മുഹമ്മദ് ഷമിക്ക് പരിക്ക്; ഐപിഎല്ലിൽ കളിക്കില്ല, ശസ്ത്രക്രിയയ്ക്കായി യുകെയിലേക്ക്

ഇന്ത്യയുടെ സ്റ്റാർ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് പരിക്ക്. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിൽ താരം കളിക്കില്ല. നവംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ലോകകപ്പിനിടെ തന്നെ ഷമിക്ക് പരിക്കേറ്റിരുന്നു. കണങ്കാലിന് പരിക്കേറ്റാണ് അദ്ദേഹം ലോകകപ്പിൽ കളിച്ചത്.
ഇടത് കണങ്കാലിൽ പരിക്കേറ്റ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ശസ്ത്രക്രിയയ്ക്കായി ഷമി യുകെയിലേക്ക് തിരിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. “ജനുവരി അവസാന വാരത്തിലാണ് ഷമി ലണ്ടനിലേക്ക് പോയത്. അവിടെ വെച്ച് ഷമി കണങ്കാലിന് പ്രത്യേക ഇഞ്ചക്ഷൻ എടുത്തു. മൂന്നാഴ്ച കഴിഞ്ഞാൽ ഓടാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ആ കുത്തിവയ്പ്പ് ശരിയായി പ്രവർത്തിച്ചില്ല. അതിനാൽ ശസ്ത്രക്രിയയല്ലാതെ മറ്റ് മാർഗമില്ല. ഷമി ഉടൻ ലണ്ടനിലേക്ക് പോകും. അതുകൊണ്ട് അദ്ദേഹം ഇത്തവണ ഐപിഎല്ലിൽ കളിക്കില്ല”-ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്ക് പറ്റിയ ഉടൻ തന്നെ ഷമിക്ക് ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ താരത്തിൻ്റെ അഭാവം 2022ലെ ചാമ്പ്യൻമാരും 2023ലെ റണ്ണേഴ്‌സ് അപ്പുമായ ഗുജറാത്ത് ടൈറ്റൻസിന് വലിയ തിരിച്ചടിയാണ്. ഹാർദിക് പാണ്ഡ്യ ഗുജറാത്ത് വിട്ട് മുംബൈ ഇന്ത്യൻസിലേക്ക് പോയതോടെ വലിയ പ്രതിസന്ധിയാണ് ടീം നേരിടുന്നത്. ഇതിന് പിന്നാലെയാണ് ഷമിയുടെ പരിക്ക്. ഇന്ത്യക്കായി ടെസ്റ്റിൽ 229 ഉം ഏകദിനത്തിൽ 195 ഉം ടി20യിൽ 24 ഉം വിക്കറ്റുകൾ ഷമി നേടിയിട്ടുണ്ട്.
Story Highlights: Senior pacer Mohammed Shami ruled out of IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here