Advertisement

ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി ഉത്തരവ്; നിയമലംഘനം തെളിഞ്ഞാൽ സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കും

April 15, 2024
Google News 3 minutes Read
Highcourt order to check content of Bigg Boss malayalam season 6

റിയാലിറ്റ് ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം നൽകിയത്. ചട്ട ലംഘനമുണ്ടെങ്കിൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം. എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.(Highcourt order to check content of Bigg Boss malayalam season 6)

ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഷോയില്‍ നിയമവിരുദ്ധതയുണ്ടെങ്കില്‍ നടപടിയെടുക്കും. ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പരിപാടിയില്‍ ശാരീരിക ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖും ജഎം എ അബ്ദുള്‍ ഹക്കിമും വ്യക്തമാക്കി.

1995ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ (റെഗുലേഷന്‍) നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ശാരീരിക പീഡനം ഇന്ത്യന്‍ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ റെഗുലേഷന്‍ ആക്ടും 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റിഈ ഷോയെന്നും ഹര്‍ജിയിൽ പറയുന്നു.

നിയമലംഘനമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ പരിപാടി ഉടന്‍ നിര്‍ത്തലാക്കണമെന്നാണഅ ഹർജിക്കാരന്റെ ആവശ്യം. എല്ലാ സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ബിഗ് ബോസ് സീസണ്‍ ആറുമായി ബന്ധപ്പെട്ട വിഡിയോകളും നീക്കം ചെയ്യേണ്ടിവരും. അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ സിജോ ജോണ്‍ എന്ന മത്സരാര്‍ത്ഥിയെ സഹ മത്സരാര്‍ത്ഥിയായ റോക്കി (ഹസീബ് എസ്.കെ) ശാരീരികമായി ഉപദ്രവിച്ചിരുന്നു. പിന്നാലെ റോക്കിയെ ഷോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വിഷയം ഏറെ ഗൗരവതരമെന്ന് വ്യക്തമാക്കിയ കോടതി നിയമലംഘനം പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

Read Also: ‘മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും’; കോടതി ഉത്തരവ്

അതേസമയം ക്വീര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചെന്നും ബിഗ് ബോസ് ഷോയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്വവര്‍ഗാനുരാഗിയായ മത്സരാര്‍ത്ഥിയെ അപമാനിച്ചതിന്റെ പേരില്‍ ദിശ സംഘടന കേരള ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലയിന്റ്‌സ് കൗണ്‍സിലിന് (ബിസിസിസി) പരാതി നല്‍കി.

Story Highlights : Highcourt order to check content of Bigg Boss malayalam season 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here