Advertisement

രാവിലെ രണ്ട് കഷ്ണം ബ്രഡും ചായയും; ജയിൽമുറി തനിയെ അടിച്ചുവാരും; കെജ്‌രിവാളിൻ്റെ തീഹാർ ജയിൽവാസം ഇങ്ങനെ

April 4, 2024
3 minutes Read

ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായത്. ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കെജ്‌രിവാൾ. തീഹാറിലെ ജയിൽ നമ്പർ രണ്ടിലെ നാലാം വാർഡിലാണ് കെജ്‌രിവാൾ കഴിയുന്നതെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്തു.

“കെജ്‌രിവാൾ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ജയിലുമായി പൊരുത്തപ്പെടാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അതിരാവിലെ എഴുന്നേൽക്കുകയും ജയിൽമുറി സ്വയം അടിച്ചുവാരി വൃത്തിയാക്കുകയും ചെയ്യും. സെല്ലിനോട് ചേർന്നുള്ള ഏരിയയിലുള്ള ടിവി കാണും. പിന്നീട് യോഗ ചെയ്യും. രണ്ടു കഷ്ണം ബ്രഡും ചായയുമാണ് പ്രഭാതഭക്ഷണം. ശേഷം കുറച്ചുനേരം നടക്കും. ടിവി ഇരുന്നുകാണാനുള്ള സൗകര്യമില്ലാത്തതിനാൽ നിന്നാണ് ചാനലുകൾ മാറിമാറി നോക്കുന്നത്. ചിലപ്പോൾ കട്ടിലിൽ തന്നെയിരുന്ന് ചുറ്റുപാടുകൾ വീക്ഷിക്കും അല്ലെങ്കിൽ പുസ്തകം വായിക്കും”-ജയിൽ അധികൃതർ പറഞ്ഞു. രാമായണം മഹാഭാരതം, ഭഗവദ്ഗീത, നീരജ ചൗധരി രചിച്ച ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നി പുസ്തകങ്ങളും ഒരു ലോക്കറ്റും സെല്ലിലേക്ക് കൊണ്ടുവരാൻ അരവിന്ദ് കെജ്‌രിവാളിന് അനുവാദമുണ്ടായിരുന്നു. വീട്ടിൽ നിന്നുള്ള ഭക്ഷണവും അനുവദനീയമാണ്.

കെജ്‌രിവാളിൻ്റെ ഭാരം, രക്തസമ്മർദ്ദം, ഷുഗർ എന്നിവ ദിവസം രണ്ടുനേരം മുതിർന്ന ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. ജയിലിലായ ശേഷം കെജ്‌രിവാളിൻ്റെ ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. എന്നാൽ ബിപി നോർമലാണെന്നും, ഷുഗർ കണ്ട്രോളിലാണന്നും ഭാരം 65 കിലോയിൽ നിന്നും കുറഞ്ഞിട്ടില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു.

Read Also: സുനിത കെജ്‌രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക്? ചൈത്ര വാസവയുടെ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കും

സെല്ലിന് പുറത്ത നടക്കാൻ പോകാൻ അനുവാദമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ മറ്റ് ജയിൽപ്പുള്ളികളോട് സംസാരിക്കാൻ കഴിയില്ല. കെജ്‌രിവാൾ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ മുറ്റത്തുനിന്നും സഹതടവുകാരെ നീക്കം ചെയ്യും. നാല് സുരക്ഷാ ഉദ്യോഗസ്ഥർ എപ്പോഴും കെജ്‌രിവാളിനൊപ്പമുണ്ടാകും. സുരക്ഷാ ഉദ്യോഗസ്ഥരും കെജ്‌രിവാളും തമ്മിൽ അടുപ്പമുണ്ടാകാതിരിക്കാൻ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് ഇവരെ വിന്യസിക്കുന്നത്.

അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടില്ല. എന്നാൽ ജയിൽ രേഖകളോ കോടതിയുടെ നിർദ്ദേശപ്രകാരം കൊണ്ടുവരുന്ന രേഖകളോ അല്ലാതെ ഒരു ഫയലുകളും ജയിലിൽ അനുവദനീയമല്ല. കെജ്‌രിവാൾ കാണമമെന്ന് ലിസ്റ്റ് ചെയ്തിട്ടുള്ള 10 പേർക്ക് മാത്രമാണ് അദ്ദേഹത്തെ സന്ദർശിക്കാൻ സാധിക്കുന്നത്. ആഴ്ചയിൽ രണ്ട് വട്ടം രണ്ടു പേർക്ക് 30 മിനിറ്റുനേരം കെജ്‌രിവാളിനൊപ്പം ചെലവിടാം. എന്നാൽ കെജ്‌രിവാൾ തന്നെ സന്ദർശിക്കാൻ അഞ്ചുപേർക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഭാര്യ സുനിത, മകൻ പുൾകിത്, മകൾ ഹർഷിത, പേഴ്സണൽ സെക്രട്ടറി, ആംആദ്മി നേതാവ് ദുർഗേഷ് പഥക് എന്നിവർക്കു മാത്രമാണ് കെജ്‌രിവാളിനെ കാണാൻ അനുവാദമുള്ളത്.

കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ കോമ്പൗണ്ടിൽ തന്നെയാണ് അധോലോക നായകൻ ഛോട്ടാ രാജൻ, ഗുണ്ടാത്തലവൻ നീരജ് ബവാന തുടങ്ങിയവരും ഉള്ളത്. എന്നാൽ ഇവരെ ഹൈ റിസ്ക് സെൽ ബിൽഡിങ്ങിൽ ആണ് പാർപ്പിച്ചിരിക്കുന്നത് ഇവർക്ക് മറ്റ് തടവുകാരുമായി ഇടപഴകാൻ സാധിക്കില്ല.

Story Highlights : Kejriwal was arrested on 21 March and on 1 April, a special court sent him to judicial custody till April 15.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top