അന്‍സിലിന്റെ മരണം: യുവതി മാസങ്ങള്‍ക്ക് മുന്‍പ് കളനാശിനി വാങ്ങി കൈയില്‍ വച്ചു; പണമടച്ചത് ഗൂഗിള്‍ പേ വഴിയെന്ന് പൊലീസ്

കോതമംഗലത്ത് അന്‍സില്‍ എന്ന യുവാവിനെ വിഷം കൊടുത്തു കൊന്ന കേസില്‍ യുവാവിന്റെ പെണ്‍ സുഹൃത്ത് നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം എന്ന് പൊലീസ്. ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കൊലപാതകം നടത്തുന്നതിന് യുവതി വിഷം വാങ്ങിയ കടയില്‍ തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ശാസ്ത്രീയ തെളിവുകള്‍ കൂടി കണ്ടെത്തി കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമം. (more evidence against girl friend in ansil’s death)
കോതമംഗലം സ്വദേശി അന്‍സിലിന് വിഷം നല്‍കുന്നതിന് ഒരു മാസം മുന്‍പ് തന്നെ കോതമംഗലം ചെറിയ പള്ളിത്താഴത്തുള്ള വളക്കടയില്‍ നിന്നും യുവതി നേരിട്ട് എത്തി കളനാശിനി വാങ്ങി. ഒരു ലിറ്ററിന്റെ കളനാശിനിക്ക് ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയത്. തെളിവെടുപ്പിനിടെ കടയില്‍ ഉള്ളവര്‍ യുവതിയെ തിരിച്ചറിയുകയും ചെയ്തു. അന്‍സിലുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പരിഹാരം ആയില്ലെങ്കില്‍ ഇയാളെ വക വരുത്താന്‍ യുവതി ഒരു മാസം മുമ്പ് തന്നെ പദ്ധതി ഇട്ടിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സംഭവം നടന്ന വീട്ടിലെ സിസിടിവി ഡിവിആര്‍ കണ്ടെത്തുന്നതും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനോടൊപ്പം അന്‍സിലിന്റെ ബന്ധുക്കളുടെ മൊഴിയും യുവതിക്കൊപ്പം വരുത്തി ചോദ്യം ചെയ്യലും നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കും.
Story Highlights : more evidence against girlfriend in ansil’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here