Advertisement

വീട്ടിലിരുന്ന് ജോലി ചെയ്തോളൂ, പക്ഷെ ഒരു നിബന്ധനയുണ്ട്: അറ്റകൈ പ്രയോഗവുമായി ഡെൽ കമ്പനി

March 19, 2024
Google News 2 minutes Read

വർക്ക് ഫ്രം ഹോം നിലപാടിൽ വൻ നയംമാറ്റവുമായി പ്രമുഖ ടെക് കമ്പനിയായ ഡെൽ. ഓഫീസിലേക്ക് വരാതെ വർക്ക് ഫ്രം ഹോം തുടരുന്നവർക്ക് ഇനി മുതൽ ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കമ്പനി പുറത്തിറക്കിയ ഉത്തരവ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയാവുകയാണ്. മുൻപ് വർക്ക് ഫ്രം ഹോമിനെ അനുകൂലിച്ചിരുന്ന കമ്പനി പലപ്പോഴായി ഹൈബ്രിഡ് ഓപ്ഷൻ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പലരും ഓഫീസിലേക്ക് വരാൻ മടിച്ചതോടെയാണ് ഇനി വീട്ടിലിരിക്കുന്നവർക്ക് പ്രമോഷനില്ലെന്ന് നയം സ്വീകരിച്ചത്.

കൊവിഡ് കാലത്താണ് ഡെൽ കമ്പനി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. ജീവനക്കാരിൽ വർക്ക് ഫ്രം ഹോം തുടരുന്നവരിൽ ഭൂരിഭാഗം പേരും ഓഫീസിലേക്ക് വരാൻ മടിക്കുന്നതാണ് പുതിയ മാറ്റത്തിന് കാരണം. ജീവനക്കാരെ എങ്ങനെയും ഓഫീസിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നയം കമ്പനി സ്വീകരിച്ചതെന്നാണ് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ കാര്യക്ഷമതയ്ക്കും നവീന ആശയങ്ങൾക്കും ഇൻ പേഴ്സൺ ആശയവിനിമയം അത്യാവശ്യമാണെന്നും അതിനാലാണ് മാറ്റമെന്നുമാണ് കമ്പനി വിശദീകരിച്ചിരിക്കുന്നത്.

മെയ് മാസം മുതൽ ജീവനക്കാരെ ഹൈബ്രിഡ് എന്നും റിമോട്ട് എന്നും രണ്ട് കാറ്റഗറിയായി തിരിക്കും. ഇതിൽ റിമോട്ട് ഒപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് ഇനി മുതൽ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കില്ലെന്നതാണ് നിബന്ധന. ഹൈബ്രിഡ് ഒപ്ഷനാണെങ്കിൽ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിലേക്ക് വരണം. രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാം. റിമോട്ട് ആണെങ്കിൽ നിങ്ങൾ ലോകത്ത് എവിടെയാണെങ്കിലും സമയത്ത് ജോലി ചെയ്താൽ മതിയെന്ന് മാത്രം. ഈ ഒപ്ഷൻ തിരഞ്ഞെടുത്തവർക്ക് സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ തങ്ങളുടെ കാറ്റഗറി ഹൈബ്രിഡ് എന്നാക്കി മാറ്റാൻ അപേക്ഷിക്കേണ്ടി വരും.

മുൻപ് മറ്റ് പല കമ്പനികളിൽ നിന്നും വ്യത്യസ്തമായി വർക് ഫ്രം ഹോം ഒപ്ഷനെ കൈയ്യടിച്ച് അംഗീകരിച്ചവരായിരുന്നു ഡെൽ കമ്പനി. അന്ന് സിഇഒ മൈക്കൽ ഡെൽ തന്നെ ഇതിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. 2021 ൽ വർക്ക് ഫ്രം ഹോം തുടരുമെന്നും സമീപ ഭാവിയിലൊന്നും നിർത്തില്ലെന്നുമായിരുന്നു മാധ്യമങ്ങളോട് കമ്പനി അധികൃതർ വ്യക്തമാക്കിയത്. മാത്രമല്ല, കൊവിഡിന് ശേഷം ഹൈബ്രിഡ് ഒപ്ഷനിലേക്ക് മാറി ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ച മറ്റ് കമ്പനികൾക്കെതിരെയും മൈക്കൽ ഡെൽ പരാമർശങ്ങൾ നടത്തിയിരുന്നു.

ഇതിൽ നിന്നെല്ലാമുള്ള കമ്പനിയുടെ ഇപ്പോഴത്തെ നയം മാറ്റം ജീവനക്കാരെയും അത്ഭുതപ്പെടുത്തുന്നു. തങ്ങളുടെ ടീം അംഗങ്ങൾ വ്യത്യസ്ത സംസ്ഥാനങ്ങളിലും വ്യത്യസ്ത രാജ്യങ്ങളിലും ഉള്ളവരാണെന്നത് ജീവനക്കാരെ കുഴക്കുന്ന വിഷയമാണ്. ഈ സാഹചര്യത്തിൽ ഹൈബ്രിഡ് ഓപ്ഷൻ നടപ്പാക്കിയാലും ജീവനക്കാർക്ക് തങ്ങളുടെ ടീമംഗങ്ങൾക്ക് ഒപ്പമിരുന്ന് ജോലി ചെയ്യാൻ സാധിക്കില്ലെന്നാണ് പ്രധാന വിമർശനം. കഴിഞ്ഞ വർഷം മാത്രം കമ്പ്യൂട്ടർ വിൽപ്പന ഇടിഞ്ഞതിനെ തുടർന്ന് 6600 ജീവനക്കാരെയാണ് ഡെൽ കമ്പനി പുറത്താക്കിയത്. പുതിയ നിബന്ധന കമ്പനിയിൽ നിന്ന് കൂടുതൽ പേരെ പുറത്താക്കാനുള്ള സമീപനത്തിൻ്റെ ഭാഗമാണോയെന്നും സംശയങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്.

Story Highlights: Work from home but there will be no promotion- Dell to employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here