ലീഗിന്റെ ശക്തിയിലാണ് യുഡിഎഫ് നിലനിൽപ്പ്, മുന്നണിയിൽ ഈ പരിഗണന മതിയോ എന്ന് ലീഗ് ആലോചിക്കണം; പി. രാജീവ്

ലീഗിന്റെ ശക്തിയിലാണ് യുഡിഎഫ് നിലനിൽപ്പെന്നും ലീഗിന് കോൺഗ്രസുമായുള്ളത് ചെറിയ സീറ്റുകളുടെ വ്യത്യാസം മാത്രമാണെന്നും പരിഹസിച്ച് മന്ത്രി പി. രാജീവ്. തുടർച്ചയായി നില മെച്ചപ്പെടുത്തിയിട്ടും മുന്നണിയിൽ ഈ പരിഗണന മതിയോ എന്ന് ലീഗ് തന്നെ ആലോചിക്കണം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നടത്തിയ രാഷ്ട്രീയ ജാഥ പോലും മുന്നണി സംവിധാനത്തിനപ്പുറം കോൺഗ്രസ് ഒറ്റക്ക് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിന് എതിരെയുള്ള ആരോപണങ്ങളിൽ പ്രധാനമന്ത്രി മോദിക്കും മന്ത്രി പി. രാജീവ് മറുപടി നൽകി. കടമെടുക്കാനുള്ള ഭരണഘടനപരമായ അവകാശത്തെ കേന്ദ്രം ഇല്ലാതാക്കുകയാണെന്നും കേന്ദ്രം കേരളത്തിനൊപ്പം ആണോ കേരളത്തിന് എതിരാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വിരുദ്ധമായാണ് ബിജെപിയും കോൺഗ്രസും നിൽക്കുന്നത്. കേരളത്തിനൊപ്പം നിൽക്കുന്നത് ഇടതുമുന്നണി മാത്രമാണെന്നും പി. രാജീവ് അവകാശപ്പെട്ടു.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് പി. രാജിവ് ഇന്നലെ മറുപടി നൽകിയിരുന്നു. വിവാദ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ സഹായം മൈനിങ് ലീസാണ്. എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതെന്നും പി. രാജീവ് വ്യക്തമാക്കി.
എ കെ ആന്റണി തുടങ്ങിയ നടപടിക്രമങ്ങളുടെ അവസാനഘട്ടമായി 2004 ല്‍ മൈനിങ്ങ് ലീസ് നല്‍കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കുഴല്‍നാടന്റെ വാദം അനുസരിച്ചാണെങ്കില്‍ ഈ വലിയ സഹായത്തിന് ആരാണ് ഉത്തരവാദിയെന്ന് ചോദിച്ച രാജീവ്, അന്ന് കുഴല്‍നാടന്‍ പൊട്ടിച്ച വെടിയിലെ ഉണ്ട കൊള്ളേണ്ട യുഡി എഫ് നേതാക്കളില്‍ ജീവിച്ചിരിക്കുന്നവരാരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here