പുള്ളുവൻപാട്ടിനെ പുതുമയിലേക്കെത്തിച്ച് തൃശൂർക്കാരി; കയ്യടികൾക്കിടയിലും കടുത്ത സൈബർ ആക്രമണം

കയ്യിൽ പുള്ളുവൻകുടവും നാവിൽ പുള്ളുവൻപാട്ടുമായി ഗ്രാമങ്ങളിൽ വീടുകയറിയിറങ്ങി നടന്നിരുന്ന പുള്ളുവന്മാരുടെ ഒരു കാലമുണ്ടായിരുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് ഇന്ന് പുള്ളുവൻപാട്ട് നിലനിൽക്കുന്നത്. ജാതിയോ മതമോ നോക്കാതെ പുള്ളുവൻ പാട്ട് പാടി
വൈറലായി ഒരു പെൺകുട്ടിയുണ്ട് തൃശൂരിൽ. മുളങ്കുന്നത്തുകാവിൽ എയ്ഞ്ചൽ ജോഷിയാണ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നത്.(Pulluvan Pattu singer Angel joshie viral on social media)
നടവഴികളിൽ കോറിയിട്ട നാടൻപാട്ടിന്റെ ഈണം. നടവരമ്പ് പോലെ കെട്ടുപിണഞ്ഞ് ഐതിഹ്യം. ദുരിതമകറ്റാൻ സർപ്പപ്രീതിക്കായി പുള്ളുവൻ കുടവും കയ്യിലെന്തി വീടുകൾ തോറും എത്തുന്ന മനുഷ്യർ… ഓർമ്മകളിൽ അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ആ കാലം അതേപടി തിരിച്ചുകൊണ്ടുവരാനാകില്ലെങ്കിലും പുള്ളുവൻപാട്ടിനെ നെഞ്ചോട് ചേർത്ത് പിടിക്കാനുള്ള ശ്രമത്തിലാണ് എയ്ഞ്ചൽ ജോഷി.
കയ്യടികൾക്കിടയിലും വർഗീയ വിഷം ചീറ്റുന്ന ചിലർ കടുത്ത സൈബർ ആക്രമണമാണ് ഈ കലാകാരിക്കു നേരെ നടത്തുന്നത്. കേരളോത്സവത്തിൽ മത്സരത്തിനു വേണ്ടിയാണ് എയ്ഞ്ചൽ പുള്ളുവൻ കുടം കയ്യിലെന്തിയത്. നാടൻ പാട്ടു കലാകാരനും അയൽവാസിയുമായ പ്രണവാണ് ആഗ്രഹത്തിന് കൂട്ട്. കേരളോത്സവ വേദിയിലെ പുള്ളുവൻപാട്ടിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോ വൈറലായി. രണ്ടു മില്യൺലധികം ആളുകൾ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടു.
പ്രശംസയ്ക്ക് പിന്നാല വിദ്വേഷം നിറഞ്ഞ പ്രതികരണങ്ങളും ശക്തമായി. ക്രിസ്ത്യാനി പെൺകുട്ടി പുള്ളുവൻ പാട്ട് പാടിയത് ശരിയല്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. ക്രിസ്ത്യൻ വിശ്വാസികൾ പുള്ളുവൻപാട്ട് പാടരുതെന്ന് മാത്രമല്ല ഹിന്ദുക്കളിൽ പുള്ളുവൻമാർ മാത്രമേ പാടാവൂ എന്നായിരുന്നു വിമർശനങ്ങൾ. പക്ഷേ ആഗ്രഹത്തിനൊപ്പം കഠിന പ്രയത്നം കൊണ്ട് പഠിച്ചെടുത്ത കഴിവ് വിട്ടുകളയാൻ എയ്ഞ്ചൽ ഒരുക്കമല്ല.
എഫ്സിഐ ജീവനക്കാരനായ ജോഷിയുടെയും അഭിഭാഷക സോഫിയുടെയും മകളാണ് എയ്ഞ്ചൽ. കലയ്ക്ക് ജാതിയോ മതമോ ഇല്ലെന്ന് പ്രഖ്യാപിച്ച്, എയ്ഞ്ചലിന് പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്.
Story Highlights : Pulluvan Pattu singer Angel joshie viral on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here