Advertisement

ഗസ്സ തീരം വിലപ്പെട്ട റിയൽ എസ്റ്റേറ്റ്, ഒഴിപ്പിച്ച് വൃത്തിയാക്കി എടുക്കണം; ട്രംപിൻ്റെ മരുമകൻ

March 21, 2024
Google News 3 minutes Read

ഗസ്സ മുനമ്പിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിച്ച് തീരപ്രദേശത്തെ ഉപജീവനമാർഗ്ഗമാക്കണമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മരുമകൻ ജാരെദ് കുഷ്നർ. പലസ്തീന് സ്വന്തം രാജ്യമെന്നത് വളരെ മോശം ആശയമാണെന്നും അത് വീണ്ടും ഭീകരാന്തരീക്ഷമുണ്ടാക്കുമെന്നും കുഷ്നർ പറഞ്ഞു.  മുൻ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്ന ജാരെദ് കുഷ്നർ ട്രംപ് അമേരിക്കൻ പ്രസിൻ്റായിരിക്കെ വിദേശനയ ഉപദേശ്ടാവായി പ്രവർത്തിച്ചിരുന്നു. 

“ആളുകൾ ഉപജീവനമാർഗം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ ഗസ്സയുടെ കടൽത്തീരത്തെ സ്വത്ത് വളരെ വിലപ്പെട്ടതായിരിക്കും. ഇപ്പോൾ അവിടെ ദൗർഭാഗ്യകരമായ സ്ഥിതിയാണ്. എന്നാൽ ഇസ്രായേലിൻ്റെ പക്ഷത്തുനിന്നുകൊണ്ട് ഗസ്സയിലെ ജനത്തെ ഒഴിപ്പിച്ച് അവിടം വൃത്തിയാക്കി എടുക്കുന്നതിന് ഞാൻ പരമാവധി ശ്രമിക്കും.”- ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പരിപാടിയിലാണ് കുഷ്നർ വിവാദ പ്രസ്താവന നടത്തിയത്. ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയാൽ സ്വീകരിക്കുന്ന മിഡിൽ ഈസ്റ്റ് നയങ്ങൾ എപ്രകാരമായിരിക്കും എന്നതിൻ്റെ സൂചനയാണ് കുഷ്നറിൻ്റെ വാക്കുകളിലുള്ളതെന്ന് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

ഗസ്സയിൽ നിന്നുള്ള ജനത്തെ നയപരമായി ദക്ഷിണ ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലേക്ക് മാറ്റണം. ഇസ്രായേലിൻ്റെ നേതൃത്വം തനിക്കായിരുന്നുവെങ്കിൽ റഫായിൽ നിന്നുള്ള ജനത്തെ  നയപരമായി ഈജിപ്തിലേക്ക് മാറ്റുന്നതിന് പ്രഥമ പരിഗണന നൽകുമായിരുന്നുവെന്നും കുഷ്നർ പറഞ്ഞു. ഇപ്പോൾ ഗസ്സയിൽ കൂടുതലായി ഒന്നും അവശേഷിക്കുന്നില്ല. ഗസ്സ ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലമല്ലാത്തതിനാൽ നിർമ്മാണങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. ഗസ്സ ഒരു യുദ്ധാവശിഷ്ടം മാത്രമാണ്. നിങ്ങൾക്ക് വിവിധ പ്രദേശങ്ങളിൽ ഗോത്രങ്ങളുണ്ടായിരുന്നു, ഗസ്സയിലും. ഈജിപ്ത് ഇവിടെ ഭരിച്ചിരുന്നു. കാലക്രമേണ വിവിധ ഭരണകൂടങ്ങൾ ഇവിടം ഭരിച്ചു എന്നേയുള്ളുവെന്നും കുഷ്നർ പറഞ്ഞു. 

പ്രസ്താവനകൾ വിവാദമായതിനേത്തുടർന്ന് തൻ്റെ വാക്കുകളെ  ന്യായീകരിച്ചു കുഷ്നർ രംഗത്തുവന്നു. “പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വർഷങ്ങളായി ലഭിച്ച സഹായം ഉപയോഗിച്ച് പലസ്തീൻ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പകരം ആ പണം ടണലുകൾ നിർമ്മിക്കുന്നതിനും ആയുധങ്ങൾ വാങ്ങുന്നതിനുമാണ് പലസ്തീൻ നേതാക്കൾ വിനിയോഗിച്ചത്. എൻ്റെ വാക്കുകളിൽ ഞാൻ ഉറച്ചുനിൽക്കുന്നു. അന്താരാഷ്ട്ര സമൂഹവും പലസ്തീൻ ജനതയും തങ്ങളുടെ നേതൃത്വത്തിൽ നിന്നും ഉത്തരവാദിത്വമുള്ള സമീപനം ആവശ്യപ്പെട്ടാൽ മാത്രമേ അവരുടെ ജീവിതം മെച്ചപ്പെടു.” ജാരെദ് കുഷ്നർ എക്സിൽ കുറിച്ചു. 

മെഡിറ്ററേനിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഗസ്സ ഇസ്രയേലിനും പലസ്തീനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഗസ്സയിൽ ആദ്യമായിട്ടല്ല  റിയൽ എസ്റ്റേറ്റുകാരുടെ കണ്ണുപതിയുന്നത്. 2023ൽ  വിവിധ ആക്രമണങ്ങളിൽ ഗസ്സയിൽ മരണനിരക്ക് 20,000 കവിഞ്ഞപ്പോഴായിരുന്നു കടൽത്തീരത്ത് ഒരു വീടെന്നത് ഇനി സ്വപ്നമല്ല എന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. ഹാരി സഹെവ് എന്ന ഇസ്രായേലി റിയൽ എസ്റ്റേറ്റ് കമ്പനിയായിരുന്നു ഇതിന് പിന്നിൽ. പലസ്തീനെതിരെ ഇസ്രായേൽ വംശഹത്യ നടത്തുന്നു എന്ന ആരോപണം നിലനിന്നിരുന്ന ഘട്ടത്തിൽ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതിനെതിരെ വലിയ വിമർശനമുയർന്നു. ഇത്തരത്തിൽ റിയൽ എസ്റ്റേറ്റുകാർ അനധികൃതമായി നടത്തുന്ന സെറ്റിൽമെൻ്റുകളിൽ താമസിക്കുന്നവർ പലസ്തീൻ സമൂഹത്തിൻ്റെ വീടാക്രമിക്കുന്നതടക്കമുള്ള നശീകരണ പ്രവർത്തികൾ ചെയ്തിരുന്നു. 

വംശീയവാദവും മതവെറിയും തകർത്തെറിയുന്ന ജീവനുകളുടെ മേലാണ് റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളുടെ കണ്ണും. ഒരു വശത്ത് വംശഹത്യയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന നിസഹായരായ കുട്ടികളടക്കമുള്ള ജനത. മറുവശത്ത്  കുട്ടികളുടെ ശവപറമ്പായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ ബീച്ച് ടൂറിസം വളർത്തുന്നതിനേക്കുറിച്ച് സംസാരിക്കുന്ന അതിസമ്പന്നർ. മിസ്സൈൽമഴ പെയ്യുന്ന ഗസ്സയിൽ അതിജീവനത്തിൻ്റെ പോരാട്ടം നടത്തുന്ന നിസഹായരായ, സാധാരണക്കാരായ മനുഷ്യരെ ഒഴിപ്പിച്ച് ഗസ്സ കടൽത്തീരത്തെ വിനോദസഞ്ചാരത്തിന് വേണ്ടി ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നത് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മരുമകൻ. ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുമ്പോൾ നിസഹായരായ പലസ്തീൻ ജനതയുടെ നിലനിൽപ്പിന് അന്താരാഷ്ട്ര സമൂഹം ഏത് രീതിയിൽ, ആരെ പിന്തുണച്ച് നിലകൊള്ളുമെന്ന ചോദ്യമാണ് ഉയരുന്നത്. 

Story Highlights : Jared Kushner says Gaza’s ‘waterfront property could be very valuable’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here