Advertisement

ഹാർദ്ദിക്കിനു ലഭിക്കുന്ന കൂവൽ ആര് ഏറ്റുവാങ്ങണം?

April 15, 2024
Google News 2 minutes Read

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായത് മുതൽ സോഷ്യൽ മീഡിയ കത്തുകയാണ്. രോഹിതിൽ നിന്ന് ഹാർദികിലേക്കുള്ള ക്യാപ്റ്റൻസി കൈമാറ്റം കുറച്ചുകൂടി സ്മൂത്ത് ആക്കേണ്ടതായിരുന്നു എന്ന് വിദഗ്ധർ ഉൾപ്പെടെ അഭിപ്രായപ്പെട്ടു. വിവാദങ്ങളെ ന്യായീകരിക്കാൻ മുംബൈ ഇന്ത്യൻസ് മാനേജ്മെൻ്റ് ശ്രമിച്ചെങ്കിലും മെഴുകൽ എന്നതിനപ്പുറം ആ വാർത്താസമ്മേളനം ഉപകാരത്തെക്കാൾ ഉപദ്രവമാണുണ്ടാക്കിയത്. ശരി, ടൂർണമെൻ്റിനു മുൻപുള്ള കളികൾ വിട്. ടൂർണമെൻ്റിലേക്ക് വരാം. അപ്പോഴും കാര്യങ്ങൾ പന്തിയല്ല. (mumbai indins hardik booing)

തുടരെ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട് തുടങ്ങുക എന്നതൊന്നും മുംബൈ ഇന്ത്യൻസിനു പുത്തരിയല്ല. അതിലും മോശം തുടക്കം ലഭിച്ച് ഫൈനൽ കളിച്ചവരാണ് മുംബൈ. എന്നാൽ, ഈ തോൽവികളിൽ സ്വന്തം കാണികളുടെ നിലപാടാണ് മുംബൈ ക്യാമ്പിലെ ശരിക്കുള്ള ആന. ഹാർദിക് ടോസ് ഇടാനെത്തുമ്പോൾ, ബൗളിംഗിനെത്തുമ്പോൾ, ബാറ്റിംഗിനെത്തുമ്പോൾ. ഹാർദികിനെ കാണുമ്പോഴെല്ലാം കാണികൾ, അതും മുംബൈ ഇന്ത്യൻസ് ആരാധകർ കൂക്കിവിളിക്കുകയാണ്.

ആദ്യ ഓവർ എറിയുന്നതാര് എന്നതൊന്നും ക്യാപ്റ്റൻ്റെ മാത്രം തീരുമാനമല്ല. ഗ്രൗണ്ട്, എതിരാളികൾ, മഞ്ഞുവീഴ്ച, എതിർ ടീം തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് ഇത്. ഗുജറാത്തിനെതിരായ ആദ്യ കളിയിലും സൺറൈസേഴ്സിനെതിരായ രണ്ടാമത്തെ കളിയും ഹാർദിക് ആദ്യ ഓവറുകളെറിഞ്ഞു. ജസ്പ്രീത് ബുംറ എന്ന ഒരു മാച്ച് വിന്നർ ഉള്ളപ്പോഴാണിത് എന്നതുകൂടി ചേർത്തുവായിക്കുമ്പോഴാണ് ഈ തീരുമാനത്തിൻ്റെ വിചിത്ര സ്വഭാവം കൃത്യമായി മനസിലാവുക. ബുംറയെ സമ്മർദ്ദ ഘട്ടങ്ങളിൽ എറിയിക്കുക എന്നതാണ് ഈ സീസണിൽ മുംബൈ മാനേജ്മെൻ്റിൻ്റെ തന്ത്രം എന്നത് പിന്നീട് മനസിലായെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ ബൗളിംഗ് ഓപ്പൺ ചെയ്ത് തല്ലുവാങ്ങിയ ഹാർദികിനെ മുംബൈ ആരാധകർ വളഞ്ഞിട്ട് വിമർശിച്ചു. അത് മനസിലാക്കിയിട്ടോ എന്തോ രാജസ്ഥാനും ഡൽഹിക്കുമെതിരെ ഹാർദിക് ഒരു ഓവർ പോലും എറിഞ്ഞില്ല. ബാംഗ്ലൂരിനെതിരെ എറിഞ്ഞത് ഒരു ഓവർ. ക്രിക്കറ്റ് കമൻ്റേറ്റർ സൈമൺ ഡുൾ ഹർദികിനെ ചോദ്യം ചെയ്തു. പരുക്കായതിനാലാണ് താരം പന്തെറിയാത്തത് എന്ന് അദ്ദേഹം ആരോപിച്ചു. തൊട്ടടുത്ത കളി, ചെന്നൈക്കെതിരെ സ്കൂൾ കുട്ടികളെക്കാൾ മോശം അവസാന ഓവർ അടക്കം ഹാർദിക് മൂന്ന് ഓവർ എറിഞ്ഞു. വഴങ്ങിയത് 43 റൺസും രണ്ട് വിക്കറ്റും.

Read Also: ഹെഡിന് റെക്കോർഡ് സെഞ്ചുറി; ചിന്നസ്വാമിയിൽ സ്വന്തം റെക്കോർഡ് തിരുത്തി ഹൈദരാബാദ്

മുംബൈയിലെ ആദ്യ വർഷങ്ങളിൽ ഹാർദികിനുണ്ടായിരുന്ന ഫിനിഷിംഗ് കരുത്തൊക്കെ പൊയ്പ്പോയി എന്നറിയാത്തത് ഒരുപക്ഷേ മുംബൈക്ക് മാത്രമായിരിക്കും. ഹാർദിക്കിനും അതറിയാം. അതുകൊണ്ടാണ് ഗുജറാത്ത് ടൈറ്റൻസിൽ അയാൾ നാലാം നമ്പറിലും മൂന്നാം നമ്പറിലും കളിച്ചത്. എന്നാൽ, മുംബൈയിൽ നാലാം നമ്പർ വരെ ക്ലീനായ ഒരു ലൈനപ്പുണ്ട്. അതിനാൽ, ഹാർദ്ദിക് ഫിനിഷറായേ പറ്റൂ. എന്നാൽ, ആർസിബിയുടെ ദുർബല ബൗളിംഗ് നിരയ്ക്കൊഴികെ ഹാർദിക് ആ റോളിൽ ദയനീയമായി പരാജയപ്പെട്ടു. ചെന്നൈക്കെതിരെ പോൾ പൊസിഷനിൽ നിന്ന മുംബൈ പരാജയപ്പെട്ടതിനു പ്രധാന കാരണം ബൗളിംഗിലെയും ബാറ്റിംഗിലെയും ഹാർദ്ദികിൻ്റെ പ്രകടനങ്ങളാണ്.

കണ്ടെത്തി, വളർത്തി വലുതാക്കിയൊരുവൻ, മറ്റൊരു ഫ്രാഞ്ചൈസിയിൽ പോയി തങ്ങളെ കുറ്റം പറഞ്ഞൊരുവൻ. അവനെ തങ്ങളുടെ പ്രിയപ്പെട്ടൊരാൾക്ക് പകരം ക്യാപ്റ്റനാക്കാനായി ടീമിലെത്തിക്കുന്നു എന്നത് വൈകാരികമായി ആരാധകരെ ചൊടിപ്പിച്ചു എന്നതാണ് ഈ കൂക്കുവിളികൾക്ക് പിന്നിൽ. എന്നാൽ, ഇവിടെ ഹാർദിക് ചെയ്ത തെറ്റെന്താണ്?

കണ്ടെത്തി, വളർത്തിവലുതാക്കിയ ടീമിലേക്ക് തിരികെവിളിച്ചപ്പോൾ, അതിപ്പോൾ പണം നോക്കിയാണെങ്കിലും തിരികെ പോയതോ? ഹാർദിക് സ്വയം വന്നതല്ല, മുംബൈ ടീം മാനേജ്മെൻ്റെ അയാളെ വിളിച്ചതാണ്. ക്യാപ്റ്റനായി എന്നതും അയാൾ ചെയ്ത തെറ്റല്ല. ക്യാപ്റ്റൻസി കൈമാറ്റം ഇങ്ങനെ ചളമാക്കിയത് മാനേജ്മെൻ്റ് ആണ്. ജഡേജയുടെ കാര്യത്തിൽ മോശമായെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സ് ഋതുരാ ഗെയ്ക്‌വാദിനു ക്യാപ്റ്റൻസി കൈമാറിയത് ആരാധക വികാരം കൂടി പരിഗണിച്ചാണ്. അതും രോഹിത് വെറുമൊരു ക്യാപ്റ്റനല്ല, മുംബൈക്കായി അഞ്ച് ഐപിഎൽ കിരീടം നേടിയ ക്യാപ്റ്റനാണ് രോഹിത്. ദേശീയ ടീം ക്യാപ്റ്റൻ, ഫാൻ ഫേവരിറ്റ്. അങ്ങനെ ഒരാളിൽ നിന്ന് ക്യാപ്റ്റൻസി മാറ്റി മറ്റൊരാൾക്ക് നൽകുന്നത് ഫ്രാഞ്ചൈസി എന്ന നിലയിൽ ന്യായീകരിക്കാവുന്നതാണ്. എന്നാൽ, ദേശീയ ടീമിനെ വരെ നയിച്ച ജസ്പ്രീത് ബുംറയും സീനിയർ പ്ലയർ സൂര്യകുമാർ യാദവുമൊക്കെ ഉള്ളപ്പോൾ ഹാർദികിനെ നൂലിൽ കെട്ടിയിറക്കിയതാണ് പ്രശ്നം. അത് ചെയ്തത് ഹാർദിക് അല്ല, മാനേജ്മെൻ്റാണ്.

ഗുജറാത്തിൽ നാലാം നമ്പറിൽ ഇന്നിംഗ്സ് ഹോൾഡ് ചെയ്ത് കളിച്ചിരുന്ന ഹാർദികിന് അതായിരുന്നു പറ്റിയ റോൾ. എന്നാൽ, പഴയ ഫിനിഷിംഗ് കഴിവുകളൊക്കെ നഷ്ടമായ ഹാർദികിനെ നാലാം നമ്പർ വരെ പാക്ക്ഡായ ഒരു ബാറ്റിംഗ് നിരയിലേക്ക് കുത്തിക്കയറ്റുമ്പോൾ അയാൾക്ക് ഫിനിഷറാവേണ്ടിവരുന്നു. അതും ഹാർദികിൻ്റെ തെറ്റല്ല, മാനേജ്മെൻ്റാണ് ഉത്തരവാദി.

ഇനി, ഹാർദിക് ഒരു നല്ല ക്യാപ്റ്റനാണോ? ഈ സീസണിൽ ഇതുവരെ അല്ല. ബുംറയെ അറ്റാക്കിംഗ് ബൗളിംഗിനായി ഉപയോഗിക്കാത്തതടക്കം അയാൾക്ക് ഫീൽഡിൽ പിഴയ്ക്കുന്നുണ്ട്. ഇതോടൊപ്പമാണ് മോശം വ്യക്തിഗത പ്രകടനങ്ങൾ. അതിനയാൾ വിമർശിക്കപ്പെടണം. പക്ഷേ, അതിലും മോശം ക്യാപ്റ്റന്മാർ പോലും കൂക്കിവിളിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ മോശം ക്യാപ്റ്റൻ എന്നതും മോശം പ്രകടനങ്ങൾ എന്നതുമല്ല അയാൾ കൂക്കിവിളിക്കപ്പെടാനുള്ള പ്രധാന കാരണം. ടീം മാനേജ്മെൻ്റ് എടുത്ത തീരുമാനങ്ങളിലാണ്. ഹാർദികിനു ലഭിക്കുന്ന കൂക്കുവിളികൾ മുംബൈ ഇന്ത്യൻസ് മാനേജ്മെൻ്റിനു ലഭിക്കേണ്ടതാണ്.

Story Highlights: mumbai indins hardik pandya booing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here