ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് മരിച്ച സംഭവം;ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൊയ്തീൻകുട്ടിയെ പൊലീസ് മർദ്ദിച്ചതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. അതേസമയം മൊയ്തീൻ കുട്ടി ഹൃദ്രോഗിയാണെന്നും മർദിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. മൊയ്തീൻ കുട്ടിയുടെ ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്നും മർദ്ദനമേറ്റതിൻറെ പാടുകൾ കാണുന്നില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.
പാണ്ടിക്കാട്ട് യുവാക്കൾ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീൻകുട്ടിയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നത്. പഞ്ചായത്ത് അംഗത്തിനും ഒരു സാമൂഹിക പ്രവർത്തനും ഒപ്പമായിരുന്നു അദ്ദേഹം പൊലീസിൽ ഹാജരായത്. പൊലീസ് സ്റ്റേഷനിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മൊയ്തീൻകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മരണം സംഭവിക്കുകയും ചെയ്തു.
Story Highlights: Post-mortem report of the man who collapsed in police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here