്‍ട്ട് ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. എഐ 116 എന്ന ന്യൂയോര്‍ക്ക്-മുംബൈ എയര്‍ ഇന്ത്യ വിമാനത്തിലാണ് ദാരുണമായ സംഭവം. യുഎസില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനാണ് മരണപ്പെട്ടയാള്‍.
വിമാനത്തില്‍ ആകെ 32 വീല്‍ചെയര്‍ രോഗികളുണ്ടായിരുന്നു. എന്നാല്‍ 15 വീല്‍ചെയറുകള്‍ മാത്രമാണ് സെക്യൂരിറ്റികൾക്കൊപ്പം പുറത്തുണ്ടായിരുന്നത്. ദമ്പതികള്‍ ശാരീരികമായ അസ്വസ്ഥതകളുള്ളവരും പ്രായമായ രോഗികളുമാണെങ്കില്‍ പലപ്പോഴും ഒരുമിച്ച് തന്നെ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരാള്‍ക്ക് വീല്‍ചെയര്‍ നല്‍കി മറ്റേയാളെ തനിച്ച് വിടുകയെന്നത് അസാധ്യമാണ്. അവര്‍ അതിന് സമ്മതിക്കാറില്ലെന്നും കാത്തിരിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഇത്തരമൊരു ദാരുണ സംഭവം നടന്നതെന്നുമാണ് എയര്‍പോര്‍ട്ട് സ്റ്റാഫിന്റെ പ്രതികരണം. രാവിലെ 11 30ന് മുംബൈയില്‍ ലാന്റ് ചെയ്യേണ്ട വിമാനം വൈകിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 2. 10നാണ് മുംബൈയിലെത്തിയത്.
ഈ ഫെബ്രുവരി ആദ്യവാരം വീല്‍ചെയര്‍ സംബന്ധിച്ച് മറ്റൊരു പ്രശ്‌നം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീല്‍ചെയറില്‍ ഇരുന്ന യുവതിയോട് എയര്‍പോര്‍ട്ട് ജീവനക്കാരന്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സെക്യൂരിറ്റി ക്ലിയറന്‍സിനിടെയായിരുന്നു സംഭവം. ജന്മനാ കാലുകള്‍ക്ക് ചലന ശേഷിയില്ലാത്ത യുവതി തന്റെ ദുരനുഭവം എക്‌സില്‍ കുറിക്കുകയും ചെയ്തിരുന്നു.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here