‘ഇന്ദിരാ ഭവനിൽ നിന്ന് മാരാർജി ഭവനിലേക്ക് ‘; പത്മജ വേണുഗോപാൽ നാളെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും

ബിജെപി അംഗത്വം സ്വീകരിച്ച പദ്മജ വേണുഗോപാൽ ഡൽഹിയിൽ നിന്ന് നാളെ തിരുവനന്തപുരത്ത് എത്തും. ബി ജെ പി പ്രവർത്തകർ തിരുവനന്തപുരത്ത് അവർക്ക് സ്വീകരണം നൽകും. മാരാർജി ഭവനിൽ വെച്ചാകും പത്മജ മാധ്യമങ്ങളെ കാണുക. പത്മജയെ യൂത്ത് കോൺഗ്രസ് വഴിയിൽ തടയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. അതിന് ബദലായി രാഹുലിനെ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി – യുവമോർച്ച പ്രവർത്തകർ.
ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കെഎസ് യു പ്രവർത്തകർ കത്തിച്ചിരുന്നു. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ ഇന്ന് വൈകിട്ടാണ് ബിജെപിയിൽ ചേർന്നത്. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പദ്മജ പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വം തന്റെ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. തന്റെ പിതാവും കോൺഗ്രസ്സിനോട് അസംതൃപ്തൻ ആയിരുന്നു. കോൺഗ്രസ് പാർട്ടിയിൽ ശക്തമായ നേതൃത്വം ഇല്ല. മോദി ശക്തനായ നേതാവാണ്. തന്റെ പരാതികൾക്ക് നേതൃത്വത്തിൽ നിന്നും പ്രതികരണം ലഭിച്ചില്ല. തന്നെ ദ്രോഹിച്ചവരുടെ പേരുകൾ ഒരിക്കൽ താൻ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
കുറേ കാലമായി കോൺഗ്രസിൽ അവഗണന നേരിടുന്നു. പലതവണ പരാതി നൽകിയതാണ്. രാഷ്ട്രീയം അവസാനിപ്പിച്ച് പോയാലോ എന്ന് വരെ ചിന്തിച്ചു. മോദിജിയുടെ കഴിവും നേതൃപാഠവവും എന്നും എന്നെ ആകർഷിച്ചിരുന്നു. അച്ഛൻ മരിച്ചപ്പോഴും ഞാൻ പാർട്ടി വിട്ടിരുന്നില്ല. മോദിജി കരുത്തനായ നേതാവാണെന്ന ഒറ്റ കാരണത്താലാണ് താൻ BJPയിൽ എത്തിയതെന്നും അവർ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here