മോഹന്‍ലാലിനൊപ്പം ടിടിഇ വിനോദ് ചെയ്തത് അഞ്ച് ചിത്രങ്ങള്‍; ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി അർപ്പിച്ചത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
ചെറുപ്പം മുതൽക്കേ നടൻ ആകണമെന്ന ആഗ്രഹം വിനോദിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജോലി സമയങ്ങൾക്കിടയിലും വിനോദ് അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിലായിരുന്നു. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. വിനോദ് 14ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സഹപാഠിയായ ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെയാണ് വിനോദ് അഭിനയരംഗത്ത് എത്തിയത്. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്. ഇന്നലെ വൈകിട്ട് ഏഴരയോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് ദാരുണ സംഭവം നടന്നത്.
തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ, ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Story Highlights : Mohanlal Homage to killed TTE K Vinod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here