‘കൂടിയാലോചന നടത്താതെ ലിസ്റ്റ് തയ്യാറാക്കി’; രമ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം

യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം. രമ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ ലിസ്റ്റ് വായിക്കുന്നതിനിടയിലാണ് നേതാക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്.
കൂടിയാലോചന നടത്താതെയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും ഇത് പ്രഖ്യാപിക്കുവാൻ അനുവദിക്കുകയില്ലെന്നും അറിയിച്ച് വേദിയിലുണ്ടായിരുന്ന കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എം.എം.സലീം രംഗത്തെത്തിയതാണ് ബഹളത്തിനും വാക്കേറ്റത്തിനും ഇടയാക്കിയത്. വായിച്ച് കൊണ്ടിരുന്ന പേരുകൾ രേഖപ്പെടുത്തിയ കടലാസ് സലിം ബലമായി പിടിച്ചെടുത്ത് ചുരുട്ടിയെറിഞ്ഞു. ഇതിനെ തുടർന്ന് പ്രകോപിതരായ നേതാക്കളും പ്രവർത്തകരും സലീമുമായിയുണ്ടായ രൂക്ഷമായ വാക്കേറ്റം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഉദ്ഘാടകനായിയെത്തിയ കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയലിൻ്റെ സാന്നിധ്യത്തിലാണ് സംഘർഷമുണ്ടായത്. ജോൺ ഡാനിയൽ ഇടപ്പെട്ട് പിന്നീട് രംഗശാന്തമാക്കിയതിന് ശേഷം ലിസ്റ്റ് അവതരിപ്പിച്ചു.
ഏകപക്ഷീയമായി ഒരു കൂടിയാലോചന നടത്താതെയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും താൻ ഉൾപ്പടെയുള്ള കുറച്ച് നേതാക്കളെ കൺവെൻഷന് വിളിച്ചിരുന്നില്ലായെന്നും എം.എം.സലീം പറയുന്നു. അതേ സമയം, കരട് ലിസ്റ്റാണ് അവതരിപ്പിച്ചതെന്നും മാറ്റങ്ങൾ വരുത്താൻ അവസരമുണ്ടായിരുന്നു എന്നും എല്ലാ നേതാക്കളേയും കൺവെൻഷന് ക്ഷണിച്ചിരുന്നുവെന്നും മണ്ഡലം കമ്മറ്റി ഭാരവാഹികൾ പറയുന്നു.
Story Highlights: udf ramya haridas clash election convention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here