Advertisement

സംസ്ഥാനത്ത് ചൂട് കൂടുന്നു, ‘ഉരുകി ഉരുകിപ്പോകാതിരിക്കാൻ..’; ജാഗ്രത നിർദേശവുമായി കേരള പൊലീസ്

March 15, 2024
Google News 2 minutes Read

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 11 മണി മുതൽ വൈകുന്നേരം മൂന്നുമണി വരെ നേരിട്ട് സൂര്യാഘാതം ഏൽക്കാതിരിക്കുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക, കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാതിരിക്കുക എന്നിങ്ങനെ നീളുന്നു ജാഗ്രത നിർദേശങ്ങൾ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാനിർദേശങ്ങൾ ആണിത്.
11 മണി മുതൽ വൈകുന്നേരം മൂന്നുമണി വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.
പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക..

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീയ്ക്ക് സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക.

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്.. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.

ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് യാത്രയ്ക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം നൽകേണ്ടതാണ്.

പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ സേനാംഗങ്ങൾ ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കണം.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും ഇത്തരം പരിപാടികൾ ഒഴിവാക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
നിർമ്മാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കാഠിന്യമുള്ള മറ്റു ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലിസമയം ക്രമീകരിക്കുക. ജോലിക്കിടെ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
മഴ വെള്ളം ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Story Highlights: Kerala Police Precautions for High Temperature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here