‘രണ്ടുളുകള്‍ പ്രസംഗിച്ച് കഴിയുമ്പോള്‍ വേദി കാലിയാകുന്നു’; സമരാഗ്നി സമാപന വേദിയില്‍ നീരസം പ്രകടിപ്പിച്ച് കെ സുധാകരന്‍

സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകര്‍ നേരത്തെ വേദി വിട്ടതില്‍ നീരസമറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രണ്ടാളുകള്‍ പ്രസംഗിച്ച് കഴിയുമ്പോള്‍ വേദി കാലിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപ മുടക്കി സമ്മേളനം നടത്തുന്നത് പിന്നെന്തിനാണെന്ന് സുധാകരന്‍ ചോദിച്ചു. ഇത്ര വലിയ സമ്മേളനം നടത്തുമ്പോള്‍ പ്രവര്‍ത്തകര്‍ എത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
നിറഞ്ഞിരുന്ന കസേരകള്‍ ശൂന്യമായത് എങ്ങനെയെന്ന് പ്രവര്‍ത്തകരോട് ശകാരിക്കുകയും ചെയ്തു. സമ്മേളനം നടത്തുമ്പോള്‍ മുഴുവന്‍ കേള്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് മനസുണ്ടാകണമെന്ന് സുധാകരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ നാട്ടിലെ ജനങ്ങളെ ഇതുപോലെ കഷ്ടപ്പെടുത്തി പട്ടിണിക്കിട്ട സര്‍ക്കാര്‍ എന്തിനിവിടെ ഭരിക്കണമെന്നും പിണറായി വിജയന് ഇറങ്ങിപൊക്കൂടെയെന്നും സുധാകരന് പറഞ്ഞു.
Read Also : തിരുവനന്തപുരത്ത് ശശി തരൂർ UDF സ്ഥാനാർത്ഥി; പ്രഖ്യാപനം സമരാഗ്നി വേദിയിൽ
പ്രധാനമന്ത്രി പറഞ്ഞ രണ്ടക്കം പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്നും മോദി വന്നിട്ട് പത്തുവര്‍ഷം ആയില്ലേ ഉത്തരേന്ത്യയില്‍ ഉണ്ടാക്കിയത് ഇവിടെ ഉണ്ടക്കിയിട്ടില്ല. ഇത് കേരളം വേറെയാണ് മോദി, ഇവിടെ നടക്കൂല നിങ്ങളുടെ ഇമ്പാച്ചി. ഈ കേരളത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകില്ല. അതുകൊണ്ട് മോദി ആ സ്വപ്‌നം താഴെയിറക്കിവെക്കണമെന്ന് സുധാകരന്‍ പറഞ്ഞു.
അതേസമയം പ്രവര്‍ത്തകര്‍ വേദി വിട്ടതില്‍ നീരസം പ്രകടിപ്പിച്ച സുധാകരന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. പ്രസിഡന്റിന് ഒരു വിഷമം വന്നുവെന്നും എന്നാല്‍ മൂന്നു മണിക്ക് കൊടും ചൂടില്‍ വന്ന പാവപ്പെട്ട പ്രവര്‍ത്തകരാണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. 12 പേര് പ്രസംഗിച്ചു കഴിഞ്ഞു. സ്വഭാവികമായി ഈ ചൂടില്‍ ഇരിക്കാന്‍ പ്രയാസമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. എത്രനേരമെന്ന് വിചാരിച്ചാണെന്നും അഞ്ചു മണിക്കൂറായി പ്രവര്‍ത്തകര്‍ വന്നിട്ടെന്നും സതീശന്‍ പറഞ്ഞു. പ്രസിഡന്റിന് അതില്‍ ഒരു വിഷമം വേണ്ട. നമ്മുടെ പ്രവര്‍ത്തകരല്ലേയെന്ന് വിഡി സതീശന്‍ പറഞ്ഞു.
Story Highlights: K Sudhakaran expressed his displeasure at Samaragni that workers left the stage early
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here