‘കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തി’; വീണ്ടും ദുരൂഹത ആവര്‍ത്തിച്ച് കെഎം ഷാജി

കുഞ്ഞനന്തന്റെ മരണത്തില്‍ വീണ്ടും ദുരൂഹത ആവര്‍ത്തിച്ച് ലീഗ് നേതാവ് കെ എം ഷാജി. പി കെ കുഞ്ഞനന്തൻ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ജയിലിൽ വിവിഐപി സന്ദർശനം നടത്തി. വിവിഐപിയുടെ സന്ദർശനത്തിന് പിന്നാലെയാണ് കുഞ്ഞനന്തൻ മരിക്കുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎമ്മിന്റെ പ്രധാന നേതാക്കൾക്ക് പങ്കുണ്ടെന്ന് കെ എം ഷാജി പറഞ്ഞു.
ആരോപണത്തിൽ കേസെടുക്കാൻ കെ എം ഷാജി വെല്ലുവിളിച്ചു. കേസെടുത്താൽ തെളിവ് പുറത്തു വിടുമെന്ന് കെ എം ഷാജി പറഞ്ഞു. കേസെടുത്താല്‍ നിരവധി ഏജന്‍സികള്‍ കേരളത്തില്‍ ഇറങ്ങുമെന്നും ഷാജി പറഞ്ഞു. അതോടെ നിരവധി കൊലപാതകകേസുകള്‍ പുറത്ത് വരും. ബാക്കി കേസ് വന്ന ശേഷം പറയാമെന്നും കെ എം ഷാജി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കെ എം ഷാജി നേരത്തെയും രംഗത്ത് വന്നിരുന്നു. ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എല്ലാവര്‍ക്കും ഒരുമിച്ചാണ് ഭക്ഷണം. കുഞ്ഞനന്തന്റെ ഭക്ഷണത്തില്‍ മാത്രം എങ്ങനെ വിഷം വന്നു? കുഞ്ഞനന്തന് ജയിലില്‍ നിന്ന് എങ്ങനെ ഭക്ഷ്യവിഷബാധ ഉണ്ടായി എന്നതില്‍ മറുപടി പറയണം എന്നാണ് കെ എം ഷാജി ആവശ്യപ്പെട്ടത്.
Story Highlights : km shaji repeated allegation on kunjananthans death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here