Advertisement

ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം: ആശങ്ക അകറ്റാൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് വി ശിവൻകുട്ടി

March 19, 2024
Google News 2 minutes Read
V Sivankutty on Transfer of higher secondary teachers

ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അധ്യാപകരുടെ ആശങ്ക അകറ്റാൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദ്ദേശത്തെ തുടർന്ന് ഹയർ സെക്കണ്ടറി അധ്യാപകരുടെ 2023-24 ലെ പൊതുസ്ഥലംമാറ്റ അപേക്ഷ 2023 ഒക്‌ടോബർ 25 ന് ക്ഷണിച്ച് 2023 ഡിസംബർ 17 ന് പ്രൊവിഷണൽ ലിസ്റ്റും പ്രൊവിഷണൽ ലിസ്റ്റിലെ പരാതികൾ പരിശോധിച്ച് 2024 ഫെബ്രുവരി 16 ന് ഫൈനൽ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ കൂടി പിൻബലത്തിലാണ് ഈ നടപടി ഉണ്ടായത്.

ഇതിനെതിരെ കോടതി അലക്ഷ്യ ഹർജിയുമായി 23 അധ്യാപകർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യുകയുമുണ്ടായി. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസ് ട്രിബ്യൂണലിൽ തന്നെ വീണ്ടും പരിഗണിക്കുന്നതിന് ഹൈക്കോടതി നിർദ്ദേശിച്ചു. 2024 മാർച്ച് 15 ന് സർക്കാർ ട്രിബ്യൂണലിന് മുമ്പാകെ വാദങ്ങൾ വീണ്ടും അവതരിപ്പിച്ചു. എന്നാൽ മറ്റു ജില്ലകളിലേക്കുള്ള ട്രാൻസ്ഫറിനായി ഔട്ട് സ്റ്റേഷൻ സർവ്വീസ് എപ്രകാരമാണ് വകുപ്പ് പരിഗണിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് ഏപ്രിൽ 8 നകം അറിയിക്കണമെന്ന് നിർദ്ദേശിച്ച് തൽസ്ഥിതി തുടരുന്നതിനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്.

മൊത്തം 8758 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതിൽ 7957 പേർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. 350 അധ്യാപകർ നിലവിലെ സ്‌കൂളുകളിൽ നിന്നും റിലീവ് ചെയ്യുകയും സ്റ്റേ നിലനിൽക്കുന്നത് കാരണം ട്രാൻസ്ഫർ ലഭിച്ച സ്കൂളിൽ ജോയിൻ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തിട്ടുണ്ട്. നിലവിൽ ഇവർ പരീക്ഷാ ജോലികൾ നിർവ്വഹിക്കുന്നുണ്ട്. ട്രിബ്യൂണലിന്റെ തുടർ ഉത്തരവിന് അനുസരിച്ച് സർക്കാർ ഇക്കാര്യത്തിൽ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: V Sivankutty on Transfer of higher secondary teachers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here