പൂരാൻ്റെ രക്ഷാപ്രവർത്തനം; കൊൽക്കത്തയ്ക്കെതിരെ ലക്നൗവിന് ഭേദപ്പെട്ട സ്കോർ

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 161 റൺസ് നേടി. 32 പന്തിൽ 45 റൺസ് നേടിയ നിക്കോളാസ് പൂരാനാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമാണ് ലക്നൗവിനു ലഭിച്ചത്. വൈഭവ് അറോറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ക്വിൻ്റൺ ഡികോക്ക് (10) വേഗം മടങ്ങി. ദേവ്ദത്ത് പടിക്കലിനു പകരമെത്തിയ ദീപക് ഹൂഡയും (8) വേഗം മടങ്ങി. സ്റ്റാർക്കിൻ്റെ പന്തിൽ ഹൂഡയെ രമൺദീപ് സിംഗ് ഉജ്ജ്വലമായി പിടികൂടുകയായിരുന്നു. ഒരുവശത്ത് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമാവുമ്പോഴും പോസിറ്റീവായി ബാറ്റ് ചെയ്ത കെഎൽ രാഹുൽ ആയുഷ് ബദോനിക്കൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ ലക്നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 27 പന്തിൽ 39 റൺസ് നേടിയ രാഹുലിനെ ഒടുവിൽ ആന്ദ്രേ റസൽ രമൺദീപ് സിംഗിൻ്റെ കൈകളിലെത്തിച്ചു. ബദോനിയുമൊത്ത് 39 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് രാഹുൽ മടങ്ങിയത്.
തുടർന്നും ലക്നൗവിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. മാർക്കസ് സ്റ്റോയിനിസിനെ (10) വരുൺ ചക്രവർത്തിയും ആയുഷ് ബദോനിയെ (29) സുനിൽ നരേനും മടക്കി. അവസാന ഓവറുകളിൽ മികച്ച ഷോട്ടുകളുതിർത്ത നിക്കോളാസ് പൂരാൻ ആണ് ലക്നൗവിനെ 160 കടത്തിയത്. അവസാന ഓവറിൽ പൂരാനെയും അർഷദ് ഖാനെയും (5) വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ലക്നൗ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
Story Highlights: lsg innings kkr ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here