‘ഏറ്റവും അടുത്ത സഖ്യകക്ഷി’; ഇന്ത്യയിൽ നിന്ന് കടാശ്വാസം ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ്
ഇന്ത്യാ വിരുദ്ധ നിലപാടുകൾ മയപ്പെടുത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യ മാലദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്നും കടാശ്വാസം നൽകണമെന്നും പ്രസിഡന്റ് മുഹമ്മദ് മുയിസു അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷത്തെ ഒടുവിലെ കണക്കുകൾ പ്രകാരം ഏകദേശം 400.9 മില്യൺ ഡോളറാണ് മാലിദ്വീപ് ഇന്ത്യക്ക് നൽകാനുള്ളത്.
മാലദ്വീപിന് സഹായം നൽകുന്നതിൽ ഇന്ത്യ നിർണായകമാണെന്നും മാലദ്വീപ് സർക്കാറുകൾ എടുത്ത വായ്പ തിരിച്ചടവിൽ കടാശ്വാസം നൽകണമെന്നും മുയിസു ആവശ്യപ്പെട്ടു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പ്രസിഡന്റ് മുയിസു അഭ്യർത്ഥിക്കുന്നത്. മാലദ്വീപ് സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങാവുന്നതിലും ഭാരിച്ച വായ്പകളാണ് ഇന്ത്യയിൽ നിന്ന് മാലദ്വീപ് എടുത്തിട്ടുള്ളതെന്ന് മുയിസു പറഞ്ഞു. തുടർച്ചയായ ഗവൺമെൻ്റുകൾ എടുത്ത കനത്ത വായ്പകളുടെ തിരിച്ചടവിൽ മാലദ്വീപിനുള്ള കടാശ്വാസ നടപടികൾ ഉൾക്കൊള്ളാൻ പ്രസിഡൻ്റ് മുയിസു ഇന്ത്യയോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ മുഹമ്മദ് മുയിസു പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ, ചൈന അനുകൂല നിലപാടെടുത്ത മുയിസു ഇന്ത്യയോട് കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യൻ സൈനികരെ മെയ് 10 നകം മാലദ്വീപിൽ നിന്ന് തിരിച്ച് വിളിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൂന്ന് വ്യോമ താവളങ്ങളിലായി 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. ആദ്യ ബാച്ച് ഈ മാസമാദ്യം ഇന്ത്യയിലേക്ക് തിരികെയെത്തിയിരുന്നു.
ഇത്തരത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരച്ച് വരുന്നതിനിടെയാണ് ഇപ്പോൾ അനുരഞ്ജന നീക്കവുമായി പ്രസിഡന്റ് മുയിസു രംഗത്തെത്തിയിരിക്കുന്നത്. മാലദ്വീപിൽ ഏപ്രിൽ പകുതിയോടെ നടക്കാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രസിഡൻ്റ് മുയിസുവിൻ്റെ ഇന്ത്യയോട് അനുരഞ്ജനപരമായ അഭിപ്രായപ്രകടനം.
Story Highlights : Maldives President Mohamed Muizzu Seeks Debt Relief From India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here