കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം; മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും സമരവേദിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്

കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് പുറത്തെടുത്ത് പ്രതിഷേധിച്ച കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ കസ്റ്റഡിയില്‍. കോതമംഗലത്തെ ഉപവാസ സമരവേദിയില്‍ നിന്നാണ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തത്. മുഹമ്മദ് ഷിയാസിനെ ഊന്നുകല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് സൂചനയുണ്ടെങ്കിലും നേതാക്കള്‍ എവിടെയെന്ന് കൃത്യമായി ആര്‍ക്കും അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സമരസ്ഥലത്ത് തുടരുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. (Mathew Kuzhalnadan and Muhammed shiyas arrested in protest against wild animals attack)
രാത്രി സമാധാനപൂര്‍ണമായി പ്രതിഷേധിച്ച നേതാക്കളെ സമരപ്പന്തലിലെത്തി എങ്ങോട്ടെന്നറിയാതെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത് ജനാധിപത്യ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ബസ് അടിച്ചുതകര്‍ത്തു. രാത്രി മുഴുവന്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം. നേതാക്കളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ തിരുവനന്തപുരത്തും പ്രതിഷേധം വ്യാപിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അര്‍ധരാത്രിയിലും പ്രതിഷേധത്തിലാണ്.
Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം എംപിയുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയാണ് പ്രതിഷേധം നടന്നത്. നഗരമധ്യത്തില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധമാണുണ്ടായത്. കളക്ടറുള്‍പ്പെടെ എത്തിയിട്ടും പരിഹാരമായിരുന്നില്ല. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ അനുവദിക്കില്ലെന്ന് ആയതോടെ പൊലീസ് ബലംപ്രയോഗിക്കുകയായിരുന്നു.
Story Highlights: Mathew Kuzhalnadan and Muhammed shiyas arrested in protest against wild animals attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here