കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇ ഡി; രാജിക്കായി ബിജെപി പ്രതിഷേധം

അരവിന്ദ് കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇ ഡി. ജയിലില്‍ നിന്നും അരവിന്ദ് കെജ്‌രിവാള്‍ ആദ്യ ഉത്തരവ് പുറത്തിറക്കിയെന്ന എഎപിയുടെ ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.
അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റിനെതിരെ ഇന്നും ആം ആദ്മി പാർട്ടി ശക്തമായി പ്രതിഷേധിക്കും. ഡൽഹിയിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. വൈകീട്ട് മെഴുകുതിരി തെളിച്ചും എ എ പി പ്രതിഷേധിക്കും. വരുന്ന ഞായറാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ മഹാറാലിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാര്യ സുനിത കെജ്‌രിവാളിനും പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനും മാത്രമാണ് കെജ്‌രിവാളിനെ സന്ദര്‍ശിക്കുന്നതിനായി കോടതി അനുമതി നല്‍കിയിരിക്കുന്നത്. എല്ലാദിവസവും വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയില്‍ അരമണിക്കൂര്‍ നേരമാണ് കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ളത്. എപിജെ അബ്ദുള്‍കലാം റോഡിലെ ഇ ഡി ആസ്ഥാനത്ത് അറസ്റ്റിലുള്ളവരുമായി അഭിഭാഷകരോ കുടുംബമോ കൂടിക്കാഴ്ച നടത്തുന്ന സ്ഥലം സിസിടിവി നിരീക്ഷണത്തിലാണെന്നും ഇ ഡി വ്യക്തമാക്കി.
ശുദ്ധജല വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കസ്റ്റഡിയിലിരിക്കുന്ന കെജ്‌രിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു നേരത്തെ അതിഷി മെര്‍ലേന അറിയിച്ചത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശിച്ചിരുന്നുവെന്നും അതിഷി പറഞ്ഞിരുന്നു. ജയിലിലായിരിക്കുമ്പോഴും ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ചാണ് കെജ്‌രിവാളിന്റെ ചിന്തയെന്നും അതിഷി ചൂണ്ടിക്കാണിച്ചിരുന്നു.
ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാജമെന്ന് ബിജെപി ആരോപിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി മജീന്ദർ സിങ് സർസ ആരോപിച്ചിരുന്നു.
അതേ സമയം മുഖ്യമന്ത്രി സ്ഥാനത്ത് കെജരിവാൾ തുടരുന്നതിലെ ധാർമ്മികത ചോദ്യം ചെയ്ത് ബി ജെ പിയും പ്രതിഷേധത്തിലാണ്. ജയിലിൽ നിന്ന് ഭരിക്കാമെന്ന് കെജ്രിവാൾ കരുതേണ്ടെന്നാണ് ബി ജെ പി പ്രവർത്തകർ പറയുന്നത്. ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : Any Computer nor Paper has given to Arvind Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here