ബില്ലിനെ ചൊല്ലി തർക്കം; സൈനികരെ മർദിച്ച് ഹോട്ടലുടമയും സംഘവും, 4 പേർ അറസ്റ്റിൽ
പഞ്ചാബിൽ സൈനിക സംഘത്തിന് മർദനമേറ്റു. ഒരു ആർമി മേജർക്കും 16 സൈനികർക്കുമാണ് മർദ്ദനമേറ്റത്. ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടൽ ഉടമയും തൊഴിലാളികളും ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പഞ്ചാബിലെ മണാലി-റോപ്പർ റോഡിൽ തിങ്കളാഴ്ചയാണ് സംഭവം. ലാഹൗളിൽ നടന്ന സ്‌നോ മാരത്തണിൽ വിജയിച്ച് മണാലിയിൽ നിന്ന് മടങ്ങുകയായിരുന്നു ലഡാക്ക് സ്കൗട്ട്സിലെ മേജർ സച്ചിൻ സിംഗ് കുന്തലും സൈനികരും. രാത്രി 9.15 ഓടെ റോപ്പർ ജില്ലയിലെ ഭാരത്ഗഢിന് സമീപമുള്ള ‘ആൽപൈൻ ധാബ’യിൽ ഇവർ അത്താഴം കഴിക്കാനിറങ്ങി.
ഭക്ഷണം കഴിച്ചശേഷം ബില്ലടക്കുന്നതിനെ ചൊല്ലി സൈനികരും റസ്റ്റോറൻ്റ് ഉടമയും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടു. യുപിഐ വഴി ബില്ലടയ്ക്കാൻ അനുവദിക്കാതെ ഉടമ പണമായി ആവശ്യപ്പെട്ടതാണ് വഴക്കിന് കാരണം. ഇത് നികുതി വെട്ടിക്കാനാണെന്ന് മനസ്സിലാക്കിയ സൈനികർ ബില്ല് പണമായി നൽകാൻ വിസമ്മതിച്ചു. ഇതോടെയാണ് ഹോട്ടലുടമയും തൊഴിലാളിയും ചേർന്ന് സൈനികരെ മർദിച്ചത്.
35 പേരടങ്ങുന്ന സംഘമാണ് ജവാന്മാരെ ആക്രമിച്ചതെന്ന് പൊലീസ്. ഇരുമ്പുവടികളും മരത്തടികളും ഉപയോഗിച്ചായിരുന്നു മർദനം. മേജറിന് കൈകൾക്കും തലയ്ക്കും പരിക്കേൽക്കുകയും ബോധംകെട്ടു വീഴുകയും ചെയ്തു. തുടർന്ന് അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഉടമയും മാനേജരും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും പൊലീസ്.
Story Highlights: jawans attacked at Punjab dhaba over food bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here