മില്ലറും സായ് സുദർശനും തിളങ്ങി; സൺറസേഴ്സിനെതിരെ പൊരുതിജയിച്ച് ഗുജറാത്ത്
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പൊരുതിജയിച്ച് ഗുജറാത്ത് ടൈറ്റൻസ്. 163 റൺസ് വിജലയക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് 3 വിക്കറ്റ് നഷ്ടപ്പെടുത്തി 19.1 ഓവറിൽ വിജയം കുറിച്ചു. 36 പന്തിൽ 45 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ.
ആക്രമിച്ച് തുടങ്ങിയ വൃദ്ധിമാൻ സാഹയും കരുതലോടെ തുടങ്ങിയ ശുഭ്മൻ ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമാണ് ഗുജറാത്തിനു നൽകിയത്. 13 പന്തിൽ 25 റൺസ് നേടിയ സാഹയെ പുറത്താക്കി ഷഹബാസ് അഹ്മദ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. രണ്ടാം വിക്കറ്റിൽ സായ് സുദർശനും ശുഭ്മൻ ഗില്ലും ചേർന്ന് ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. സാവധാനത്തിൽ ഇന്നിംഗ്സ് കെട്ടിപ്പടുത്ത ഇരുവരും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു. 28 പന്തിൽ 36 റൺസ് നേടിയ ഗില്ലിനെ മടക്കി മാർക്കണ്ഡെ ഹൈദരാബാദിനെ വീണ്ടും കളിയിലേക്ക് തിരികെയെത്തിച്ചു.
മൂന്നാം വിക്കറ്റിൽ സായ് സുദർശനും ഡേവിഡ് മില്ലറും ചേർന്ന കൂട്ടുകെട്ടാണ് ഗുജറാത്തിനെ വിജയിപ്പിച്ചത്. മധ്യ ഓവറുകളിൽ സ്കോറ് ഉയർത്താൻ വിഷമിച്ച ഇരുവരും സാവധാനം ആക്രമണ മൂഡിലെത്തി. മായങ്ക് മാർക്കണ്ഡെ എറിഞ്ഞ 16ആം ഓവറിൽ 24 റൺസ് പിറന്നത് നിർണായകമായി. സുദർശനെ കമ്മിൻസ് മടക്കിയെങ്കിലും മില്ലറുമൊത്ത് മൂന്നാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്താണ് താരം പുറത്തായത്. 27 പന്തിൽ 44 റൺസ് നേടി പുറത്താവാതെ നിന്ന മില്ലർ ഗുജറാത്തിന് വിജയം സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 162ലെത്തിയത്. സൺറൈസേഴ്സ് ബാറ്റർമാർക്കെല്ലാം തുടക്കം കിട്ടിയെങ്കിലും ആർക്കും അത് മുതലെടുക്കാനായില്ല. ഗുജറാത്തിനായി മോഹിത് ശർമ്മ 3 വിക്കറ്റ് വീഴ്ത്തി.
Story Highlights: gujarat titans won srh ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here