വിഷു നാളിൽ ഗുരുവായൂരപ്പന് പൊന്നിൻ കിരീടം കാണിക്ക; 20 പവന്റെ സ്വർണ കിരീടം സമ്മാനിച്ച് ദമ്പതിമാർ

ഗുരുവായൂരപ്പന് ചാർത്താൻ പൊന്നിൻ കിരീടം സമ്മാനിച്ച് ദമ്പതിമാർ. കോയമ്പത്തൂർ സ്വദേശികളായ ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് ഗുരുവായൂരപ്പന് തങ്കത്തിലുള്ള കിരീടം സമർപ്പിച്ചത്. വിഷു ദിനത്തിൽ ഗുരുവായൂരപ്പന് ചാർത്താനായി 20 പവനിലേറെ തൂക്കം വരുന്ന കിരീടമാണ് കാണിക്ക നൽകിയത്.ഇന്നലെ വൈകിട്ടത്തെ ദീപാരാധനയ്‌ക്ക് ശേഷമായിരുന്നു ദമ്പതിമാർ കിരീടം സമർപ്പിച്ചത്.
160.350 ഗ്രാം തൂക്കമുള്ള കിരീടത്തിന് ഏകദേശം 13,08,897 രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വികെ വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാട് കിരീടം രൂപകല്പന ചെയ്ത രാജേഷ് ആചാര്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
കഴിഞ്ഞ വർഷം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗയും ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ചിരുന്നു. ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. 32 പവൻ തൂക്കം വരുന്നതാണ് ഈ സ്വർണ കിരീടം. അന്ന് പതിനാല് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് സ്വർണ കിരിടം സമർപ്പിച്ചത്.
Story Highlights : Vishu 2024 couple offered gold crown to guruvayurappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here