റിയാസ് മൗലവി കേസിൽ പ്രസ്താവന പിന്‍വലിച്ച് ലീഗ് പൊതുസമൂഹത്തോട് മാപ്പ് പറണം: കെ.ടി ജലീല്‍ എംഎല്‍എ

കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധി സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് ലീഗ് ശ്രമമെന്നും പ്രസ്താവന പിന്‍വിലച്ച് ലീഗ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഡോ.കെ.ടി ജലീല്‍ എംഎല്‍എ. ഇ.ഡിയെ ഭയന്ന് നീതിന്യായ സംവിധാനങ്ങള്‍ വരെ കാവിവല്‍ക്കരിക്കപ്പെടുന്നുവെന്ന് തുറന്നു പറയാന്‍ കഴിയാത്തതിനാലാണ് ലീഗ് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുന്നതെന്നും കെ.ടി ജലീല്‍ പറഞ്ഞു.
റിയാസ് മൗലവിയുടെ ഭാര്യയോ കുടുംബമോ സമര സമിതിയോ സര്‍ക്കാരിനേയും പ്രോസിക്യൂഷനേയും കുറ്റപ്പെടുത്തിയിട്ടില്ല. ഏഴ് വര്‍ഷം പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരുന്നത് കേസില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തതിനാലാണ്. കൊവിഡ് കാലത്ത് പോലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇത്തരം കേസ് വെറെ ഉണ്ടോയെന്ന് സംശയമാണ്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന സെക്രട്ടറി പി.എം.എ സലാമും നടത്തിയത് അസംബന്ധം നിറഞ്ഞ പ്രസ്താവനയാണ്. ഇത് നിരുത്തരവാദപരവും മികച്ച രീതിയില്‍ കേസ് അന്വേഷിച്ച് തെളിവുകളെല്ലാം കോര്‍ത്തിണക്കി കുറ്റപത്രം തയ്യാറാക്കിയ അന്വേഷണ സംഘത്തിന്റെ മനോവീര്യം നഷ്ടപ്പെടുത്തുന്നതുമാണ്. കേസില്‍ പൊലീസും പ്രോസിക്യൂഷനും തമ്മില്‍ ഒത്തുകളിച്ചുവെന്ന് ആരോപിക്കുന്ന ലീഗ്, കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ശ്രീനിവാസ് അത്തരം ഉദ്യോഗസ്ഥനാണോയെന്ന് വ്യക്തമാക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു.
സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി കോടതി വിധി വരുന്നത് ആദ്യസംഭവമല്ല. എന്നുകരുതി അത് ഒത്തുകളിയുടെ ഭാഗമാണെന്ന് പറയുന്നത് അസംബന്ധമാണ്. കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് അവധാനത്തോടെയുള്ള പ്രതികരണമാണ് ഉണ്ടാകേണ്ടിയിരുന്നത്. കോടതിവിധി ഉയര്‍ത്തിക്കാട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനാണ് ഇപ്പോള്‍ യു.ഡി.എഫ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് കോടതി വിധി ഉപയോഗിക്കുന്നത്. ലീഗിന്റെ പ്രതികരണം ആത്മാര്‍ത്ഥപരമാണെങ്കില്‍ ലീഗ് ഭരണകാലത്ത് കാസര്‍കോട്ട് നടന്ന മൂന്ന് കൊലക്കേസുകളിലെ വിധി സംബന്ധിച്ച നിലപാട് വ്യക്തമാക്കണം. ആ കേസുകളില്‍ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. അത് ജനങ്ങള്‍ക്കറിയാം എന്നിരിക്കെയാണ് റിയാസ് മൗലവി കേസില്‍ ലീഗ് അസംബന്ധം എഴുന്നള്ളിക്കുന്നത്. ലീഗ് നേതാവാണ് റിയാസ് മൗലവി സമര സമിതിയെ നയിക്കുന്നത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റിന്റെ അടുത്ത ബന്ധുവുമാണ്. അതിനാല്‍ അസംബന്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ ലീഗ് തയ്യാറാകണം.
Read Also: റിയാസ് മൗലവി കൊലപാതക കേസ്; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം
2008-2017 കാലയളവില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ആറ് കൊലപാതകം ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. ഇവയില്‍ അവസാനത്തെ കേസാണ് റിയാസ് മൗലവി വധം. പിന്നീട് ഇതുവരെ ഒരാളും കാസര്‍കോട് സ്‌റ്റേഷന്‍ പരിധിയില്‍ കൊല്ലപ്പെട്ടിട്ടില്ല എന്നത് കേസിനെ തുടര്‍ന്ന് സര്‍ക്കാരെടുത്ത ശക്തമായ നടപടികളുടെ തെളിവാണ്. കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധി നിരാശാജനകവും നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷ അര്‍പ്പിച്ചവരെ ഞെട്ടിക്കുന്നതുമാണ്. ജില്ലാ കോടതിയുടേത് അന്തിമവിധിയില്ല. അപ്പീല്‍ നല്‍കുന്നതിന് സര്‍ക്കാര്‍ നടപടിയുണ്ടാകും. ഒത്തുകളി ആരോപിക്കുന്നവര്‍ നന്നായി ജോലി ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രയത്‌നം കാണാതെ പോകുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സി.പി.എമ്മിനുള്ള വിശ്വാസ്യതയെ ഇകഴിത്തിക്കാണിക്കുന്നതിന് വിധിയെ ഉപയോഗിക്കാനാണ് ലീഗ് ശ്രമം. ഇതു വിലപോകില്ല. ഇ.ഡിയെ ഭയന്ന് ലീഗിന് പ്രതികരിക്കാന്‍ സാധിക്കുന്നില്ല. അതിനാലാണ് അവാസ്തവങ്ങള്‍ എഴുന്നള്ളിക്കുന്നത്. സംഘപരിവാരത്തിനെതിരെ ഒരു പരിധിക്കപ്പുറം പറഞ്ഞാല്‍ ഇ.ഡിയെ വിട്ട് ശരിയാക്കുമെന്ന ഭയം ലീഗിനെ അലട്ടുന്നതായും കെ.ടി ജലീല്‍ എംഎല്‍എ കൂട്ടിച്ചേർത്തു.
Story Highlights : Muslim league should apologize to public in Riyas Moulavi case says KT Jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here