Advertisement

ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യാന്‍ സ്ത്രീ തൊഴിലാളികള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം; മഹാരാഷ്ട്രയിലെ കരിമ്പുപാടത്തെ തൊഴില്‍ചൂഷണത്തിന്റെ ഉള്ളറകള്‍

April 6, 2024
Google News 4 minutes Read
Why Women Sugarcane Cutters Of Maharashtra Seek Needless Hysterectomies

ബെന്യാമിന്റെ ആടുജീവിതം നോവലിലെ പോലെ നജീബിന്റെ യാതനയുടെ ദീര്‍ഘ വിവരണങ്ങള്‍ സിനിമയിലില്ലെങ്കിലും ആ യാതന മുഴുവന്‍ എല്ലാവരും അനുഭവിക്കുന്നത് നജീബിന്റെ ശരീരത്തിന്റെ രൂപമാറ്റത്തിന്റെ ദൃശ്യത്തിലൂടെയാണ്. ദൃശ്യങ്ങള്‍ മനുഷ്യരുടെ ജീവിതസ്ഥിതിയെക്കുറിച്ച് അത്രത്തോളം സംസാരിക്കുന്നുണ്ട്. ഇന്ത്യയിലെ കരിമ്പുപാടങ്ങളിലെ തൊഴില്‍ സ്ഥിതിയെക്കുറിച്ച് വിശദമായ ഇന്‍വസ്റ്റിഗേഷന്‍ നടത്തിയ ന്യൂയോര്‍ക്ക് ടൈംസ് ഒരു കരിമ്പ് തൊഴിലാളി സ്ത്രീയുടെ ചിത്രം പകര്‍ത്തിയിരുന്നു. വേദനകളും ദാരിദ്ര്യവും വിശപ്പും കഠിനാധ്വാനവും ഒറ്റനോട്ടത്തില്‍ വെളിപ്പെടുത്തുന്ന ഒരു തൊഴിലാളി സ്ത്രീയുടെ വയറിന്റെ ക്ലോസപ്പ് ദൃശ്യം. അതിദാരിദ്ര്യം ദുര്‍ബലമാക്കിയ ആ ശരീരത്തില്‍ വയറ്റില്‍ തടിച്ചുതിണര്‍ത്ത് കിടക്കുന്ന പാടുകള്‍ മഹാരാഷ്ട്ര ബീഡിലെ ഒരു കരിമ്പ് തൊഴിലാളി സ്ത്രീ നിര്‍ബന്ധമായും കടന്നുപോകേണ്ടി വരുന്ന ഹിസ്റ്ററിക്ടുമിയുടേതാണ്. എന്നുവച്ചാല്‍ ഗര്‍ഭപാത്രവും സെര്‍വിക്സും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ. ബീഡിലെ കരിമ്പുപാടങ്ങളിലെ സ്ത്രീകള്‍ക്ക് കൗമാരം വിടുന്നതിന് മുന്‍പ് ഒരു കരിമ്പുതൊഴിലാളിയെ വിവാഹം കഴിക്കുകയല്ലാതെ, 10 മണിക്കൂറിലേറെ ജോലി ചെയ്യുന്നതല്ലാതെ, ചെറുപ്രായത്തില്‍ തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരാകുകയല്ലാതെ മറ്റ് ചോയ്സുകള്‍ ജീവിതത്തില്ല. പകലന്തിയോളം ഈ മനുഷ്യരുടെ വിയര്‍പ്പുവീഴുന്ന കരിമ്പുപാടങ്ങളാണ് നാം കുടിക്കുന്ന പെപ്സിയുടേയും കോളയുടേയും പ്രധാന പഞ്ചസാര വിതരക്കാര്‍. ന്യൂയോര്‍ക്ക് ടൈംസ് ഫുള്ളര്‍ പ്രൊജക്ട് ഇന്‍വെസ്റ്റിഗേഷനിലൂടെ കണ്ടെത്തിയത് കരിമ്പുപാടങ്ങളിലെ മാരക തൊഴില്‍ ചൂഷണമെന്ന് വിളിക്കപ്പെടാവുന്ന നിരവധി ജീവിതാനുഭവങ്ങളാണ്. (Why Women Sugarcane Cutters Of Maharashtra Seek Needless Hysterectomies)

മറ്റ് തൊഴില്‍ മാര്‍ഗങ്ങളോ ഉന്നത വിദ്യാഭ്യാസ സാധ്യതകളോ തേടാന്‍ ആവതില്ലാത്ത ബീഡ് ഗ്രാമത്തിലെ ഓരോ ആളും പട്ടിണിയും പാരമ്പര്യവും കുന്നുകൂടുന്ന കടവും ചേര്‍ന്നൊരുക്കുന്ന പഞ്ചാരക്കെണിയിലേക്കാണ് പിറന്നുവീഴുന്നത്. ഭക്ഷണം, കല്യാണം, ചികിത്സകള്‍, കൊച്ചുകൂര തുടങ്ങി ഓരോ ആവശ്യങ്ങള്‍ക്ക് കരിമ്പുപാടത്തെ തുച്ഛമായ വരുമാനം തികയാതെ വരുമ്പോള്‍ തൊഴിലാളികള്‍ അഡ്വാന്‍സായി ശമ്പളം വാങ്ങുന്ന ഒരു ഏര്‍പ്പാട് തുടങ്ങുന്നു. മുതലാളിയില്‍ നിന്ന് വാങ്ങുന്ന, കൂടിക്കൂടി വരുന്ന ഈ അഡ്വാന്‍സുകള്‍ക്ക് അടിമകളാകും പിന്നീട് തൊഴിലാളികള്‍. കൗമാരം തുടങ്ങുമ്പോള്‍ തന്നെ കുട്ടികള്‍ക്കും പണിക്കിറങ്ങേണ്ടി വരുന്നു. കൗമാരം അവസാനിക്കുന്നതിന് മുന്‍പ് തന്നെ സ്ത്രീകള്‍ വിവാഹിതരാകുന്നു. പലപ്പോഴും അത് 18 വയസ് തികയുന്നതിന് മുന്‍പുമായിരിക്കും. പിന്നെ ഭര്‍ത്താവിനൊപ്പം കരിമ്പുവെട്ടാന്‍ പോകും. ഈ കല്യാണത്തിനുള്ള പണവും സ്വാഭാവികമായും അഡ്വാന്‍സായിരിക്കും.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

ഓരോ സ്ത്രീയും പുരുഷനും കുടുംബത്തിന്റെ വലിയ അഡ്വാന്‍സിന്റെ ഭാരം അപ്പോള്‍ തന്നെ ചുമക്കുന്നുണ്ടാകും. വലിയ ശാരീരികാധ്വാനം ആവശ്യമുള്ള പണിയാണ് കരിമ്പുവെട്ടല്‍. ആര്‍ത്തവ കാലം പൊതുവേ സ്ത്രീകള്‍ക്ക് വറുതിക്കാലമാണ്. ആര്‍ത്തവ നാളുകളില്‍ പണി പ്രയാസമാകും. ഇതിന് കരിമ്പുപാടത്തെ സ്ത്രീകള്‍ക്ക് ആരോ കാലങ്ങളായി പറഞ്ഞുകൊടുത്തിരിക്കുന്ന ഉപാധിയാണ് തീരെ ചെറുപ്പത്തിലെ തന്നെയുള്ള ഹിസ്റ്ററിക്ടുമി. ആര്‍ത്തവം പേടിക്കാതെ 365 ദിവസവും പണി. വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ കുട്ടികള്‍ ഉണ്ടായവരാണെങ്കില്‍ ഉടനടി തന്നെ സര്‍ജറി ചെയ്തുവരാം. സര്‍ജറിയ്ക്ക് അഡ്വാന്‍സ് പണം തരാന്‍ മുതലാളിയും റെഡിയായി നില്‍ക്കുകയായിരിക്കും.

ബീഡില്‍ 82,000 സ്ത്രീ കരിമ്പുതൊഴിലാളികളുണ്ടെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. ഇതില്‍ കുറഞ്ഞത് 5 ല്‍ ഒരാള്‍ വീതമെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സര്‍ജറിയ്ക്ക് യൗവനത്തില്‍ തന്നെ വിധേയരായിട്ടുണ്ടെന്നാണ് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഇങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ ദിവസം പണി കിട്ടുമെന്ന വിശ്വാസം മറ്റ് സ്ത്രീകളേയും ആശുപത്രിയിലക്കോടാന്‍ നിര്‍ബന്ധിതരാക്കുന്നു. സ്ത്രീകള്‍ പലപ്പോഴും ഗര്‍ഭപാത്രത്തിനൊപ്പം അണ്ഡാശയവും നീക്കം ചെയ്യാറുണ്ട്. 40ല്‍ താഴെയുള്ള സ്ത്രീകള്‍ അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്യുന്നത് ഇവരുടെ ആരോഗ്യത്തിന് നിരവധി ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട്. രക്തസ്രാവവും കഠിനമായ വയറുവേദനയും മുതല്‍ ഓസ്ടിയോപൊറോസിസിന്റേയും ഹൃദയസംബന്ധമായ അസുഖങ്ങളുടേയും റിസ്‌ക് വേറെ. ആര്‍ത്തവ വേദനയും ക്രേവിംഗ്സും താല്‍ക്കാലികമായി നിവര്‍ത്തിക്കാന്‍ മിക്ക സ്ത്രീകളും കഴിയ്ക്കുന്ന മധുരങ്ങളിലും സോഫ്റ്റ് ഡ്രിങ്ക്സിലും കരിമ്പുപാടങ്ങളിലെ സ്ത്രീകളുടെ കയ്പ്പേറിയ തൊഴില്‍ ചൂഷണവും ഉള്‍ക്കൊള്ളുന്നുവെന്നാണ് ഈ ഇന്‍വസ്റ്റിഗേഷന്‍ തെളിയിക്കുന്നത്.

തുച്ഛമായ വേതനം, പിന്നെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുതലാളിയില്‍ നിന്ന് അഡ്വാന്‍സ് ശമ്പളം, അത് തീര്‍ക്കാന്‍ ഒരു ജീവിതകാലം മുഴവന്‍ മുതലാളിയ്ക്ക് കീഴില്‍ കഠിനവേല ഇതിനെ യു എന്‍ ലേബര്‍ ഏജന്‍സി നിര്‍ബന്ധിത തൊഴിലായി തന്നെയാണ് കാണുന്നത്. ഈ കടംകൊടുപ്പ് തൊഴിലാളിയ്ക്കുള്ള ഒരു ദയയോ ഔദാര്യമോ ആയി കാണാനാകില്ലെന്ന് ചുരുക്കം.

‘അഡ്വാന്‍സോര്‍ക്കുമ്പോള്‍ സര്‍ജറി കഴിഞ്ഞ പിറ്റേന്ന് തന്നെ ഞങ്ങള്‍ പണിസ്ഥലത്തേക്ക് ഓടിപ്പോകും. പൈസയ്ക്ക് വേണ്ടി ഞങ്ങള്‍ ആരോഗ്യം വരെ കളയാന്‍ ഒരുക്കമാണ്’. ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിച്ച മിസ് ചൗരെ പറയുന്നു. തീരെച്ചെറുപ്പത്തിലെ പ്രസവം, പ്രസവകാലത്തെ കഠിന വേലകള്‍ തുടങ്ങിയവയാണ് കരിമ്പുപാടത്തെ സ്ത്രീകളെ ഭയാനകമായ ആര്‍ത്തവ വേദനയിലേക്കും ക്രമരഹിതമായ ആര്‍ത്തവത്തിലേക്കും നയിക്കുന്നത്. സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ മിക്കവരുടേയും കൈയില്‍ പണമില്ലാത്തത് കൊണ്ട് പഴന്തുണിയാണ് ഉപയോഗിക്കുക. ആര്‍ത്തവ സമയത്ത് പണി നഷ്ടം വന്നാല്‍ കുമിഞ്ഞുകൂടുന്ന കടത്തിന്റെ വലിപ്പം ഓര്‍ത്താണ് സ്ത്രീകള്‍ സര്‍ജറിയ്ക്കെത്തുക. കോണ്‍ട്രാക്ടറും സൂപ്പര്‍വൈസറും മുതല്‍ ആരഗ്യപ്രവര്‍ത്തകര്‍ വരെ സ്ത്രീകളെ സര്‍ജറിയ്ക്ക് പ്രേരിപ്പിക്കും. എന്തെങ്കിലും ആരോഗ്യപ്രശ്നം കൊണ്ടോ ഗര്‍ഭനിരോധന മാര്‍ഗമെന്ന നിലയ്ക്ക് സ്വന്തം ചോയ്സായോ അല്ല ഇവിടെ സ്ത്രീകള്‍ സര്‍ജറിയ്ക്ക് വിധേയരാകുന്നതെന്ന് വ്യക്തം.

ബീഡിലെ നിരവധി സ്ത്രീ തൊഴിലാളികളുമായി ദീര്‍ഘമായി അഭിമുഖം നടത്തിയാണ് ന്യൂയോര്‍ക്ക് ടൈസ് തങ്ങളുടെ റിപ്പോര്‍ട്ട് തയാറാക്കിയത്. മിക്ക സ്ത്രീകളും 14-ാം വയസില്‍ കല്യാണം കഴിച്ചതാണ്. കല്യാണം കഴിയുന്നതോടെ അവരുടെ ശരീരവും അധ്വാനവുമെല്ലാം പഞ്ചസാരയ്ക്കായി പണയത്തിലാകുകയാണ്. ശൈശവ വിവാഹത്തെ പഞ്ചസാര മുതലാളിമാര്‍ പ്രോത്സാഹിപ്പിക്കാന്‍ ഒരു പ്രധാന കാരണമുണ്ട്. കരിമ്പ് വെട്ടലും അത് ചുമക്കലും രണ്ടുപേര്‍ വീതം ചേര്‍ന്ന് ചെയ്യണ്ട പണിയാണ്. പിന്നെ പട്ടിണി കൊണ്ട് പെണ്‍മക്കളെ ഉടനെ കല്യാണം കഴിപ്പിച്ചുവിടാനേ ബീഡിലെ രക്ഷിതാക്കള്‍ നോക്കൂ.

പുലര്‍ച്ചെ നാലുമണിക്കാണ് ഒരു കരിമ്പ് തൊഴിലാളിയുടെ അധ്വാനം ആരംഭിക്കുക. വെളളം തേടിപ്പുറപ്പെടലും വീട്ടിലെ കാര്യങ്ങളും കഴിഞ്ഞ് നേരെ കരിമ്പുപാടത്തേക്ക്. വെട്ടിയ വലിയ ഭാരമുള്ള കരിമ്പുകെട്ടുകളും കൊണ്ട് കഠിനമായ നടത്തം. കരിമ്പ് തൊഴിലാളുകളുടെ ഭൂരിഭാഗം പേരുടേയും ഡിസ്‌കിന് തകരാറുണ്ടെന്ന് ഇവരെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

മുന്‍പ് സൂചിപ്പിച്ചതുപോലെ പെപ്‌സി, കൊക്കക്കോള മുതലായ സോഫ്റ്റ് ഡ്രിങ്കുകളുടെ ഉത്പ്പാദനത്തിനായി പഞ്ചസാര ശേഖരിക്കുന്നത് ബീഡിലെ ഈ കരിമ്പുപാടങ്ങളില്‍ നിന്നാണ്. തങ്ങളുടെ വിതരണ ശ്രംഖലയുടെ താഴെത്തട്ടില്‍ നടക്കുന്ന തൊഴില്‍ ചൂഷണത്തെക്കുറിച്ച് കൊക്കൊകോള കമ്പനിയിക്ക് ഉള്‍പ്പെടെ ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരിമ്പുപാടങ്ങളില്‍ ബാലവേല നടക്കുന്നതായി 2019ല്‍ കൊക്കോക്കോള മനസിലാക്കുകയും ഇത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് ഇവര്‍ തങ്ങളുടെ കോര്‍പറേറ്റ് റിപ്പോര്‍ട്ടില്‍ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് തങ്ങള്‍ പഞ്ചസാര വാങ്ങുന്നതെന്ന് പെപ്‌സികോയും സമ്മതിച്ചിട്ടുണ്ട്. രണ്ടുകമ്പനികളും നിര്‍ബന്ധിത തൊഴിലും ബാലവേലയും അംഗീകരിക്കില്ലെന്ന് തങ്ങളുടെ കമ്പനി നയങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മഹാരാഷ്ട്രയിലെ കരിമ്പ് തൊഴിലാളികളുടെ തൊഴില്‍ സ്ഥിതി വിവരിക്കുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പെപ്‌സികോ ആശങ്കയറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ കൊക്കക്കോള കമ്പനി പ്രതികരണമറിയിച്ചിട്ടില്ല.

Story Highlights : Why Women Sugarcane Cutters Of Maharashtra Seek Needless Hysterectomies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here