Advertisement

സിഎഎയിൽ അസം വീണ്ടും കലുഷമാകുന്നു, ആശങ്കയിൽ ബംഗാളി ഹിന്ദുക്കൾ

March 20, 2024
Google News 3 minutes Read

പൗരത്വ നിയമ ഭേദഗതി നിയമം 2024 ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കൊണ്ട് കേന്ദ്രസർക്കാർ പൊതു തെരഞ്ഞെടുപ്പിന് മുൻപേ നടത്തിയ നീക്കമാണ് ഇപ്പോൾ കേരളത്തിലടക്കം മുഖ്യ പ്രചാരണ വിഷയമായിരിക്കുന്നത്. ഇത് പ്രകാരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളല്ലാത്ത ആറ് മതവിഭാഗങ്ങൾക്ക് അതിവേഗം ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ ഉറപ്പു പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമെന്ന് പ്രതിപക്ഷ പാർട്ടികൾ സിഎഎയെ വിമർശിക്കുമ്പോൾ, ബിജെപി ഉന്നയിച്ച വാദം അസമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായിപ്പോയ ലക്ഷക്കണക്കിന് ഹിന്ദുക്കൾക്ക് സിഎഎ ആശ്വാസമാകും എന്നാണ്. (Hindu Bengalis left out of Assam NRC distressed about CAA)

പാർലമെൻ്റിൽ ബില്ല് പാസാക്കി നാല് വർഷത്തിന് ശേഷമാണ് കേന്ദ്രസർക്കാർ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. 2019 ൽ ദേശീയ പൗരത്വ രജിസ്റ്റർ പരിഷ്കരിച്ച സമയത്ത് പൗരത്വം നഷ്ടമായ അസമിലെ ലക്ഷക്കണക്കിന് ഹിന്ദുക്കൾ സിഎഎയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇവരാണ് സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും വലിയ ശക്തിയും. എന്നാൽ ബംഗാളി ഹിന്ദുക്കളിൽ വളരെ ചെറിയ വിഭാഗത്തെ മാത്രമേ സിഎഎ തുണയ്ക്കൂവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

1951ല്‍ തയ്യാറാക്കിയ പൗരത്വ പട്ടിക നിലവിലുള്ള ഏക സംസ്ഥാനമാണ് അസം. 1971ന് ശേഷം രാജ്യത്തെത്തിയവരെ പുറത്താക്കുമെന്ന് 1985ൽ കരാറുണ്ടാക്കിയെങ്കിലും നടപ്പാക്കിയിരുന്നില്ല. എന്നാൽ 2013ൽ തങ്ങളോ അല്ലെങ്കിൽ പൂർവീകരോ 1971 മാര്‍ച്ച് 24ന് ഇന്ത്യയിൽ അല്ലെങ്കിൽ അസമിൽ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ അസം ജനതയ്ക്ക് സമര്‍പ്പിക്കേണ്ടി വന്നു. മൂന്നരക്കോടിയോളം വരുന്ന ജനങ്ങളുടെ രേഖകൾ പരിശോധിച്ച് 2018ല്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒറ്റ രാത്രികൊണ്ട് 40 ലക്ഷം പേര്‍ ഇന്ത്യൻ പൗരന്മാരല്ലതെയായി. പട്ടിക തയ്യാറാക്കുന്നതിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് സുപ്രീം കോടതിയിൽ ഹർജിസമർപ്പിച്ചതിനേത്തുടർന്ന് കോടതിയുടെ നിരീക്ഷണത്തിൽ വീണ്ടും പൗരത്വപട്ടിക തയ്യാറാക്കി. 2019 ആഗസ്റ്റിൽ പരിഷ്കരിച്ച പട്ടിക പ്രസിദ്ധീകരിച്ചപ്പോഴും 19 ലക്ഷം പേർ ഇന്ത്യൻ പൗരന്മാരല്ലാതെയായി. എആർസിക്ക് മതം ബാധകമല്ലാത്തതിനാൽ മതം തിരിച്ചുള്ള കണക്കുകൾ ഔദ്യോഗികമായി ലഭ്യമല്ല. എന്നാൽ അനൗദ്യോഗിക രേഖകൾ പ്രകാരം ബംഗാളി ഹിന്ദുക്കളും ഇന്ത്യയിൽ ജനിച്ചുവളർന്ന ഹിന്ദുക്കളുമാണ് പട്ടികയിൽ നിന്ന് പുറത്തായതിലധികം. ബിജെപിയുടെ രാഷ്ട്രീയത്തിനോട് ചേർന്നു നിൽക്കുന്നവരാണ് ബംഗാളി ഹിന്ദുക്കൾ. ഇതോടെ എൻആർസി ബിജെപിക്കും തലവേദനയായി. പൗരത്വം തെളിയിക്കുന്ന കൃത്യമായ രേഖകൾ കയ്യിലില്ലാത്ത ആയിരക്കണക്കിന് ആളുകളാണ് ഡിറ്റെൻഷൻ സെൻ്ററുകളിൽ കഴിയുന്നത്.

സിഎഎ ചട്ടം പ്രകാരം പൗരത്വം ലഭിക്കാൻ ആദ്യം സമർപ്പിക്കേണ്ട രേഖ, അപേക്ഷകൻ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലേക്ക് പ്രാണരക്ഷാർത്ഥം ഓടിയെത്തിയവരാണ് എന്നതാണ്. എന്നാൽ അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് ഷെഡ്യൂൾ 1എ പ്രകാരം ഈ രേഖ എൻആർസി തയ്യാറാക്കിയ സമർപ്പിക്കാൻ സാധിച്ചിരുന്നില്ലെന്നത് പ്രധാനമാണ്. പൗരത്വ പട്ടികയിൽ പുറത്തായത് പട്ടിക തയ്യാറാക്കുന്ന രീതിയിലെ പ്രശ്നങ്ങൾ കൊണ്ടാണെന്നും തങ്ങളെല്ലാവരും ഇന്ത്യാക്കാരാണ് എന്നതുമാണ് അസമിൽ എൻആർസി തയ്യാറാക്കിയപ്പോൾ പൗരത്വം നഷ്ടമായവരുടെ വാദം. 1971 ലെ യുദ്ധത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ആരുടെയും പക്കൽ യാതൊരു ഔദ്യോഗിക രേഖയുമില്ല. അതിനാൽത്തന്നെ പൗരത്വ ഭേദഗതി നിയമം അസമിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പറയുന്നത്. ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് വെബ്സൈറ്റ് തയ്യാറാക്കിയ ശേഷവും അസമിൽ ആരും പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുമില്ല.

പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ അതിനെ ആദ്യം പിന്തുണച്ച ബിജെപിക്ക് കൈ പൊള്ളിയെന്ന് മനസിലായത് പിന്നീടാണ്. രജിസ്റ്റർ തയ്യാറാക്കിയപ്പോൾ ബംഗാളി ഹിന്ദുക്കളായ വലിയ വിഭാഗം രജിസ്റ്ററിൽ നിന്ന് പുറത്തായി. ഇത്തരത്തിൽ പുറത്തായവരിൽ മുസ്ലിങ്ങൾ കുറവാണെന്നും ഹിന്ദുക്കളാണ് അധികമെന്നും വാദിക്കുന്നുണ്ട്, കോൺഗ്രസ്. സംസ്ഥാനത്ത് മുസ്ലിം ഭൂരിപക്ഷ ജില്ലകളായ ധുബ്രി, സൗത്ത് സൽമാര, കരിംഗഞ്ച് എന്നിവിടങ്ങളിൽ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്തായവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാൾ കുറവായിരുന്നു.

പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ആദ്യം കൈയ്യടിച്ചത് സംസ്ഥാനത്തെ ബംഗാളി ഹിന്ദുക്കളായിരുന്നു. ഇവർ ബിജെപിയെ വോട്ട് ചെയ്ത് നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയിപ്പിച്ചു. എന്നാൽ പിന്നീട് ഇതേ സമൂഹം തങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരല്ലെന്ന് തെളിയിക്കാനായി കോടതികൾ കയറി. ഇപ്പോൾ ഇതേ വിഭാഗത്തിന് തങ്ങൾ ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് സ്ഥാപിച്ചാലേ പുതിയ സിഎഎ പ്രകാരം പൗരത്വം ലഭിക്കുകയുള്ളൂ.

വിഷയം വലിയ തോതിൽ തന്നെ രാജ്യത്ത് ചർച്ച ചെയ്യപ്പെടുന്നുണ്ട്. എൻആർസി പ്രധാന ആയുധമാക്കിയിരിക്കുകയാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ. അതിശക്തമായ രീതിയിലാണ് ബിജെപിയെ ഈ വിഷയത്തിൽ മറ്റ് കക്ഷികൾ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ബിജെപി നേതാക്കളോട് ആദ്യം അപേക്ഷ സമർപ്പിച്ച് ഇതിൻ്റെ കാര്യക്ഷമത തെളിയിക്കാനാണ് തൃണമൂൽ കോൺഗ്രസ് വെല്ലുവിളിച്ചത്. ഇതാണ് സിഎഎ വഴി പൗരത്വ അപേക്ഷ സമർപ്പിക്കുമെന്ന് പ്രസ്താവിക്കാൻ കേന്ദ്രമന്ത്രി കൂടിയായ ശന്തനു താക്കൂറിനെ നിർബന്ധിതനാക്കിയത്. ജനങ്ങളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയവും ബിജെപിയെ സമ്മർദ്ദത്തിലാക്കി. ഇദ്ദേഹം ഉൾപ്പെടുന്ന മതുവ സമുദായം ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ ഹിന്ദുക്കളിൽ ബിജെപിയെ പിന്തുണക്കുന്ന പ്രബല വിഭാഗമാണ്. ഈ സമുദായമാകട്ടെ എൻആർസിയിലും തുടർന്ന് വന്ന സിഎഎയിലും കടുത്ത എതിർപ്പുള്ള വിഭാഗമാണ്. ഇവരെ അനുനയിപ്പിക്കാനുള്ള നീക്കം കൂടിയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ ബംഗ്ലാദേശ് പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടതാണ് എതിർപ്പിനുള്ള പ്രധാന കാരണം. സിഎഎ വഴി പൗരത്വത്തിന് അപേക്ഷിച്ചാൽ ആധാർ ലിങ്ക് ചെയ്തുള്ള ആനുകൂല്യം ലഭിക്കില്ലെന്ന് കൂടി പ്രചരിപ്പിക്കുന്നുണ്ട് തൃണമൂൽ നേതാക്കളും പ്രവർത്തകരും. ഒരു പടി കൂടി കടന്ന് മമത ബാനർജി വിഷയം കൂടുതൽ ഗൗരവമുള്ളതാക്കിയത്, സിഎഎ വഴി പൗരത്വം ലഭിക്കുന്നവരെ നുഴഞ്ഞുകയറ്റക്കാരായി മാത്രമേ പിന്നീട് പരിഗണിക്കുവെന്ന് പറഞ്ഞാണ്. ഇതോടെ സിഎഎക്കെതിരായ ആശങ്കകളും ഉയർന്നിട്ടുണ്ട്.

ഒരിക്കൽ ബംഗ്ലാദേശിയല്ലെന്ന് തെളിയിക്കാൻ പാടുപെട്ട സമൂഹം ഇനി ബംഗ്ലാദേശിൽ നിന്നാണെന്ന് തെളിയിക്കാൻ രേഖകൾ തേടി പായേണ്ടി വരുന്ന അസാധാരണമായ സാഹചര്യമാണ് അസമിൽ സൃഷ്ടിക്കപ്പെട്ടത്. 18 ശതമാനത്തോളം വരുന്ന അസമിലെ ബംഗാളി ഹിന്ദുക്കളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബംഗാളി ഹിന്ദുക്കളും സിഎഎയിലും എൻആർസിയിലും വലിയ തോതിൽ ആശങ്കയുള്ളവരാണ്. അത് ഒന്നുകൂടി ആളിക്കത്തിക്കാൻ തൃണമൂൽ അടക്കമുള്ള കക്ഷികൾ ശ്രമിക്കുമ്പോൾ ഈ കടമ്പ കടക്കുക ബിജെപിക്ക് ഏറെ ശ്രമകരമാണ്.

Story Highlights : Hindu Bengalis left out of Assam NRC distressed about CAA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here