എബിവിപിയിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം; വാരാണസിയിൽ മോദിക്കെതിരെ അജയ് റായിക്ക് മൂന്നാമൂഴം

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ നാലാംഘട്ട പട്ടിക ഇന്നലെ രാത്രിയോടെ കോൺഗ്രസ് പുറത്തിറക്കിയപ്പോൾ വാരാണസിയിൽ മോദിക്കെതിരെ മൂന്നാം തവണയും മത്സരിക്കുന്നത് ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായി ആണ്. പൂർവാഞ്ചലിൽ ബാഹുബലിയെന്ന പേരിൽ അറിയപ്പെടുന്ന 54കാരനായ അജയ് റായി 2014ലും 2019ലും മോദിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. ഈ പരാജയങ്ങൾ മാറ്റനിർത്തിയാൽ, യുപിയിൽ കോൺഗ്രസിന്റെ അടിത്തട്ടിലെ വേരുറപ്പിക്കാൻ നിയോഗിക്കപ്പെട്ടവനാണ് അജയ് റായി. ഈ ലക്ഷ്യം നിറവേറ്റുന്നതിന് മുന്നോടിയായി കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അജയിയെ പിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തത്. ദളിത് നേതാവായ ബ്രിജ്ലാൽ ഖാബ്രിക്ക് പകരം അങ്ങനെ ഹിന്ദി ഹൃദയഭൂമിയിൽ പ്രിയങ്കാ ഗാന്ധിയുടെ ടീമിനെ നയിക്കാനായിരുന്നു അജയ് റായിയുടെ നിയമനം.(Who is Ajay Rai who is contesting against Modi in Varanasi)
വിദ്യാർത്ഥി സംഘടനയായ എബിവിപിയുടെ അംഗമായി സ്‌കൂൾ കാലഘട്ടത്തിലാണ് അജയ് റായി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. വാരാണസിയിലെ കാശി വിദ്യാപീഠത്തിലെ ബിരുദധാരിയാണ് റായ്. വിദ്യാർത്ഥിയായിരിക്കെ, 1991-92 കാലഘട്ടത്തിൽ എബിവിപി കൺവീനറായിരുന്നു. 1996ലും 2002ലും 2007ലും യുപിയിലെ കോലാസ്ല (ഇന്ന് പിന്ദ്ര) നിയമസഭാ സീറ്റിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു അജയ് റായി. മൂന്ന് വട്ടം ബിജെപി എംഎൽഎ. 2002ൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി-ബിജെപി സഖ്യം ഉത്തർപ്രദേശ് സർക്കാരിൽ സഹകരണ മന്ത്രിയായി റായിക്ക് മന്ത്രിസ്ഥാനം ലഭിച്ചു.
2009ൽ ബിജെപി വിട്ട അജയ് റായി അതേ വർഷം തന്നെ സമാജ്വാദി പാർട്ടിയിലേക്ക് ചേക്കേറി. പക്ഷേ ബിജെപിയിലുണ്ടായിരുന്ന വിജയം അവിടെ തുണച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുരളി മനോഹർ ജോഷിയോട് മത്സരിച്ച് പരാജയപ്പെട്ടു. 2012ൽ എസ്പി വിട്ട് കോൺഗ്രസിലെത്തിയ അജയ് റായി പിന്ദ്ര മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി നിയമസഭയിലേക്കെത്തി. എന്നാൽ തുടർന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും (2017ലും 2022ലും) പിന്ദ്രയിൽ അജയ് റായിക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
Read Also കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ മഹാറാലി നടത്താനൊരുങ്ങി ഇന്ത്യാ മുന്നണി
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ അജയ് റായി നരേന്ദ്രമോദിക്ക് ശക്തമായ വെല്ലുവിളി നൽകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നതിന്റെ മറ്റൊരു കാരണം അദ്ദേഹത്തിന്റെ ജാതിയാണ്. പൂർവാഞ്ചലിൽ (കിഴക്കൻ ഉത്തർപ്രദേശ്) തെരഞ്ഞെടുപ്പ് ചിത്രത്തിൽ സ്വാധീനമുള്ള ഭൂമിഹർ ജാതിയിൽപ്പെട്ടയാളാണ് അജയ് റായി. ഒരിക്കൽ കോൺഗ്രസിന്റെ കൈകളിലായിരുന്ന കിഴക്കൻ ഉത്തർപ്രദേശ് ഇന്ന് പൂർണമായും ബിജെപി കയ്യടക്കിയിരിക്കുന്നു. ഇവിടെ നിന്നാണ് പ്രധാനമന്ത്രി മോദിയുടെ ലോക്‌സഭയിലേക്കുള്ള വരവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ എംഎൽഎ സീറ്റും. അതുകൊണ്ടുതന്നെ ഉത്തർപ്രദേശിൽ പ്രധാനമന്ത്രി മോദിയെ മൊത്തത്തിൽ നേരിടാൻ കഴിയുന്ന ഒരാളെയാണ് അജയ് റായിയിലൂടെ പാർട്ടി ആഗ്രഹിക്കുന്നത്. വാരണാസി സൗത്ത്, വാരാണസി നോർത്ത്, കാന്ത്, റൊഹാനിയ, സേവാപുരി എന്നിവയാണ് മണ്ഡലത്തിൽ അഞ്ച് അസംബ്ലി സീറ്റുകൾ.
യുപിയിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലായിരിക്കുന്ന കോൺഗ്രസ് 17 സീറ്റുകളിലാണ് മത്സരിക്കുന്നത്. രാഹുൽ ഗാന്ധി വയനാടിനൊപ്പം മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന അമേഠിയിലും പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന സൂചനയുള്ള റായിബറേലിയിലും ഇതുവരെ ആരാകും സ്ഥാനാർത്ഥികളെന്നതിൽ കോൺഗ്രസ് അന്തിമ ധാരണയിലെത്തിയിട്ടില്ല.
Story Highlights : Who is Ajay Rai who is contesting against Modi in Varanasi?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here