പിന്നിൽ ടെലിഗ്രാം ബ്ലാക്ക് മാജിക്? ദമ്പതികളുടെയും അധ്യാപികയുടെയും മരണത്തിൽ നിർണായക വിവരം

കോട്ടയം സ്വദേശികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചല്‍ പ്രദേശില്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. മൂവരുടെയും മരണത്തിന് പിന്നില്‍ ടെലിഗ്രാം ബ്ലാക്ക് മാജിക് ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചു. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ഇവരുടെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.(Telegram black magic kottayam couple death)
ദമ്പതികള്‍ ബ്ലാക്ക് മാജിക്കിന് ഇരയായത് ടെലിഗ്രാം വഴിയെന്നാണ് സംശയം. ബ്ലാക്ക് മാജിക്കില്‍ ആദ്യം ആകൃഷ്ടനായത് നവീന്‍ ആണ്. പിന്നാലെ ഭാര്യയായ ദേവിയെയും സുഹൃത്ത് ആര്യയെയും ഇതിലേക്ക് ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്നുള്ള മൂന്ന് പേരുടെയും യാത്രയില്‍ അടിമുടി ദുരൂഹതയായിരുന്നു. തിരുവനന്തപുരത്തു നിന്നും ആദ്യം പോയത് കല്‍ക്കട്ടയിലേക്കാണ്. ശേഷം നടത്തിയ ഗുവാഹട്ടി യാത്രയില്‍ ആരും പിന്തുടരാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തി. തങ്ങളെ കണ്ടെത്താതിരിക്കാന്‍ ഡിജിറ്റല്‍ പണമിടപാടും നടത്തിയില്ല. രണ്ടു ദിവസം ഇവരെ കുറിച്ച് പൊലീസിന് ഒരു വിവരവും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ നവീനിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. നവീന്റെയും ദേവിയുടെയും ആര്യയുടെയം സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും.
പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് നവീനും ദേവിയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ഇരുവർക്കും കുട്ടികളില്ല. ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ഇരുവരും ജോലി ചെയ്തിട്ടുണ്ട്. ഇതുപേക്ഷിച്ച് നവീൻ ഓൺലൈൻ ട്രേഡിങ്ങിലേക്കും ദേവി ജർമൻ ഭാഷ പഠിപ്പിക്കാനും ആരംഭിച്ചു. മാതാപിതാക്കൾക്കൊപ്പം താമസിച്ചുവന്നിരുന്ന ഇരുവരും വിനോദ യാത്രയ്ക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. മാർച്ച് 17നാണ് നവീനും ദേവിയും കോട്ടയം മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാർച്ച് 28ന് വീട്ടിലേക്ക് അവസാനമായി വിളിച്ചിരുന്നു. അവസാനം വിളിച്ചപ്പോൾ മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു.
ഇറ്റാനഗറിലെ ഒരു ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായിരുന്നു. വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് വിവരം. ബന്ധുക്കളുടെ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ആര്യ നവീനും ദേവിക്കും ഒപ്പമുണ്ടെന്ന് കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഗുവാഹട്ടിയിലേക്ക് ഇവർ പോയതായി കണ്ടെത്തിയിരുന്നു. വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടിൽ നിന്നിറങ്ങിയത്.
ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളിൽ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. മുൻപ് ഇതേ സ്കൂളിൽ ദേവി ജർമൻ പഠിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഇറ്റാനഗർ പൊലീസാണ് വട്ടിയൂർക്കാവ് പൊലീസിനെ മൂവരും മരിച്ച നിലയിൽ കണ്ടെന്ന വിവരമറിയിച്ചത്. ഇവർ മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.
Story Highlights : Telegram black magic kottayam couple death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here