ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച്, വിജയം ഇടതിനൊപ്പമെന്ന് സർവേ ഫലം; ആറ്റിങ്ങലിന്റെ ജനമനസ് ഇങ്ങനെ

ആറ്റിങ്ങൽ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ ഫലം. സർവേയിൽ നേരിയ മുൻതൂക്കത്തോടെ എൽഡിഎഫിന്റെ വി.ജോയ് വിജയിക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. വി.ജോയ് – 38.9%, അടൂർ പ്രകാശ്- 37.2%, വി.മുരളീധരൻ- 23.3% എന്നിങ്ങനെയാണ് സർവേ ഫലം. ( 24 mega pre poll survey predicts tight fight in attingal )
ആറ്റിങ്ങലിന്റെ മത്സര ചിത്രം പ്രവചനാനീതമാണ്. ആറ്റിങ്ങൾ മണ്ഡലം പലപ്പോഴും പ്രവചനങ്ങൾക്ക് പിടികൊടുക്കാറില്ല. ആർ ശങ്കറിനെ, എ.സമ്പത്തിന്റെ പിതാവ് കെ. അനുരദ്ധൻ തോൽപ്പിച്ച മണ്ഡലമാണ് ആറ്റിങ്ങലെന്ന് പേര് മാറി വന്ന പഴയ ചിറയിൻകീഴ്. പിന്നീട് സുശീല ഗോപാലൻ അവിടെ ജയിക്കുകയും, തോൽക്കുകയും ചെയ്തിട്ടുണ്ട്. വയലാർ രവിയുടെയും എ.സമ്പത്തിന്റേയുമെല്ലാം ജയപരാജയങ്ങൾ കണ്ടിട്ടുണ്ട്.
ഇക്കുറി ഇടതുമുന്നണി പ്രതീക്ഷ അർപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. അതെല്ലാം ഇടതിന് തന്നെ അനുകൂലമായേക്കുമെന്നാണ് ട്വന്റിഫോർ സർവേ ഫലം വിലയിരുത്തുന്നത്. അതിലൊന്ന് പിണറായി വിജയനുള്ള ജനപ്രീതിയാണ്. കേരളത്തിൽ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിന് പിണറായി വിജയനെന്ന ഉത്തരമാണ് 40.07 ശതമാനം പേരും നൽകിയത്. 23.8% പേർ വി.ഡി സതീശനെന്നും, 16.7% പേർ രമേശ് ചെന്നിത്തലയെന്നും ഉത്തരം നൽകി. 11.8% മാത്രമാണ് വി.മുരളീധരനെന്ന് പറഞ്ഞത്.
കേന്ദ്രഭരണ വിരുദ്ധ വികാരവും ആറ്റിങ്ങൾ മണ്ഡലത്തിൽ മുഴച്ച് നിൽക്കുന്നു. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ശരാശരി മാർക്ക് മാത്രമാണ് 30.5% പേരും നൽകുന്നത്. മോശമെന്ന് 25.3% പേരും അഭിപ്രായപ്പെട്ടപ്പോൾ 21.2% പേരും വളരെ മോശമെന്ന് വിലയിരുത്തി. വെറും 14.8% പേരാണ് മികച്ചതെന്ന ഉത്തരം നൽകിയത്. 8.2% പേരും വളരെ മികച്ചതെന്ന ഉത്തരവും നൽകി. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസി വേട്ടയാടുന്നുണ്ടെന്നാണ് ഭൂരിഭാഗം ആറ്റിങ്ങൽ നിവാസികളുടേയും ഉത്തരം. വേട്ടയാടുന്നുവെന്ന് 47.2% പേർ അഭിപ്രായപ്പെട്ടപ്പോൾ 27.5% പേർ ഇല്ലെന്നാണ് ഉത്തരം നൽകിയത്.
ആറ്റിങ്ങലുകാരുടെ ഇഷ്ട ദേശീയ നേതാവ് രാഹുൽ ഗാന്ധിയാണ്. 39.5% പേരും രാഹുൽ ഗാന്ധിയെ പിന്തുണച്ചപ്പോൾ 33% പേർ നരേന്ദ്ര മോദിക്ക് പിന്തുണ നൽകി. തൊട്ടുപിന്നാലെ 24.4 ശതമാനം പേർ സീതാറാം യെച്ചൂരിയേയും ഇഷ്ടപ്പെടുന്നു.
ഇന്ത്യ ആര് ഭരിക്കുമെന്ന ചോദ്യത്തിന് പകുതിയിലേറെ പേരും എൻഡിഎ എന്ന ഉത്തരമാണ് നൽകിയത്. 56.7% പേരാണ് എൻഡിഎ എന്ന് ഉത്തരം നൽകിയത്. 21.7% പേർ ഇന്ത്യാ മുന്നണിയെന്ന് ഉത്തരം നൽകി.
Story Highlights : 24 mega pre poll survey predicts tight fight in attingal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here