നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്; ജീവിതത്തിന്റെ ഗന്ധമുള്ള, പടയണിയുടെ ചടുലതയുള്ള കവിതകളുടെ കവി; ഓർമ്മയിൽ കടമ്മനിട്ട

പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണൻ ഓർമയായിട്ട് 16 വർഷം തികയുന്നു. നാടോടി കലകളേയും പടയണി പോലുള്ള കലാരൂപങ്ങളേയും സന്നിവേശിപ്പിച്ചാണ് കടമ്മനിട്ട കവിതയെഴുതിയത്. കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന കവികൂടിയാണ് കടമനിട്ട. കാൽപ്പനികത നിറഞ്ഞ കവിതകളിൽ നിന്ന് വ്യത്യസ്തമായി പച്ചയായ ജീവിതത്തിന്‍റെ നേർക്കാഴ്ചയായിരുന്നു കടമനിട്ടക്കവിതകൾ. ചൊൽക്കവിതയുടെ മൂർച്ചയും താളവും കവിതയിൽ നിറഞ്ഞുനിന്നു. (Kadammanitta Ramakrishnan death anniversary)
കടമ്മനിട്ടയുടെ ഓരോ വരികളും അത് കേട്ടുവളർന്ന യുവതയുടെ സിരകളിൽ തീപടർത്തി. ചോദ്യങ്ങൾ ചോദിച്ച് കാലത്തിന്‍റെ, സമൂഹത്തിന്‍റെ പൊള്ളത്തരങ്ങളോട് കവി സദാ കലഹിച്ചിരുന്നു. പടയണിക്കു പ്രശസ്തമായ കടമ്മനിട്ട ഗ്രാമത്തിൽ ജനിച്ച കവിയുടെ ജീവിതത്തിൽ പടയണി ചെറുതല്ലാത്ത സ്വാധീനം ചെലുത്തി. കവിതകളിൽ നാടോടികലകളുടെ താളം നിറഞ്ഞുനിന്നു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
കോഴി, കുറത്തി, കാട്ടാളൻ, ചാക്കാല, ശാന്ത തുടങ്ങിയ കവിതകൾ മലയാളികൾക്ക് മറക്കാനാകാത്തതാണ്. കടമ്മനിട്ടയുടെ നിരവധി കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്. റോബർട്ട് ഫ്രോസ്റ്റിന്‍റെ കവിത വിവർത്തനം ചെയ്തത് മലയാളത്തിലെ എക്കാലത്തേയും മികച്ച വിവർത്തനങ്ങളിൽ ഒന്നായി. മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും എന്ന് തുടങ്ങുന്ന ആ വിവർത്തനം യഥാർത്ഥ കവിതയുടെ ആത്മാവിനെ പൂർണമായി ഉൾക്കൊള്ളുന്നതായിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ അധ്യക്ഷനായിരുന്നു. വിടവാങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും കവിതകളിലൂടെ ആ സാന്നിധ്യം നമ്മൾ അനുഭവിക്കുന്നു.വിസ്മയം പോലെ ലഭിച്ച ജീവിതത്തിന് അർത്ഥം കൊടുത്തുപൊലിപ്പിച്ചെടുക്ക നാം എന്ന് കവി നമ്മെ ഓർമിപ്പിക്കുന്നു.
Story Highlights : Kadammanitta Ramakrishnan death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here