മകളുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭർത്താവിൻ്റെ വീടിന് തീയിട്ട് കുടുംബം: ഭർതൃപിതാവും മാതാവും വെന്തുമരിച്ചു

മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവിൻ്റെ വീടിന് തീയിട്ട് വീട്ടുകാർ. രണ്ട് പേർ വെന്തുമരിച്ചു. യുവാവിൻ്റെ അച്ഛനും അമ്മയുമാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.
തിങ്കളാഴ്ച രാത്രിയാണ് അൻഷിക കേശർവാനി എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൻഷികയുടെ മരണവാർത്ത പുറത്തുവന്നയുടൻ ബന്ധുക്കൾ ഭർതൃവീട്ടിൽ എത്തി. സ്ത്രീധനത്തിൻ്റെ പേരിൽ മകളെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതിൽ മനംനൊന്താണ് അൻഷിക ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ കുറ്റപ്പെടുത്തി.
ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ തർക്കമായി. തർക്കം രൂക്ഷമായതോടെ അൻഷികയുടെ ബന്ധുക്കൾ ഭർത്താവിൻ്റെ വീടിന് തീയിടുകയായിരുന്നു. പൊലീസ് ഉടൻ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചത്.
അഗ്നിശമന ഉദ്യോഗസ്ഥർ വീടിനുള്ളിൽ പരിശോധിച്ചപ്പോൾ യുവതിയുടെ അമ്മായിയമ്മയെയും അമ്മായിയപ്പനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജേന്ദ്ര കേശർവാനി, ശോഭാ ദേവി എന്നിവരെയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: UP Woman Dies By Suicide; Family Sets In-Laws’ House On Fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here