‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’; അരുണാചല്‍ പ്രദേശില്‍ മരിച്ച മലയാളികളുടെ ആത്മഹത്യാ കുറിപ്പ്

അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളും അധ്യാപികയും മരിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സന്തോഷത്തോടെ ജീവിച്ചു ഇനി പോകുന്നു എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മരിച്ച മൂന്ന് പേരുടെയും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. മൂന്ന് പേരും മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ പരിശോധിച്ചതും കേസില്‍ നിര്‍ണായകമാകും. ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഇറ്റാനഗറില്‍ നിന്ന് 120 കിലോമീറ്ററുകള്‍ അകലെ സിറോ എന്ന സ്ഥലത്താണ് മൂന്ന് പേരും ഹോട്ടല്‍ മുറിയെടുത്തത്. ഇവിടെ വച്ചായിരുന്നു ആത്മഹത്യ. സ്ത്രീകളില്‍ ഒരാളുടെ മൃതദേഹം കട്ടിലിലും മറ്റൊരാള്‍ നിലത്തുമായിരുന്നു. കൈ ഞരമ്പും മുറിച്ചിരുന്നു. ഹോട്ടല്‍ മുറിയിലെ ശുചിമുറിയിലാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. പ്രഭാത ഭക്ഷണം കഴിക്കാന്‍ സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മുറിയില്‍ വന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. മുറിക്കുള്ളിലെ മേശയില്‍ നിന്നുമാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
ടെലിഗ്രാം ബ്ലാക്ക് മാജിക്?
മൂവരും ബ്ലാക്ക് മാജിക്കിന് ഇരയായതായാണ് പൊലീസ് നിഗമനം. ബ്ലാക്ക് മാജിക്കില്‍ ആദ്യം ആകൃഷ്ടനായത് നവീനാണ്. പിന്നാലെ ഭാര്യയായ ദേവിയെയും സുഹൃത്ത് ആര്യയെയും ഉള്‍പ്പെടുത്തി. ടെലിഗ്രാം ഗ്രൂപ്പുകളും നവീന്റെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് കാരണം ബ്ലാക്ക് മാജിക് ആണെന്ന് ചൂണ്ടിക്കാട്ടി ആര്യയുടെ ബന്ധു സൂര്യ കൃഷ്ണാമൂര്‍ത്തിയും രംഗത്തെത്തി.
മിസ്സിംഗ് കേസില്‍ നിന്ന് തുടങ്ങിയ അന്വേഷണം
മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് പൊലീസ് തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് ദുരൂഹമായ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 27 നാണ് ആര്യയെ കാണാനില്ലെന്ന് കാണിച്ച പിതാവ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്റെ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്.
Read Also: അന്ധവിശ്വാസം തടയാൻ ബില്‍: നടപടികൾ വേഗത്തിലാക്കാൻ നിർദേശം
വട്ടിയൂര്‍ക്കാവ് പൊലീസിന്റെ പ്രത്യേക അരുണാചല്‍ പ്രദേശിലേക്ക് തിരിക്കും. പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെ പൂര്‍ത്തിയായതിനു ശേഷം മാത്രമെ കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകൂ.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights : Suicide notes of Malayalees who died in Arunachal Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here