കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയിൽ അപേക്ഷിക്കാതെ അംഗമാക്കും, പണം നഷ്ടം; വ്യാജരേഖ ചമച്ച് ബാങ്കുകൾ

പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതികളിൽ അപേക്ഷിക്കാതെ അംഗമായവരുടെ അക്കൗണ്ടുകളിൽ നിന്ന് അനുവാദമില്ലാതെ പണം പിൻവലിച്ച് ബാങ്കുകൾ. തെറ്റ് മറച്ചുവെക്കാൻ ജീവനക്കാരെ ഉപയോഗിച്ച് ബാങ്കുകൾ തന്നെ വ്യാജരേഖ ചമയ്ക്കുന്നതായും വ്യാപക പരാതിയുണ്ട്. എന്നാൽ തങ്ങൾ അപേക്ഷിക്കാതെ പണം പിൻവലിച്ചെന്ന് പലരും പരാതി ഉന്നയിച്ചിട്ടും ഇതിൽ നിന്നൊന്നും ബാങ്കുകൾ പിന്മാറുന്നില്ലെന്നും ആക്ഷേപമുണ്ട്.
കോൺഗ്രസ് നേതാവ് ജയറാം രമേശും ധനമന്ത്രി നിർമ്മലാ സീതാരാമനും തമ്മിൽ എക്സിൽ ഇതുമായി ബന്ധപ്പെട്ട് പോര് നടക്കുന്നുണ്ട്. അനുവാദമില്ലാതെ ജനത്തെ അടൽ പെൻഷൻ യോജന ഉൾപ്പടെയുള്ള സ്കീമുകളിൽ അംഗമാമാക്കുന്നതും അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതുമാണ് വിഷയം. ആളുകളെ കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് ഇത്തരം സ്കീമുകളിൽ ചേർക്കുന്നതെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം സ്കീമുകളെല്ലാം ജനക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നായിരുന്നു ധനമന്ത്രിയുടെ വാദം. റിട്ടയർമെൻ്റിന് ശേഷം നല്ലൊരു ജീവിതം നയിക്കാൻ ഇത് സഹായിക്കും എന്നതാണ് മന്ത്രിയുടെ വാദം.
എന്നാൽ ജയറാം രമേശിൻ്റെ വാദങ്ങളെ ശരിവെയ്ക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR) നടത്തിയ പഠനത്തിലും അടൽ പെൻഷൻ യോജനാ അക്കൗണ്ടുകൾ ആളുകളുടെ അനുവാദമില്ലാതെയാണ് തുറന്നതെന്ന് പറയുന്നു. അനുവാദമില്ലാതെ അക്കൗണ്ടുകൾ തുറന്നതിൽ പ്രതിഷേധിച്ച് 32% ആളുകളും പദ്ധതിയിൽ നിന്ന് പിന്മാറി. 38 % ശതമാനം ആളുകൾ അക്കൗണ്ട് ക്ലോസ് ചെയ്ത് പദ്ധിതിയിൽ നിന്ന് പിന്മാറിയത് പണത്തിന് ആവശ്യമുണ്ടായതിനാലാണ്. എന്നാൽ 15% ആളുകൾക്ക് അക്കൗണ്ടിലിടാൻ പണമില്ലായെന്നും ICSSR നടത്തിയ പഠനത്തിൽ പറയുന്നു.
ആര്‍ട്ടിക്കിൾ 14 എന്ന ഓൺലൈൻ മാധ്യമം പരാതിക്കാരെ ബന്ധപ്പെട്ട് വിശദമായ ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ബിഹാറിലെ സരൻ ജില്ലയിൽ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരിയായ കുന്ദൻ കുമാർ ഉൾപ്പടെയുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന, പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികൾക്കായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകൾ നിക്ഷേപകൻ്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
തൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത് ശ്രദ്ധയിൽ പെട്ട കുന്ദൻ കുമാര്‍ 2022 ഡിസംബര്‍ 29 ന് വിവരവാകാശ നിയമപ്രകാരം പ്രധാന മന്ത്രി ജീവൻ ജ്യോതി ഭിമ യോജനയിൽ അംഗമാകാനുള്ള തൻ്റെ അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് എസ്ബിഐയിൽ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ 2023 ഫെബ്രുവരി രണ്ടിന് നൽകിയ മറുപടിയിൽ ഈ അപേക്ഷ കണ്ടെത്താനായില്ലെന്നാണ് എസ്ബിഐ വ്യക്തമാക്കിയത്. കുന്ദൻ്റെ അക്കൗണ്ടിൽ നിന്ന് വര്‍ഷം തോറും പിൻവലിച്ച 436 രൂപ തിരികെ നൽകാനും ബാങ്ക് വിസമ്മതിച്ചു. ഈ പണം ഇതുവരെ തിരികെ കിട്ടിയിട്ടുമില്ലെന്ന് കുന്ദൻ കുമാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇദ്ദേഹത്തെ പോലെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. കുന്ദൻ കുമാറിൻ്റെ അമ്മ അപേക്ഷിക്കാതെ തന്നെ അടൽ പെൻഷൻ യോജനയിൽ അംഗമായി. ഇത് പ്രകാരം അമ്മയുടെ അക്കൗണ്ടിൽ നിന്ന് 20 രൂപ വീതം വര്‍ഷം തോറും പിൻവലിക്കപ്പെട്ടിട്ടുണ്ട്. അതും അമ്മയുടെ അറിവില്ലാതെയാണെന്നാണ് പരാതി. പ്രധാന മന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ അംഗമായ ആളുടെ മരണം സംഭവിച്ചാൽ നോമിനിക്ക് 2 ലക്ഷം രൂപയാണ് ലഭിക്കുക. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പ്രകാരം അപകട മരണം സംഭവിച്ചാൽ നോമിനിക്ക് 2 ലക്ഷം രൂപയും ഗുരുതരമായ പരിക്കേറ്റാൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിക്കും. അതേസമയം അടൽ പെൻഷൻ യോജനയിൽ 60 വയസ് പിന്നിടുന്ന സ്ത്രീകൾക്ക് മാസം തോറും 5000 രൂപ വരെ ലഭിക്കും. ഇതും അപേക്ഷയിൽ തിരഞ്ഞെടുക്കുന്ന പെൻഷൻ പ്ലാനിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. എന്നാൽ അപേക്ഷിക്കാതെ പദ്ധതികളിൽ അംഗമായവര്‍ക്ക് തങ്ങൾ പ്രീമിയം അടക്കുന്ന വിവരം പോലും അറിയില്ല. മാത്രമല്ല, ഇവരുടെ പോളിസി സര്‍ട്ടിഫിക്കറ്റുകളിൽ നോമിനി സ്ഥാനത്ത് ആരുടെയും പേര് രേഖപ്പെടുത്തിയിട്ടുമില്ല. അതിനാൽ തന്നെ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയും അടഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പദ്ധതികൾ 2015 മെയ് മാസത്തിലാണ് അവതരിപ്പിച്ചത്. രാജ്യത്തെ സാധാരണക്കാരായ ആളുകളുടെ ജീവിതത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായിരുന്നു ഇവ അവതരിപ്പിച്ചത്. പദ്ധതികൾ അവതരിപ്പിക്കപ്പെട്ടപ്പോൾ മുതൽ രാജ്യത്തെ ബാങ്കുകൾക്ക് മുകളിൽ കേന്ദ്ര സര്‍ക്കാരിൻ്റെ സമ്മർദ്ദം ഉണ്ടായിരുന്നു. അതിനാലാണ് അപേക്ഷിക്കാത്തവരെയടക്കം പദ്ധതികളിൽ ബാങ്കുകൾ അംഗങ്ങളാക്കിയതെന്നാണ് ആരോപണം. എന്നാൽ ബാങ്കുകളുടെ തലപ്പത്ത് നിന്ന് താഴേക്ക് എല്ലാ ഓഫീസുകളിലും പദ്ധതികളിൽ അംഗങ്ങളെ ഇത്തരത്തിലാണ് കൂട്ടിച്ചേര്‍ത്തതെന്ന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിന് ആധാരമായ നിരവധി തെളിവുകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
തട്ടിപ്പിൻ്റെ ഏറ്റവും വലിയ തെളിവായി ചൂണ്ടിക്കാട്ടുന്നത് ഇൻഷുറൻസ് ആക്ടിവേഷൻ പോര്‍ട്ടലിൽ അപേക്ഷകരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത രീതിയാണ്. നിരവധി ഉപയോക്താക്കളുടെ രേഖകൾ ഒന്നിച്ച് രേഖപ്പെടുത്തിയ സ്പ്രെഡ്‌ഷീറ്റ് ഫയലായും മറ്റും പോര്‍ട്ടലിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. അതിനാൽ തന്നെ ബാങ്കിൻ്റെ തലപ്പത്ത് നിന്ന് അടിച്ചേൽപ്പിച്ച ഉയര്‍ന്ന ടാര്‍ജറ്റ് വരെ വളരെ എളുപ്പത്തിൽ നേടിയെടുക്കാൻ താഴേത്തട്ടിലുള്ള ജീവനക്കാര്‍ക്ക് സാധിച്ചിട്ടുണ്ടാകുമെന്നും ഇതിലൂടെ വ്യക്തമാകുന്നു. അപേക്ഷകരുടെ അനുമതിയോടെ തന്നെയാണോ ഇവരെല്ലാം പദ്ധതികളിൽ അംഗങ്ങളായതെന്നതും ബാങ്കിലെ ഉന്നതര്‍ പരിശോധിച്ചതുമില്ല.
കേന്ദ്ര പൊതുമേഖലാ ബാങ്കായ യുകോ ബാങ്കിലെ ജീവനക്കാരുടെ സംഘടന ഈ പദ്ധതികളിൽ അംഗങ്ങളെ ചേര്‍ത്ത രീതിയിൽ അപാകതകളുണ്ടെന്ന് ആരോപിച്ച് 2023 ആഗസ്റ്റിൽ സിഇഒ കൂടിയായ മാനേജിങ് ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. ഡെറാഡൂണിൽ അംഗങ്ങളെ ചേര്‍ത്തതിലാണ് ഇവര്‍ ക്രമക്കേട് ആരോപിച്ചത്. ജൂലൈ അവസാനത്തോടെ ഡെറാഡൂണിലെ യൂകോ ബാങ്ക് സോണൽ ഓഫീസിൽ നിന്ന് ബ്രാഞ്ചുകളിലേക്ക് പദ്ധതികളിൽ അംഗങ്ങളാക്കാവുന്നവരുടെ പട്ടിക ബ്രാഞ്ചിലേക്ക് അയച്ച്, ഇവരെയെല്ലാം പ്രധാനമന്ത്രി സുരക്ഷ ഭിമ യോജനയിലും പ്രധാന മന്ത്രി ജീവൻ ജ്യോതി ഭിമ യോജനയിലും അംഗങ്ങളാക്കാൻ ആവശ്യപ്പെട്ടുവെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ഇതിൽ പല ബ്രാഞ്ച് മാനേജര്‍മാരും വിസമ്മതം രേഖപ്പെടുത്തിയിരുന്നുവെന്നും ഹെഡ് ഓഫീസിനോട് നേരിട്ട് ഇത് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ഇതിൽ ആരോപണമുണ്ട്.
ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടി പരാതികൾ വന്നതോടെ മാനേജര്‍മാർ സോണൽ ഓഫീസിൽ നിന്ന് റീഫണ്ട് നൽകാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സോണൽ ഓഫീസിൽ നിന്ന് പരാതിക്കാരോട് പഴയ തീയതി രേഖപ്പെടുത്തിയ അപേക്ഷ എഴുതി വാങ്ങാനുള്ള നിര്‍ദ്ദേശമാണ് നൽകിയിരിക്കുന്നത്. കാനറ ബാങ്കിലും സമാനമായ സ്ഥിതിയുണ്ടെന്ന് രാജസ്ഥാനിലെ ഒരു ബാങ്ക് ജീവനക്കാരൻ പരാതി ഉന്നയിച്ചിട്ടുണ്ട്. പ്രധാന മന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ അംഗങ്ങളാക്കേണ്ടവരുടെ പട്ടിക റീജണൽ ഓഫീസിൽ നിന്ന് ബ്രാഞ്ച് ഓഫീസിലേക്ക് അയച്ചുകൊടുത്തു എന്നാണ് ആരോപണം.
ഗുജറാത്തിൽ പ്രധാന മന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ അപേക്ഷിക്കാതെ അംഗമായ സ്ത്രീ ബാങ്കിൽ ചെന്ന് പരാതി ഉന്നയിച്ചപ്പോൾ സാങ്കേതിക തകരാറാണെന്ന് ജീവനക്കാര്‍ മറുപടി നൽകിയതായി റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡയിൽ കര്‍ണാടകയിലും എസ്ബിഐയിൽ ഡൽഹിയിലും സമാനമായ പരാതികൾ ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ഈ ബാങ്കുകളൊന്നും ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എന്നാൽ 2024 ജനുവരിയിൽ മണികൺട്രോളിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ഈ വിഷയം എസ്ബിഐയുടെ ശ്രദ്ധയിൽപെട്ടിരുന്നുവെന്നും അധാര്‍മിക പ്രവര്‍ത്തനത്തിൽ നിന്ന് ജീവനക്കാരോട് പിന്മാറാൻ നിര്‍ദ്ദേശം നൽകിയെന്നും പറയുന്നുണ്ട്. ഇക്കണോമിക് ടൈംസ് 2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ, കാനറ ബാങ്ക് സംഭവത്തിൽ ഓഡിറ്റിന് നിര്‍ദ്ദേശം നൽകിയെന്നും ആഴ്ചകൾക്ക് ശേഷം പരാതിക്കാരിൽ നിന്ന് അപേക്ഷ എഴുതിവാങ്ങാൻ ആവശ്യപ്പെട്ടുവെന്നും പറയുന്നു.
Read Also: പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം; മേഘാലയയിൽ രണ്ട് പേരെ തല്ലിക്കൊന്നു
ഇൻഷുറൻസ് സ്കീമുകൾ ചെലവ് കുറഞ്ഞതും പ്രയോജനമുള്ളതുമാണ്. എന്നാൽ അനുവാദമില്ലാതെ തുക പിടിക്കുന്നതാണ് ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. വിദ്യാർഥികളും തൊഴിലാളികളും, തൊഴിൽരഹിതരുമായ അനേകം പേർക്കാണ് ഇത്തരത്തിൽ തുക നഷ്ടപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ പലരും തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അനുവാദമില്ലാതെ അംഗങ്ങളായ പദ്ധതിയിൽ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന വിഷയങ്ങളിലുള്ള യൂട്യൂബ് വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഇതുതന്നെ തട്ടിപ്പിൻ്റെ വ്യാപ്തി തുറന്നുകാട്ടുന്നുണ്ട്. അക്കൗണ്ടിൽ നിന്ന് ഡെബിറ്റാവുന്ന തുകയുടെ റീഫണ്ട് ആവശ്യപ്പെടുമ്പോൾ പ്രശ്നങ്ങൾ ഒഴിവാക്കാൻ ജീവനക്കാർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് നൽകിയതായും ബാധിക്കപ്പെട്ടവർ പറയുന്നു.
Story Highlights : Banks taking money for insurance schemes by Modi without consent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here