ടൂർ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; ലോറയിലേക്ക് കാർ ഇടിച്ചുകയറ്റി; അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ ദുരൂഹത. നൂറനാട് സ്വദേശി അനുജ, ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തിൽ മരിച്ചത്. എതിർദിശയിൽ നിന്ന് വന്ന കണ്ടെയ്‌നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റിയതെന്ന് സൂചന. ഇരുവരും തൽക്ഷണം മരിച്ചു.
സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. അമിത വേഗതയിലാണ് അനുജയെ കാറിൽ കയറ്റിക്കൊണ്ട് പോയത്. സഹഅധ്യാപികർക്ക് സംശയം തോന്നി അടൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് വാഹനത്തിനായി പൊലീസും പരിശോധന നടത്തിയിരുന്നു. ഇതിനിടെ അനുജയെ സഹഅധ്യാപകർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അനുജ കരയുന്നുണ്ടായിരുന്നെന്നും കുഴപ്പമില്ല ഞാൻ എത്തിക്കോളാം എന്നു പറഞ്ഞാണ് ഫോൺ കട്ടാക്കിയതെന്ന് അധ്യാപകർ പറയുന്നു. പിന്നാലെയാണ് അപകടവിവരം അറിയുന്നത്.
Read Also: ദാരുണം; ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് 3 പേര്‍ മരിച്ചു
അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഈ കാർ വാടകയ്ക്ക് എടുത്തതാണ്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. അനുജയ്ക്ക് 11 വയസുള്ള മകനുണ്ട്. കായകുളം സ്വദേശിയാണ് ഭർത്താവ്.
Story Highlights : mystery over adoor accident anuja and hashim death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here