‘പത്മജ വേണുഗോപാലിനെ സിപിഐഎമ്മില്‍ എത്തിക്കാന്‍ ശ്രമം നടന്നു; ഇടപെട്ടത് ഇ.പി ജയരാജന്‍’; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാര്‍

പത്മജ വേണുഗോപാലിനെയും മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളെയും സിപിഐഎമ്മില്‍ എത്തിക്കാന്‍ ശ്രമം നടന്നുവെന്ന് വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ആവശ്യപ്രകാരമായിരുന്നു ഇടപെടലെന്നാണ് വെളിപ്പെടുത്തല്‍. വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും പത്മജ ആവശ്യപ്പെട്ട സൂപ്പര്‍ പദവികള്‍ ലഭിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടി. പത്മജയ്ക്ക് പുറമേ കൊച്ചിയിലെ വനിതാ നേതാവിനെയും സിപിഐഎം സമീപിച്ചെന്നും ടി ജി നന്ദകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
‘തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അന്ന് നടന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെല്ലാം തൃക്കാക്കരയിലെത്തി. പക്ഷേ പത്മജ മാത്രമുണ്ടായിരുന്നില്ല. നിരാശ മൂലം അന്നവര്‍ വിദേശത്തായിരുന്നു. ഈ വിഷയം ഇ പി ജയരാജനുമായി സംസാരിച്ചപ്പോള്‍ പത്മജയെ വിളിക്കാന്‍ അദ്ദേഹം പറഞ്ഞു. വിളിച്ചപ്പോള്‍ അദ്ദേഹവും സംസാരിച്ചു. പത്മജ എല്‍ഡിഎഫിന്റെ ഭാഗമാകുന്നതിനെ കുറിച്ച് സംസാരിച്ചു.
അന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കാമെന്നായിരുന്നു വാഗ്ദാനം. അത് സൂചിപ്പിച്ചപ്പോള്‍ താത്പര്യം കാണിച്ചിരുന്നില്ല, അതിനെക്കാള്‍ സൂപ്പര്‍ പദവികള്‍ വേണമെന്നായിരുന്നു ആവശ്യം’. ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തി.
അതേസമയം ടി ജിയുടെ വെളിപ്പെടുത്തല്‍ പത്മജ വേണുഗോപാല്‍ സ്ഥിരീകരിച്ചു. മൂന്ന് തവണ ഫോണ്‍ വിളിച്ചെങ്കിലും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്നും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ച് എങ്ങോട്ടും പോകില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
Story Highlights:TG Nandakumar says CPIM’s attempt to bring Padmaja Venugopal into party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here