Advertisement

പേഴ്സിൽ നിന്ന് 35 രൂപ മോഷ്ടിച്ചെന്ന് സംശയം; സ്കൂൾ വിദ്യാർത്ഥികളെ ക്ഷേത്രത്തിലെത്തിച്ച് സത്യം ചെയ്യിപ്പിച്ച് അധ്യാപിക

February 24, 2024
2 minutes Read
Bihar teacher takes students to temple to swear as her Rs 35 goes missing

മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥികളെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് മോഷ്ടിച്ചിട്ടില്ലെന്ന് സത്യം ചെയ്യിപ്പിച്ച് വനിതാ അധ്യാപിക. ബിഹാർ ബങ്ക ജില്ലയിലുള്ള ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. അധ്യാപികയുടെ പേഴ്സിൽ നിന്ന് 35 രൂപ കാണാതായിരുന്നു. കുട്ടികളിൽ ഒരാളാണ് പൈസ മോഷ്ടിച്ചതെന്നായിരുന്നു അധ്യാപികയുടെ ആരോപണം. ഇതേ തുടർന്നാണ് അധ്യാപികയുടെ നടപടി.

രാജൗൺ ബ്ലോക്കിലെ അസ്മാനിച്ചക് ഗ്രാമത്തിലുള്ള സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. ക്ലാസെടുക്കുന്നതിനിടെ തന്റെ ബാഗിൽ നിന്നും വെള്ളക്കുപ്പി എടുത്തു കൊണ്ടുവരാൻ ഒരു വിദ്യാർത്ഥിയോട് ടീച്ചർ നീതു കുമാരി ആവശ്യപ്പെട്ടു. ടീച്ചറുടെ നിർദ്ദേശാനുസരണം വിദ്യാർത്ഥി വെള്ളക്കുപ്പി എടുത്ത് നൽകി. ക്ലാസ് കഴിഞ്ഞ് പേഴ്സ് പരിശോധിച്ച നീതു 35 രൂപ കാണാനില്ലെന്ന് മനസിലാക്കി.

വെള്ളക്കുപ്പിയെടുക്കാൻ വിട്ട കുട്ടിയോട് ചോദിച്ചപ്പോൾ പൈസ എടുത്തിട്ടില്ലെന്നായിരുന്നു മറുപടി. മറ്റ് കുട്ടികളും ഇതുതന്നെ ആവർത്തിച്ചു. എന്നാൽ കുട്ടികളിൽ ഒരാൾ തന്നെയാണ് മോഷണം നടത്തിയതെന്നായിരുന്നു അധ്യാപികയുടെ ആരോപണം. തുടർന്ന് സത്യം കണ്ടെത്താൻ, സ്കൂളിലെ മുഴുവൻ കുട്ടികളെയും അടുത്തുള്ള ക്ഷേത്രത്തിൽ എത്തിച്ച് പൈസ എടുത്തിട്ടില്ലെന്ന് സത്യം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

ആകെ 122 വിദ്യാർത്ഥികളാണ് സ്കൂളിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച നീതുവാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏക അധ്യാപിക. സ്കൂളിൽ രണ്ട് അധ്യാപകർ മാത്രമാണുള്ളത്. വിഷയം വിദ്യാർത്ഥികൾ വീട്ടിൽ അറിയിച്ചതോടെ മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്കൂൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഗ്രാമവാസികളും കുട്ടികളുടെ രക്ഷിതാക്കളും നിലപാടെടുത്തു.

വിദ്യാർത്ഥികളോട് ചോദിച്ചപ്പോൾ അവർ തന്നെയാണ് അടുത്തുള്ള ക്ഷേത്രത്തിലെത്തി സത്യം ചെയ്തതെന്നാണ് അധ്യാപികയുടെ വാദം. സംഭവത്തിൽ വനിതാ അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി.

Story Highlights: Bihar teacher takes students to temple to swear as her Rs 35 goes missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top