‘ഇന്ത്യൻ മുസ്ലീങ്ങൾ സിഎഎയെ സ്വാഗതം ചെയ്യണം’; അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് മേധാവി

പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി. നിയമനിർമ്മാണം നേരത്തെ നടത്തേണ്ടതായിരുന്നു. ഈ നിയമത്തെക്കുറിച്ച് മുസ്ലീങ്ങൾക്കിടയിൽ നിരവധി തെറ്റിദ്ധാരണകളുണ്ട്. ഇന്ത്യയിലെ ഓരോ മുസ്ലിമും സിഎഎയെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഇന്ത്യൻ സർക്കാർ CAA നിയമം നടപ്പിലാക്കി. ഈ നിയമത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത് നേരത്തെ ചെയ്യണമായിരുന്നു. ഈ നിയമത്തെക്കുറിച്ച് മുസ്ലീങ്ങൾക്കിടയിൽ ഒരുപാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഈ നിയമത്തിന് മുസ്ലീങ്ങളുമായി ബന്ധമില്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതത്തിൻ്റെ പേരിൽ അതിക്രമങ്ങൾ നേരിടുന്ന അമുസ്‌ലിംകൾക്ക് പൗരത്വം നൽകാൻ നേരത്തെ നിയമമില്ലായിരുന്നു. കോടിക്കണക്കിന് ഇന്ത്യൻ മുസ്ലീങ്ങളെ ഈ നിയമം ബാധിക്കില്ല…”-മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു.
भारत सरकार द्वारा CAA क़ानून को लागू किये जाने पर हम स्वागत करते हैं और भारत का हर मुसलमान इसका स्वागत करें, मुसलमान न घबराएं, ये नागरिकता देता है न की छिनता है, इससे मुसलमानों का कोई लेना-देना नहीं। @PMOIndia @rashtrapatibhvn#BigBreaking #CAA #BreakingNews pic.twitter.com/NLuToI82FM
— Maulana Shahabuddin Razvi Bareilvi (@Shahabuddinbrly) March 11, 2024
“ഈ നിയമം ഒരു മുസ്ലിമിൻ്റെയും പൗരത്വം എടുത്തുകളയാൻ പോകുന്നില്ല… കഴിഞ്ഞ വർഷങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ തെറ്റിദ്ധാരണകൾ മൂലം ഉണ്ടായതാണ്. ചില രാഷ്ട്രീയക്കാർ മുസ്ലീങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. ഇന്ത്യയിലെ ഓരോ മുസ്ലിമും സിഎഎയെ സ്വാഗതം ചെയ്യണം”- ബറേൽവി കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, തിങ്കളാഴ്ച വൈകുന്നേരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനമിറക്കിയത്.
ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പൗരത്വം നൽകാനാണ് സിഎഎ കൊണ്ടുവന്നതെന്നും ആരുടേയും പൗരത്വം എടുത്തുകളയാനല്ലെന്നും പറഞ്ഞിരുന്നു. “നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളും പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സമുദായവും പ്രകോപിതരാകുന്നു. സിഎഎയ്ക്ക് ആരുടെയും പൗരത്വം കവർന്നെടുക്കാനാകില്ല. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡനം നേരിടുന്ന അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന നടപടിയാണ് സിഎഎ”-ഷാ പറഞ്ഞു.
Story Highlights: Indian Muslims Must Welcome CAA: India Muslim Jamaat Chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here