Advertisement

കെജ്രിവാളിൻ്റെ അറസ്റ്റ് തെരഞ്ഞെടുപ്പിൽ സിമ്പതി വോട്ടാകുമോ ? ഇന്ത്യാ സഖ്യത്തിൻ്റെ കണക്കുകൂട്ടലുകൾ

March 23, 2024
Google News 3 minutes Read
Will Kejriwal's arrest draw sympathy votes in the election?

പാർലമെൻ്റിലേക്ക് ബിജെപി, നിയമസഭയിലേക്ക് ആം ആദ്മി. പത്ത് വർഷമായി ഡൽഹി ജനത്തിൻ്റെ തെരഞ്ഞെടുപ്പ് ഇപ്രകാരമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം നൽകി ജയിപ്പിച്ച അതേ വോട്ടർമാർ കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും ഡൽഹിയിലെ ഏഴ് സീറ്റുകളിലും ബിജെപിയുടെ സ്ഥാനാർത്ഥികളെയാണ് തെരഞ്ഞെടുത്തത്. നിയമസഭയിലേക്ക് എഎപിയുടെ ക്ഷേമരാഷ്ട്രീയ നിലപാടിനെ പിന്തുണക്കുന്നവർ, ലോക്സഭയിലേക്ക് എത്തുമ്പോൾ ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ പ്രാധാന്യം നൽകി വോട്ട് രേഖപ്പെടുത്തുന്നത് രാജ്യത്ത് തന്നെ വേറിട്ട കാഴ്ചയാണ്.(Will Kejriwal’s arrest draw sympathy votes in the election)

മോദി സർക്കാർ ആദ്യമായി അധികാരത്തിലേറിയ 2014 ൽ ദില്ലിയിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി ആധികാരിക വിജയമാണ് നേടിയത്. 46.6% വോട്ട് ബിജെപി നേടിയപ്പോൾ ആം ആദ്മി പാർട്ടി 33% വോട്ടും കോൺഗ്രസ് 15% വോട്ടുമാണ് നേടിയത്. മാസങ്ങൾക്ക് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ 70 ൽ 67 ഇടത്തും ആം ആദ്മി പാർട്ടി ജയിച്ചു. അന്ന് എഎപിക്ക് 54.5% വോട്ട് വിഹിതവും ബിജെപിക്ക് 32.3% വോട്ട് വിഹിതവുമാണ് ലഭിച്ചത്. അന്നും കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.

സമാനമായിരുന്നു 2019 ലെ തെരഞ്ഞെടുപ്പ് ഫലവും. ബിജെപി 57% വോട്ട് നേടി ഏഴ് ലോക്സഭാ സീറ്റിലും വെന്നിക്കൊടി പാാറിച്ചു. ആം ആദ്മി പാർട്ടിക്ക് 22.5% വോട്ടും കോൺഗ്രസിന് 18.1% വോട്ടുമാണ് നേടാനായത്. 2020 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ 62 സീറ്റിലും ജയിച്ച ആം ആദ്മി പാർട്ടി 53% വോട്ടും നേടി. ബിജെപിക്ക് 38% വോട്ട് വിഹിതവും എട്ട് സീറ്റുമാണ് നേടാനായത്. എന്നാൽ അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ് ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് വഴിയൊരുക്കുമെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവായി ദേശീയ രാഷ്ട്രീയ വിഷയങ്ങൾ പരിഗണിച്ച് വോട്ട് ചെയ്തിരുന്ന ഡൽഹി ജനത, ഇക്കുറി രാജ്യത്തെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത വിഷയത്തിലെ രാഷ്ട്രീയ വാഗ്വാദങ്ങളും പരിഗണിച്ചേ ഇക്കുറി വോട്ട് രേഖപ്പെടുത്തൂവെന്നാണ് വിലയിരുത്തൽ. ഇതിൽ തന്നെ നിർണായകമാവുക ഡൽഹിയിലെ ചേരികളിൽ കഴിയുന്ന ഹിന്ദു വോട്ടർമാരുടെ നിലപാടാണ്. ഇവരാണ് സംസ്ഥാനത്ത് എഎപി സർക്കാരിൻ്റെ ആനുകൂല്യങ്ങളുടെ ഗുണഫലം ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത്. ഇവർ എഎപി അനുകൂല നിലപാട് സ്വീകരിച്ചാൽ അത് സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയ മത്സരത്തിന് കളമൊരുക്കും. സംസ്ഥാനത്ത് എഎപി – കോൺഗ്രസ് സഖ്യം കൂടെയാകുമ്പോൾ ഇന്ത്യാ സഖ്യ നേതാക്കൾ ഒന്നടങ്കം കെജ്രിവാളിനെ പിന്തുണക്കും.

എന്നാൽ കെജ്രിവാളിന് അനുകൂലമായി അനുകമ്പ ഏറ്റവും കൂടുതൽ പ്രകടമാവുക പഞ്ചാബിലായിരിക്കും. ഇവിടെ 13 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ബിജെപി പഞ്ചാബിൽ ദുർബലരാണെന്നതും പ്രധാനമാണ്. എഎപിയും കോൺഗ്രസും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരം നടക്കുന്നത്. ഇവരാകട്ടെ ഡൽഹിയിലും ഗോവയിലും ഗുജറാത്തിലും സഖ്യ കക്ഷികളുമാണ്. എന്നാൽ പഞ്ചാബിൽ നേർക്കുനേർ പോരാട്ടത്തിലുമാണ്. 2019 ൽ പഞ്ചാബിൽ 9 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചിരുന്നു. 2022 ൽ 117 ൽ 92 ഇടത്തും ജയിച്ച് അധികാരത്തിലേറിയ എഎപിക്ക് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനായാൽ അത് ഏറ്റവും കൂടുതൽ തിരിച്ചടിയാവുക കോൺഗ്രസിനായിരിക്കും. അത് കോൺഗ്രസിന് രാജ്യത്താകെയുള്ള സീറ്റെണ്ണത്തിൽ കുറവുണ്ടാക്കുകയും ചെയ്യും.

ദേശീയ രാഷ്ട്രീയത്തിലെ കഴിഞ്ഞ രണ്ടുമാസത്തെ കാഴ്ചയിൽ എൻഡിഎയുടെ വികാസവും ഇന്ത്യ സഖ്യത്തിൻ്റെ തകർച്ചയും കാണാനാവും. എന്നാൽ കെജ്രിവാളിൻ്റെ അറസ്റ്റോടെ ഇന്ത്യ സഖ്യം ഒന്നുകൂടി ശക്തിയാർജ്ജിക്കുകയാണ്. കെജ്രിവാളിൻ്റെ അറസ്റ്റിനെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, എംകെ സ്റ്റാലിൻ, പിണറായി വിജയൻ, അഖിലേഷ് യാദവ് എന്നിവർ രംഗത്ത് വന്നതും മമത ബാനർജി കെജ്രിവാളിൻ്റെ ഭാര്യയെ വിളിച്ച് സംസാരിച്ചതും ഇതിൻ്റെ ശക്തമായ സൂചനയാണ്.

എന്നാൽ പ്രതിപക്ഷത്തിന് ആകെ എത്ര സീറ്റ് നേടാനാവുമെന്നും അതിലേക്ക് നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങളും ചർച്ചകളും എന്തൊക്കെയാവുമെന്നതും പ്രധാനമാണ്. പശ്ചിമ ബംഗാൾ, പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസിൻ്റെ രാഷ്ട്രീയ നിലപാടും പ്രധാനമാണ്. ഇതിന് പ്രധാന കാരണം യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസിൻ്റെ മുൻ പ്രകടനമാണ്. സഖ്യത്തിൻ്റെ ഭാഗമായി നിരവധി സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഇവിടങ്ങളിലൊന്നും കാര്യമായ നേട്ടമുണ്ടാക്കാനായില്ല, കനത്ത തോൽവിയും ഏറ്റുവാങ്ങി. പശ്ചിമ ബംഗാളിൽ ബിജെപി വലിയ വെല്ലുവിളി ഉയർത്തുമ്പോൾ കൂടുതൽ സീറ്റ് കോൺഗ്രസിന് നൽകേണ്ടെന്ന തീരുമാനത്തിലേക്ക് തൃണമൂൽ കോൺഗ്രസ് എത്തുന്നതിൻ്റെ കാരണവും ഇതാണ്.

Story Highlights : Will Kejriwal’s arrest draw sympathy votes in the election?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here