ആഭ്യന്തര കലഹവും ഗോത്ര എതിര്‍പ്പുകളും രൂക്ഷം; ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് കടുത്ത പോരാട്ടം

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് അത്ര എളുപ്പമായിരിക്കില്ലെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മേല്‍ക്കൈ നേടിയ ബിജെപി ഈ തെരഞ്ഞെുപ്പില്‍ കടുത്ത പോരാട്ടം കാഴ്ചവയ്‌ക്കേണ്ടിവരും. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങളും അണികള്‍ക്കിടയിലെ പ്രശ്‌നങ്ങളും ഗോത്രവര്‍ഗ പ്രശ്‌നങ്ങളും കാരണം ഝാര്‍ഖണ്ഡ് മണ്ണില്‍ ബിജെപിക്ക് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരും.(BJP to face tough fight in Jharkhand)
14 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് മെയ് 13 മുതല്‍ നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. അടുത്തിടെ പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കെല്ലാം സീറ്റ് നല്‍കി സിറ്റിങ് എംപിമാരെ ഒഴിവാക്കിയാണ് മിക്ക മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.
13 സീറ്റുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ ഒരു സീറ്റില്‍ (ഗിരിദിഹ് മണ്ഡലം)സഖ്യകക്ഷിയായ എജെഎസ്യു ആണ് മത്സരിക്കുക. ധന്ഡബാദ് മണ്ഡലത്തില്‍ ബഗ്മര എംഎല്‍എ ദുലു മഹ്‌തോയുടെ സ്ഥാനാര്‍ത്ഥിത്വം ഞെട്ടിച്ചെന്നും സിറ്റിംഗ് എംപിയായ പശുപതി നാഥ് സിംഗിനെ ഒഴിവാക്കിയെന്നും ഇത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ നീരസമുണ്ടാക്കിയെന്നും നേതാക്കള്‍ പറയുന്നു.
ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. സീറ്റ് പ്രതീക്ഷിച്ച് പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അതുകിട്ടുന്നില്ലെന്നും പ്രവര്‍ത്തകര്‍ക്ക് അവര്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുണ്ടെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് താക്കൂര്‍ പറഞ്ഞു. ദുംക സീറ്റില്‍ സിറ്റിങ് എംപി സുനില്‍ സോറനെ മാറ്റി ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപിയിലേക്ക് എത്തിയ സീത സോറനെ സ്ഥാനാര്‍ത്ഥിയാക്കി. ഷിബു സോറന്റെ മൂത്ത മരുമകളാണ് സീത സോറന്‍. 2019ല്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവിനെ 47000ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സുനില്‍ വിജയിച്ചത്. ഈ സീറ്റ് മാറ്റം ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
Read Also: പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം; മേഘാലയയിൽ രണ്ട് പേരെ തല്ലിക്കൊന്നു
ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ദുംക സീറ്റില്‍ നിന്ന് ജെഎംഎം മത്സരിപ്പിച്ചേക്കുമെന്നും ഊഹാപോഹങ്ങളുണ്ട്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജനുവരി 31 നാണ് ഹേമന്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
Story Highlights : BJP to face tough fight in Jharkhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here