നിലയ്ക്കൽ പമ്പിൽ ഇന്ധനം ഇല്ല; ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തിൽ

ദേവസ്വം ബോര്‍ഡിന്‍റെ പെട്രോൾ പമ്പിൽ ഇന്ധനം ഇല്ലാത്തതിനാല്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ദുരിതത്തിൽ. നിലയ്ക്കലിലെ പമ്പിലാണ് പെട്രോളും ഡീസലും തീര്‍ന്നത്. ഇതോടെ പമ്പ് അടച്ചിട്ടിരിക്കുകയാണ്.
നിലയ്ക്കലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഏറെ ദൂരം പോയി ഇന്ധനം നിറക്കേണ്ട സാഹചര്യമാണുള്ളത്.നിലയ്ക്കല്‍ കഴിഞ്ഞാല്‍ പമ്പയില്‍ മാത്രമാണ് പമ്പ് ഉള്ളത്. ഇതും ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.
പമ്പയിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം ഉണ്ടെങ്കിലും നിലയ്ക്കല്‍ വരെയാണ് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വരാൻ കഴിയുക. ബേസ് ക്യാമ്പ് നിലയ്ക്കല്‍ ആയതിനാല്‍ തന്നെ പമ്പയിലെ പമ്പില്‍ ഇന്ധനം ഉണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഇത് ഉപകാരപ്പെടുന്നില്ല. ഇന്ധനമുള്ള വാഹനങ്ങളില്‍ പോയി കാനുകളിലും മറ്റും ഇന്ധനം വാങ്ങേണ്ട അവസ്ഥയിലാണ് നിലവില്‍ തീര്‍ത്ഥാടകര്‍.
കഴിഞ്ഞ രണ്ടു ദിവസമായി ഇതേ അവസ്ഥയാണുള്ളതെന്നും നിലയ്ക്കലില്‍നിന്നും ഇന്ധനം നിറക്കാമെന്ന് കരുതിയെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഇവിടെ കുടുങ്ങിപോവുന്ന അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
ശബരിമല ഉത്സവം പ്രമാണിച്ച് ഇപ്പോള്‍ തീര്‍ത്ഥാടകരുടെ തിരക്കുണ്ട്. ഓരോ ദിവസവും നൂറുകണക്കിന് പേരാണ് എത്തുന്നത്. തിരിച്ചുപോകുമ്പോള്‍ ഇവിടെ നിന്നും ഇന്ധനം നിറക്കാമെന്ന് കരുതുന്നവരാണ് പെട്ടുപോകുന്നത്. ഇന്ധനമില്ലാത്ത കാര്യം അറിയാതെ എത്തുന്നവരാണ് കൂടുതലും.
Story Highlights : No Petrol in Nilakkal Pumb Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here