കരുവന്നൂർ കള്ളപ്പണ ഇടപാട്; പി കെ ബിജുവിനും പി കെ ഷാജനും ഇഡി നോട്ടീസ്
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പിടിമുറുക്കി ഇഡി. കേസുമായി ബന്ധപ്പെട്ട് മുന്‍ എം.പി പി.കെ.ബിജു, പി.കെ.ഷാജന്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. എ.സി.മൊയ്തീന്‍, എം.കെ.കണ്ണന്‍ എന്നിവര്‍ക്കെതിരെയും സഹകരണ രജിസ്ട്രാര്‍ക്കെതിരെയും കടുത്ത നടപടിക്ക് നീക്കമുണ്ടെന്നാണ് വിവരം.(ED notice to PK Biju and PK Shajan in karuvannur case)
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. മുൻ എംപി പി കെ ബിജു, സിപിഎം തൃശൂർ കോര്‍പറേഷൻ കൗൺസിലർ പി കെ ഷാജൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. ബിജുവിനോട് വ്യാഴാഴ്ചയും ഷാജനോട് വെള്ളിയാഴ്ചയും ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും. അന്വേഷണ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇത് കൈമാറിയിരുന്നില്ല. ഇതിന് പുറമെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇഡിയുടെ വാദം.
അതേസമയം എ.സി.മൊയ്തീന്‍, എം.കെ.കണ്ണന്‍ എന്നിവരെ കൂടി വൈകാതെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. സഹകരണ രജിസ്ട്രാര്‍ ചുമതല വഹിച്ചവര്‍ക്കെതിരെയും നടപടിക്ക് തീരുമാനമുണ്ട്. രജിസ്ട്രാര്‍ ചുമതല വഹിച്ചവര്‍ തട്ടിപ്പിന് ഒത്താശ ചെയ്തെന്നാണ് ഇഡി കണ്ടെത്തല്‍. ഓഡിറ്റ് വിവരങ്ങള്‍ മറച്ചുവച്ച് സഹകരണ രജിസ്ട്രാര്‍മാര്‍ തട്ടിപ്പിന് കൂട്ടുനിന്നതായി ഇഡി വ്യക്തമാക്കുന്നു.
Story Highlights : ED notice to PK Biju and PK Shajan in karuvannur case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here