Advertisement

‘ഇനി ഒരു രക്ഷിതാവിനും ഈ ഗതി വരരുത്’; സിദ്ധാർഥിന്റെ മരണം സിബിഐ അന്വഷിക്കണമെന്ന് രാഹുൽ ഗാന്ധി

March 6, 2024
Google News 1 minute Read
Rahul Gandhi wants CBI to investigate Siddharth's death

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥിൻ്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കേസ് മൂടിവയ്ക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള നീക്കത്തെ അപലപിക്കുന്നതായും മുഖ്യമന്ത്രിക്കയച്ച കത്തിൽ വയനാട് എംപി പറഞ്ഞു.

കേരളത്തിലെ ക്യാമ്പസിൽ ഇത്തരമൊരു സംഭവം നടന്നുവെന്നത് ദൗർഭാഗ്യകരമാണ്. എസ്എഫ്ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയുള്ള വിദ്യാർത്ഥിയായിരുന്നു സിദ്ധാർഥൻ. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും, ഷീബക്കും നീതി കിട്ടണം. ഒരു മകന്റെ ജീവിതം ഇതുപോലെ ഇല്ലാതാകുന്നത് കാണുന്നതിന്റെ ആഘാതവും വേദനയും കൊണ്ട് ഒരു രക്ഷിതാവിനും ഇനി ജീവിക്കേണ്ടി വരരുതെന്നും രാഹുൽ.

വിദ്യാർത്ഥികളെ സംരക്ഷിക്കാൻ ചുമതലയുള്ള ഒരു സ്ഥാപനത്തിന്റെ പരാജയം കൂടിയാണ് ഇവിടെ കാണാനാവുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം അവരെ സംരക്ഷിക്കാൻ സർവ്വകലാശാല അധികൃതരും, നിയമപാലകരും ശ്രമിച്ചതായി ശ്രദ്ധയിൽപ്പെട്ടു. കേസ് മൂടി വെക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ഈ നീക്കത്തെ അപലപിക്കുന്നു. വ്യാപകമായ ജനരോക്ഷത്തിന് ശേഷം മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നതിനാൽ തന്നെ അന്വഷണത്തിലുള്ള വിശ്വാസത്തെ ഇല്ലാതാക്കിയിട്ടുണ്ട്. പൊലീസ് റിമാന്റ്‌ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിലും സംശയങ്ങളുണ്ട്. അതുകൊണ്ട് തന്നെ സിദ്ധാർഥിന്റെ മരണത്തിൽ സിബിഐ അന്വഷണം ആവശ്യമാണെന്നും രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

Story Highlights: Rahul Gandhi wants CBI to investigate Siddharth’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here