Advertisement

25 പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം ; 23 പേരും ബിജെപിയിലെത്തി, അന്വേഷണം മരവിച്ചു

April 3, 2024
Google News 2 minutes Read

ഒന്നാം മോദി സർക്കാർ 2014ൽ അധികാരത്തിലേറിയ ശേഷം രാജ്യത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തത് പ്രതിപക്ഷത്തെ 25 നേതാക്കൾക്കെതിരെ. എന്നാൽ ഇതിൽ 23 നേതാക്കൾക്കെതിരായ കേസുകളും ഒന്നുകിൽ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അന്വേഷണം മരവിപ്പിക്കുകയോ ചെയ്ത നിലയിലാണെന്ന് ദി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ അന്വേഷണങ്ങൾ കോൺഗ്രസിൽ നിന്നുള്ള 10 ഉം എൻസിപിയിലെ നാലും ശിവസേനയിലെ നാലും തൃണമൂൽ കോൺഗ്രസിലെ മൂന്നും ടിഡിപിയിലെ രണ്ടും സമാജ്‌വാദി പാർട്ടിയുടെയും വൈഎസ്ആർ കോൺഗ്രസിൻ്റെയും ഓരോ നേതാക്കൾക്കും എതിരെയായിരുന്നു.

എന്നാൽ അന്വേഷണം നേരിട്ടവരിൽ 23 പേരുടെയും രാഷ്ട്രീയ നിലപാട് മാറ്റം അന്വേഷണം മരവിപ്പിക്കുന്നതിലേക്കും അവസാനിപ്പിക്കുന്നതിലേക്കും നയിച്ചു. മൂന്ന് കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചു. 20 എണ്ണം മരവിപ്പിച്ചു. അതിൽ തന്നെ അന്വേഷണം നേരിടുന്നവരിൽ ആറ് നേതാക്കൾ കഴിഞ്ഞ ആറ് മാസത്തിനിടെ ബിജെപിയിൽ ചേർന്നവരാണ്. എൻഡിഎ അധികാരത്തിലെത്തിയ ശേഷം സിബിഐയും ഇഡിയും നടപടി സ്വീകരിച്ച നേതാക്കളിൽ 95 ശതമാനവും പ്രതിപക്ഷത്ത് നിന്നായിരുന്നു.

Read Also: അമേഠിയിൽ നിന്ന് രാഹുൽ ഒളിച്ചോടി; വയനാട്ടിലേക്ക് പോയത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കണ്ടിട്ടെന്ന് രവിശങ്കർ പ്രസാദ്

അജിത് പവാർ, പ്രഫുൽ പട്ടേൽ, ഹിമന്ത ബിശ്വ ശർമ എന്നിവരെ കൂടാതെ പ്രതാപ് സർനായ്ക്, ഹസൻ മുഷ്‌രിഫ്, ഭാവന ഗവാലി, യാമിനി യാദവ്, ഭർത്താവ് യശ്വന്ത് യാദവ്, സിഎം രമേഷ്, രണിന്ദർ സിങ്, സഞ്ജയ് സേത്, കെ ഗീത, സോവൻ ചാറ്റർജി, ഛഗൻ ഭുജ്ബാൽ, കൃപാശങ്കർ സിങ്, ദിഗംബർ കാമത്ത്, നവീൻ ജിൻഡൽ, തപസ് റോയ്, ഗീത കോഡ, ബാബ സിദ്ധിഖി, കോൺഗ്രസ് നേതാവായിരുന്ന ജ്യോതി മിർധ, സുജന ചൗധരി എന്നിവരാണ് വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നത്.

വാഷിങ് മെഷീൻ എന്നാണ് ഇതിനെ പ്രതിപക്ഷം കളിയാക്കിയും വിമർശിച്ചും വിശേഷിപ്പിക്കുന്നത്. അഴിമതി ആരോപണം നേരിടുന്ന പ്രതിപക്ഷ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നതോടെ അന്വേഷണങ്ങൾ നിലയ്ക്കുന്നുവെന്നാണ് ഇതിലൂടെ അർഥമാക്കുന്നത്. എന്നാലിത് ആദ്യത്തെ സംഭവവുമല്ല.

രണ്ടാം യുപിഎ സർക്കാരിൻ്റെ അധികാര കാലത്ത് 2009 ൽ ഉത്തർപ്രദേശിലെ നേതാക്കളായ മുലായം സിങ് യാദവ്(എസ്‌പി), മായാവതി (ബിഎസ്‌പി) എന്നിവർക്കെതിരെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇരു പാർട്ടികളും യുപിഎയുടെ ഭാഗമായതോടെയായിരുന്നു ഇത്. എന്നാൽ ഇപ്പോഴത്തെ കേന്ദ്ര ഏജൻസികളുടെ നടപടിയിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 2022 ലും 2023 ലും സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസികളുടെ നടപടികൾ വിലയിരുത്തേണ്ടത്.

മഹാരാഷ്ട്രയിൽ ഭൂരിപക്ഷം നേടി ഭരിച്ചിരുന്ന മഹാ അഖാഡി സഖ്യം അധികാരത്തിൽ നിന്ന് പുറത്തായത് ഇതിന് പിന്നാലെയായിരുന്നു. ശിവസേനയിൽ നിന്ന് ഏക്‌നാഥ് ഷിൻഡെ ഭൂരിപക്ഷം എംഎൽഎമാരെയും കൂട്ടി എൻഡിഎ സഖ്യത്തിലേക്ക് ചേർന്ന് മുഖ്യമന്ത്രിയായത് 2022 ലാണ്. തൊട്ടടുത്ത വർഷം എൻസിപിയെ പിളർത്തി അജിത് പവാർ വിഭാഗവും എൻഡിഎയിലെത്തി. ഇതിന് പിന്നാലെ എൻസിപിയിലെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലിനും അജിത് പവാറിനും എതിരായ കേസുകളിൽ നടപടികൾ അവസാനിപ്പിച്ചു. 25 പേരുടെ പട്ടികയിൽ മഹാരാഷ്ട്രയിൽ നിന്ന് മാത്രം ഉൾപ്പെട്ട 12 പേരും ഇന്ന് ബിജെപിയിലാണ്. ഇവരിൽ 11 പേരും 2022 ലാണ് താമര ചിഹ്നം നെഞ്ചേറ്റിയത്. അതിൽ എൻസിപി, ശിവസേന, കോൺഗ്രസ് എന്നിവയിൽ നിന്ന് നാല് വീതം നേതാക്കളാണ് ബിജെപിയിലെത്തിയത്.

Read Also: നടി സുമലത ബിജെപിയിലേക്ക്; കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും

അജിത് പവാറിനെതിരായ കേസ് മഹാരാഷ്ട്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം 2020 ൽ മഹാ വികാസ് അഖാഡി സഖ്യം അധികാരത്തിലെത്തിയപ്പോൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ ബിജെപി സഖ്യ സർക്കാർ 2022 ൽ അധികാരം പിടിച്ചപ്പോൾ കേസിൽ അന്വേഷണം പുനരാരംഭിച്ചു. എന്നാൽ പവാർ എൻഡിഎയിലെത്തിയതോടെ കേസ് വീണ്ടും അവസാനിപ്പിച്ചു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി ഇഡി രജിസ്റ്റർ ചെയ്ത കേസും മരവിപ്പിച്ച നിലയിലാണ്.

നാരദ സ്റ്റിങ് ഓപറേഷൻ കേസിൽ തൃണമൂൽ എംപിയായിരുന്ന സുവേന്ദു അധികാരിക്കെതിരെ 2019 ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഇനിയും നടപടിയെടുത്തിട്ടില്ല. 2020 ൽ ഇദ്ദേഹം ബിജെപിയിൽ ചേരുകയും ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ എന്നിവർക്കെതിരായ കേസുകളും നിശ്ചലമാണ്. 2014 ൽ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തായിരുന്ന ഹിമന്ത ബിശ്വ ശർമ്മക്കെതിരെ സിബിഐ അന്വേഷണം 2015 ൽ അദ്ദേഹം ബിജെപിയിൽ ചേർന്ന ശേഷം ഇതുവരെ അനങ്ങിയിട്ടില്ല. ആദർശ് ഹൗസിങ് തട്ടിപ്പ് കേസാണ് അശോക് ചവാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ സിബിഐ-ഇഡി നടപടികൾക്കെതിരെ സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ് നിലവിലുണ്ട്. ഇദ്ദേഹമാകട്ടെ ഈ വർഷം ബിജെപിയിൽ ചേർന്നു. എന്നാൽ ഈ നിലയിൽ കേസന്വേഷണങ്ങൾ നിലയ്ക്കുന്നുവെന്ന ആരോപണങ്ങളോട് സിബിഐയോ ഇഡിയോ ആദായ നികുതി വകുപ്പോ പ്രതികരിച്ചിട്ടില്ലെന്നാണ് ദി ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്.

Story Highlights : 25 opposition leaders facing investigation for corruption switched to the BJP since 2014.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here