സിദ്ധാര്‍ത്ഥനെ എസ്എഫ്ഐ നേതാക്കളടക്കം പീഡിപ്പിച്ചത് 8 മാസം; ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്

പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാര്‍ത്ഥന്റെ മരണത്തിൽ അന്തിമ റിപ്പോർട്ട് നൽകി ആന്റി റാഗിങ് കമ്മിറ്റി. ജെ.എസ്. സിദ്ധാർഥനെ എസ്എഫ്ഐ നേതാക്കളടക്കമുള്ളവർ 8 മാസം തുടർച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നിയമോപദേശം തേടിയശേഷം മാത്രം അന്തിമ റിപ്പോർട്ട് വൈസ് ചാൻസലർക്കു നൽകാനാണു തീരുമാനം.
ഹോസ്റ്റലിൽ താമസം തുടങ്ങിയ അന്നുമുതൽ എല്ലാ ദിവസവും കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ റിപ്പോർട്ട് ചെയ്യാൻ സിദ്ധാർഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിർദേശം.
മുറിയിൽവച്ചു നഗ്നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാർത്ഥൻ തന്നെ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്ക്വാഡിനു മൊഴി നൽകി. പിറന്നാൾ ദിനം രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ കെട്ടിയിട്ട് തൂണിനു ചുറ്റും പെട്രോൾ ഒഴിച്ചു തീയിടുമെന്നു സിദ്ധാർഥനെ ഭീഷണിപ്പെടുത്തിയിരുന്നു.
കാമ്പസിൽ വളരെ സജീവമായിനിന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർത്ഥൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങൾക്കുശേഷം ജോലി രാജിവച്ചൊഴിഞ്ഞു. സർവകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരിൽ ചിലർ സ്ക്വാഡിനു മൊഴി നൽകാൻ തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എസ്എഫ്ഐ കൽപറ്റ ഏരിയ കമ്മിറ്റി നേതൃത്വം ഇടപെട്ട് ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിയിൽനിന്നു പരാതിയുടെ കോപ്പി വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.
Story Highlights : Siddharthan was tortured for 8 months by SFI leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here