പിണറായി ഇടയ്ക്കെങ്കിലും മോദിക്കെതിരെ പറയണം; രാജ്യം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് ഇലക്ട്രൽ ബോണ്ട്: രാഹുൽ ഗാന്ധി

നരേന്ദ്ര മോദിയേയും പിണറായി വിജയനെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം. രാജ്യം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് ഇലക്ട്രൽ ബോണ്ടെന്നും മോദി കള്ളം പ്രചരിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പിണറായി ഇടയ്ക്കെങ്കിലും മോദിക്കെതിരെ പറയണമെന്നും മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്കുള്ള മറുപടിയാണ് അബ്ദുൾ റഹീമിനായുള്ള മലയാളികളുടെ ഒരുമിക്കലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സ്വന്തം മണ്ഡലമായ വയനാട്ടിലെ ആവേശകരമായ റോഡ് ഷോയ്ക്കും മറ്റ് പ്രചാരണ പരിപാടികൾക്കും ശേഷമാണ് രാഹുൽ ഗാന്ധി കോഴിക്കോട്ടെത്തിയത്. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കോഴിക്കോട് കടപ്പുറത്ത് നടന്ന പരിപാടി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റെ നേട്ടങ്ങളെ പുകഴ്ത്തിയ രാഹുൽ, സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനായി 34 കോടി രൂപ സമാഹരിച്ചത് മാതൃകയെന്നും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയെന്നും പറഞ്ഞു. സിഎഎ വിഷയത്തിൽ നിലപാടില്ലെന്ന് കുറ്റപ്പെടുത്തിയവർക്ക് പൗരത്വത്തിന് മതം മാനദണ്ഡമാകില്ലെന്ന മറുപടിയും രാഹുൽ നൽകി. അതേസമയം, മുസ്ലിം ലീഗിന്റെ രണ്ട് സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള കോഴിക്കോട്ടെ പ്രചാരണ പരിപാടിയിലും ലീഗിന്റെയും കോൺഗ്രസിൻ്റെയും കൊടികൾ ഒഴിവാക്കിയതും ചർച്ചയായി.
Story Highlights: rahul gandhi against pinarayi vijayan modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here