Advertisement

ലോക്‌സഭാ ഇലക്ഷൻ: ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

March 28, 2024
Google News 2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർഥികൾ നേരിട്ട് വോട്ടർമാരെ കാണുന്നതും സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാൽ യുവ വോട്ടർമാരെ ആകർഷിക്കാനുള്ള തന്ത്രങ്ങളും എല്ലാ പാർട്ടികളും പയറ്റുന്നുണ്ട്. എന്നാൽ 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്നപോലെ സമൂഹമാധ്യങ്ങളിലൂടെയുള്ള പ്രചാരണത്തിൽ ബിജെപി തന്നെയാണ് മുന്നിൽ.

വാട്സാപ്പ്, എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേയ്സ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ ട്രെൻഡിങ് ആയ ഉള്ളടക്കങ്ങളാണ് പങ്കുവെയ്ക്കപ്പെടുന്നത്. വാട്സാപ്പാണ് പ്രധാനപ്പെട്ട പ്രചാരണ മാർഗ്ഗം. 50 ലക്ഷം വാട്സാപ്പ് ഗ്രൂപ്പുകളാണ് ബിജെപിയുടെ ഐടി സെല്ലിൻ്റെ കീഴിൽ പ്രവർത്തിക്കുന്നതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. വെറും 12 മിനിറ്റിനുള്ളിൽ ഡൽഹിയിൽ നിന്നും രാജ്യത്തിൻ്റെ മുക്കിലും മൂലയിലും വാട്സാപ്പിലൂടെ സന്ദേശങ്ങളെത്തും. മുൻ വർഷങ്ങളിൽ ഇത് 40 മിനിറ്റായിരുന്നു. വരും വർഷങ്ങളിൽ 5 മിനിറ്റായി ഈ സമയം ചുരുക്കാനാണ് ശ്രമിക്കുന്നത്.
2019 വരെ ബിജെപിയുടെ പരസ്യബജറ്റിൻ്റെ സിംഹഭാഗവും ഫേയ്സ്ബുക്കിനായിരുന്നു. എന്നാൽ ഇപ്പോൾ കഥമാറി. ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്സുമാണ് താരം. പരസ്യത്തിനായി പൈസ ചെലവഴിക്കുന്നതും ഇതിലൂടെയുള്ള പ്രചാരണത്തിനാണ്. “ദൈർഘ്യമേറിയ വീഡിയോകളൊന്നും ഇപ്പോൾ ആരും കാണാറില്ല. ട്രെൻഡിങ് മീമുകളും മ്യൂസിക്കും ഉപയോഗിച്ചുള്ള ചെറിയ വീഡിയോകളാണ് നിർമ്മിക്കുന്നത്. ആളുകളുടെ താൽപര്യങ്ങളെ മുൻനിർത്തിയാണ് ഇവയ്ക്കുള്ള കണ്ടൻ്റുകൾ തയ്യാറാക്കുന്നത്”, ബിജെപി ഐടി സെല്ലിലുള്ള നിഖിൽ ശ്രീവാസ്തവ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.

Read Also: കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയിൽ അപേക്ഷിക്കാതെ അംഗമാക്കും, പണം നഷ്ടം; വ്യാജരേഖ ചമച്ച് ബാങ്കുകൾ

പ്രചാരണപങ്കാളികളായി ഇൻഫ്ലുവൻസർമാരും

കഴിഞ്ഞവർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ്നെസ് ഇൻഫ്ലുവൻസറായ അങ്കിത് ബയാൻപുരിയയ്ക്കൊപ്പം ഒരു വീഡിയോ ചെയ്തിരുന്നു. നടിയും രാഷ്ട്രീയപര്വർത്തകയുമായ കാമ്യ പഞ്ചാബിക്കൊപ്പമുള്ള ഒരു വീഡിയോയിൽ കേന്ദ്രമന്ത്രി സ്മതി ഇറാനി ഭാഗമായിരുന്നു. കാമ്യ പഞ്ചാജി കോൺഗ്രസ് പ്രവർത്തകയാണെങ്കിലും ബിഗ്ബോസ് പോലുള്ള ഷോയിലൂടെ ഏറെ ആരാധകരെ നേടിയിരുന്നു. കൂടാതെ ഇൻഫ്ലുവൻസർമാർക്കായി MyGov പോർച്ചൽ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. അവാർഡ് ജേതാവായ റൺവീർ അലഹബാദിയയെ പ്രധാനമന്ത്രി അനുമോദിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ യുവാക്കളെ ആകർഷിക്കുന്നതിന് സഹായിക്കുമെന്ന് മാത്രമല്ല ഇൻഫ്ലുവൻസർമാരുടെ ഫോളോവേഴ്സിലേക്ക് രാഷ്ട്രീയം എത്തുകകയും ചെയ്യും.

കഴിഞ്ഞയാഴ്ച ബിജെപി ഡേറ്റിങ് ആപ്പിൻ്റെ മാതൃകയിൽ ഒരു റീൽ പുറത്തിറക്കിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ പ്രൊഫൈലുകളെ ഇടതുവശത്തേക്ക് സ്വൈപ്പ് ചെയ്യുന്നതായിരുന്നു ഉള്ളടക്കം. ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നത് ചെറുപ്പക്കാരാണ് എന്നിരിക്കെ ഈ റീലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പാർട്ടി യുവസംഘടനകളും വിവിധ പരിപാടികളും ക്യാമ്പെയിനുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളുമായി മുന്നിൽത്തന്നെയുണ്ട്. സ്പോൺസേഡ് പരസ്യങ്ങളിലൂടെ ഇൻസ്റ്റഗ്രാമും പ്രചാരണത്തിൽ മുന്നിലാണ്. രണ്ട് ദിവസം മുമ്പ് ബിജെപി ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ ബ്രോഡ്കാസ്റ്റ് ചാനലിന് ഇപ്പോൾ തന്നെ രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ ഫേയ്സ്ബുക്കിലെ പ്രധാന ബിജെപി ഹാൻഡിലൽ പരസ്യത്തിനായി മാത്രം ചെലവായത് 1.77 കോടിയാണ്. ഗൂഗിൾ പരസ്യത്തിനാകട്ടെ ഫെബ്രുവരി 1 മുതൽ മാർച്ച് 4 വരെ ചെലവാക്കിയത് 30 കോടിയും.

Story Highlights : BJP’s IT Cell manages over 50 lakh WhatsApp groups to disseminate poll-related information.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here