രാജീവ് ചന്ദ്രശേഖറുമായി ഇപി ജയരാജൻ്റെ ഭാര്യ കൂടിക്കാഴ്ച നടത്തിയോ ? വസ്തുതയറിയാം

ബിജെപി സ്ഥാനാർഥികൾ മകച്ചതാണെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ പ്രസ്താവന വിവാദമായിരുന്നു. എൽഡിഎഫ് കൺവീനറും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് പങ്കാളിത്തമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. അതിനിടെ രാജീവ് ചന്ദ്രശേഖറും ഇപി ജയരാജൻ്റെ ഭാര്യ പികെ ഇന്ദിരയും തമ്മിലുള്ള കൂടിക്കാഴ്ച എന്ന രീതിയില്‍ ഒരു ചിത്രം തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസ് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള സ്ത്രീയുടെ മുഖം പികെ ഇന്ദിരയുടേത് തന്നെയാണ്. എന്നാൽ സാധാരണ മലയാളി സ്ത്രീകൾ സാരി ധരിക്കുന്ന രീതിയല്ല ചിത്രത്തിലുള്ളത്. റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തതിൽ നിന്നും വൈറലായ ചിത്രം രാജീവ് ചന്ദ്രശേഖർ തൻ്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ 2023 ഓഗസ്റ്റ് നാലിന് പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്തി. ഫോട്ടോയിലുള്ളത് സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൗമിക് ആണെന്ന് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖർ പോസ്റ്റ് ചെയ്ത ചിത്രത്തിലെ പ്രതിമ ഭൗമികിൻ്റെ മുഖം മോർഫ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ചിത്രങ്ങൾ ത്മമിലുള്ള താരതമ്യം ചുവടെ കാണാം.
തൻ്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ പികെ ഇന്ദിര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിൻ്റെ പേരിൽ കേസെടുത്തു. കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, അപകീർത്തിയുണ്ടാക്കൽ, വ്യാജ രേഖ യഥാർഥമെന്ന തരത്തിൽ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here