ഓര്‍മയുടെ തീരത്തിന്നും തകഴി; മനുഷ്യരുടെ കണ്ണീരും വിയര്‍പ്പും പുരണ്ട കഥകളുടെ ശില്‍പിയുടെ വിയോഗത്തിന് കാല്‍നൂറ്റാണ്ട്

കുട്ടനാടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ വിയോഗത്തിന് കാല്‍നൂറ്റാണ്ട്. മണ്ണിന്റെ മണമുള്ള ലാളിത്യമായിരുന്നു തകഴിയുടെ രചനകളുടെ സവിശേഷത. കുട്ടനാടിന്റെ കഥപറഞ്ഞ ചെമ്മീന്‍ എന്ന കൃതിയിലൂടെ തകഴി ജ്ഞാനപീഠ പുരസ്‌കാര ജേതാവായി. (thakazhi sivasankara pillai death anniversary)
ലളിതമായിരുന്നു തകഴിയുടെ എഴുത്തുശൈലി. കഥകളിലും നോവലുകളിലും മണ്ണിന്റെ മണം നിറഞ്ഞുനിന്നു. ഒരു മഴപെയ്താല്‍ വെള്ളത്തിലാകുന്ന കുട്ടനാടന്‍ കര്‍ഷകരുടെ ജീവിതം തന്റെ രചനകളിലൂടെ തകഴി ലോകത്തിന് പരിചയപ്പെടുത്തി. ചെമ്മീന്‍, കയര്‍ തുടങ്ങിയ കൃതികള്‍ കുട്ടനാട്ടില്‍ തലമുറകളായി ജീവിച്ച മനുഷ്യരുടെ ചരിത്രമാണ്. സമൂഹത്തിലെ മാറ്റം ലക്ഷ്യമിട്ടായിരുന്നു തകഴി എഴുതിയതെല്ലാം. പതിമൂന്നാം വയസ്സില്‍ ആദ്യകഥ. പിന്നീട് നിരവധി കഥകളെഴുതി. ചെമ്മീന്‍ എന്ന നോവലാണ് തകഴിക്ക് വിശ്വസാഹിത്യത്തില്‍ ഇടം നേടിക്കൊടുത്തത് . രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ സിനിമയായപ്പോള്‍ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണ കമലത്തിന് ചെമ്മീന്‍ അര്‍ഹമായി.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ മലയാളത്തിലെ ഏക്കാലത്തേയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി,ഏണിപ്പടികള്‍ തുടങ്ങി 39 നോവലുകളും അറുന്നൂറിലേറെ ചെറുകഥകളും . സഞ്ചാരസാഹിത്യവും ആത്മകഥയും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ തകഴിയുടെ സംഭാവനയുണ്ട്. ചെമ്മീനും രണ്ടിടങ്ങഴിയും ഏണിപ്പടികളും കയറും വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. മനുഷ്യനും മണ്ണുമായി ഇഴപിരിക്കാനാകാത്ത ബന്ധമാണുള്ളതെന്ന് നമ്മെ ഓര്‍മിപ്പിച്ച കുട്ടനാടിന്റെ കഥാകാരന്‍ ഓര്‍മയായത് 1999 ഏപ്രില്‍ പത്തിനാണ്.
Story Highlights : thakazhi sivasankara pillai death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here